കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ ഈ വര്‍ഷത്തെ ഏഷ്യാ യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്‌ക്ക് ഇന്ത്യയില്‍ മൂന്നാം സ്ഥാനം. ബംഗളുരൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും തമിഴ് സര്‍വകലാശാലയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ മഹാത്മാഗാന്ധി സര്‍വകലാശാല നാലാം സ്ഥാനത്തായിരുന്നു.
ഏഷ്യന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളുടെ പട്ടികയില്‍ ചൈനയിലെ സിന്‍ഗുവ, പീകിംഗ് സര്‍വകലാശാലകള്‍ തുടര്‍ച്ചയായി അഞ്ചാം തവണയും യഥാക്രമം ഒന്നും രണ്ടും സ്്ഥാനങ്ങള്‍ നിലനിര്‍ത്തി. ഈ പട്ടികയില്‍ എം.ജി.സര്‍വകലാശാല 134ാം സ്ഥാനത്താണ്. എം.ജി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ സര്‍വകലാശാലകളാണ് ഏഷ്യന്‍ റാങ്കിംഗില്‍ ആദ്യ 150ല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ കേരളത്തില്‍ ഏക സര്‍വകലാശാലയും എം.ജിയാണ്. അദ്ധ്യാപനം, ഗവേഷണം, വിജ്ഞാന കൈമാറ്റം, രാജ്യാന്തര വീക്ഷണം തുടങ്ങി 18 സൂചകങ്ങള്‍ വിലയിരുത്തിയാണ് റാങ്കിംഗ് നിര്‍ണയിച്ചത്. വിവിധ രാജ്യങ്ങളില്‍ 739 സര്‍വകലാശാലകളാണ് ഈ വര്‍ഷത്തെ റാങ്ക് പട്ടികയിലുള്ളത്.
നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‌റെ നാലാം ഘട്ട റീ അക്രഡിറ്റേഷനില്‍ എ ഡബിള്‍ പ്ലസ് ഗ്രേഡ് ലഭിച്ചതിനു പിന്നാലെ ഏഷ്യന്‍ റാങ്കിംഗില്‍ രാജ്യത്ത് മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. പഠനം, ഗവേഷണം, സംരംഭകത്വ വികസനം, വിദേശ സര്‍വകലാശാലകളും വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണം തുടങ്ങിയ മേഖലകളില്‍ കാലോചിതമായി മൂന്നേറാന്‍ സര്‍വകലാശാലയ്‌ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: