കോട്ടയം: സോഷ്യല്‍ മീഡിയയില്‍ വന്ന വിവാദ പരസ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂവാറ്റുപുഴ നിര്‍മ്മല കോളേജ് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. നിറക്കൂട്ട് എന്ന പഴയകാല സിനിമയിലെ പൂമാനമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും പ്രണയ ഭാവങ്ങള്‍ ചിത്രീകരിച്ച് നിര്‍മ്മല കോളേജിന്റെ അഡ്മിഷന് പരസ്യം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെക്കുറിച്ചാണ് അന്വേഷണം. ഈ പരസ്യം കോളേജ് അധികൃതരുടെ അറിവോടെയല്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. കോളേജിനു വേണ്ടി പരസ്യം തയ്യാറാക്കാന്‍ പരസ്യ ഏജന്‍സിയ ഏല്‍പ്പിച്ചിരുന്നു എന്ന് കോളേജ് മാനേജ്മെന്റ് സമ്മതിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാണുന്ന പരസ്യം ആദ്യമേ നിരസിച്ചിരുന്നു . മറ്റൊരു പരസ്യം സെലക്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ പരസ്യം അപ്ലോഡ് ചെയ്തപ്പോള്‍ ഏജന്‍സിക്ക് മാറിപ്പോയതാകാം എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ വി തോമസ് അറിയിച്ചു. ദുരുദ്ദേശ്യത്തോടെ ഈ പരസ്യ ചിത്രം ഷെയര്‍ ചെയ്യരുതെന്ന് മാനേജര്‍ ഫാ.പയസ് മലേക്കണ്ടത്തിലും അഭ്യര്‍ത്ഥിച്ചു.
കോളേജ് ലൈബ്രറിയുടെ പശ്്ചാത്തലത്തില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും കണ്ടുമുട്ടുന്നതും തുടര്‍ന്ന് അവര്‍ പ്രണയബദ്ധരാകുന്നതുമാണ് പരസ്യചിത്രത്തിന്റെ പ്രമേയം. അവസാനം കോളേജിലെ അഡ്മിഷനെക്കുറിച്ചു പറയുന്നുണ്ട്. ഈ കോളേജില്‍ വന്നാല്‍ ഇത്തരത്തില്‍ പ്രണയബദ്ധരാകാന്‍ കഴിയുമെന്ന തെറ്റായ സന്ദേശമാണ് പരസ്യചിത്രം പ്രേക്ഷകര്‍ക്കു നല്‍കുന്നത്. ഇതാണ് വിവാദമാകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: