തിരുവനന്തപുരം: ദേശീയപാത അതോറിറ്റിയുടെ കീഴില്‍ തെക്കന്‍ കേരളത്തില്‍ നിന്ന് മധ്യകേരളത്തിലേക്ക് അതിവേഗ റോഡിനുള്ള പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു. തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയാണ് അതിവേഗ പാത നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. അരുവിക്കരയില്‍ നിന്ന് ഹൈവേ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും വിഴിഞ്ഞം പദ്ധതി കൂടി കണക്കിലെടുത്ത് പുളിമാത്തില്‍ നിന്നും തുടങ്ങാനാണ് തീരുമാനം.
വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി ഈ ഹൈവേ ബന്ധിപ്പിക്കും. 257 കിലോമീറ്റര്‍ ആണ് ഹൈവേയുടെ ആകെ നീളം. എംസി റോഡ് വികസിപ്പിച്ച് ആറുവരി പാതയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ എംസി റോഡ് പട്ടണങ്ങളിലൂടെ കടന്നു പോകുന്നതിനാല്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിക്കേണ്ടതായി വരും. നഷ്ടപരിഹാര ചിലവും കൂടുതലാകും പ്രതിഷേധങ്ങള്‍ക്കും ഇടയാകും. അതിനാലാണ് എംസി റോഡിന് സമാന്തരമായി റോഡ് നിര്‍മിക്കാന്‍ രൂപ രേഖയില്‍ മാറ്റംവരുത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ വിഷന്‍ 2047 ന്റെ ഭാഗമായാണ് കേരളത്തിലും ഈ റോഡ് സ്ഥാനം പിടിക്കുന്നത്. കേരളത്തിലെ ആറ് ജില്ലകളിലെ 13 താലൂക്കുകളിലൂടെ കടന്നുപോകുന്ന റോഡ് 148 അടി വീതിയിലാണ് നിര്‍മിക്കുന്നത്. പുളിമാത്തില്‍ നിന്നും തുടങ്ങി പത്തനാപുരം, കാഞ്ഞിരപ്പള്ളി, തൊടുപുഴ, കോതമംഗലം, മലയാറ്റൂര്‍ എന്നിവിടങ്ങളിലൂടെ അങ്കമാലിയില്‍ റോഡ് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: