മലപ്പുറം: അപകടശേഷം മുന്നോട്ട് പോയ കപ്പല്‍ തിരികെവന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ നാലും മരിച്ചേനെ… പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടം വിശദീകരിക്കുകയായിരുന്നു ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍. രക്ഷപ്പെട്ടശേഷം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ എ.കെ. മന്‍സൂര്‍, ഐയൂബ്, ബാദിഷ, മജീദ് എന്നിവര്‍ മാധ്യമങ്ങളോട് മനസുതുറന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചേറ്റുവയില്‍ നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ കപ്പല്‍ ഞങ്ങളുടെ ബോട്ടിന് സമീപത്തേക്ക് അതിവേഗം വന്നു. ബോട്ടിന്റെ അരികിലൂടെ കടന്നുപോകുമെന്നാണ് വിചാരിച്ചതെങ്കിലും എഞ്ചിന്‍ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞു. മൂന്ന് പേര്‍ കടലിലേക്ക് എടുത്തുചാടി. ബാദുഷ ഇടിയുടെ ആഘാത്തില്‍ കടലിലേക്ക് തെറിച്ചുവീണു. എന്നാല്‍ ബോട്ടിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ക്ക് പുറത്തേക്ക് ചാടാനായില്ല.
അപകടശേഷവും കപ്പല്‍ അതിവേഗം മുന്നോട്ട് പാഞ്ഞു. തങ്ങള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ബോട്ടിന്റെ മുന്‍വശത്ത് മീന്‍ സൂക്ഷിക്കാനുള്ള തെര്‍മോകോള്‍ പെട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ അവിടം വെള്ളത്തില്‍ പൊന്തി നിന്നു. ഞങ്ങള്‍ അവിടെ പിടിച്ചുനിന്നു. 200 മീറ്ററോളം അകലെ പോയ കപ്പല്‍ നിന്നതായി മനസിലായി. ഈ സമയം ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയായിരുന്നു. പിന്നീട് ബോട്ടിനടുത്തേക്ക് കപ്പല്‍ തിരിച്ചുവന്നു. ഏറെനേരം കപ്പല്‍ ജീവനക്കാര്‍ അപകടസ്ഥലത്ത് തിരച്ചില്‍ നടത്തി. ഒടുവില്‍ ഞങ്ങളെ കണ്ടെത്തുകയും കപ്പല്‍ ബോട്ടിനോട് അടുപ്പിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും വസ്ത്രവും കപ്പലില്‍ ഉണ്ടായിരുന്നവര്‍ തന്നു. കാണാതായ രണ്ട് പേരെ കുറിച്ച് പറഞ്ഞപ്പോള്‍ തുടര്‍ന്നും കപ്പല്‍ ജീവനക്കാര്‍ അവര്‍ക്കായി തെരച്ചില്‍ നടത്തി. ഇതിനോടകം മറ്റുള്ള ബോട്ടുകള്‍ക്ക് അപകടവിവരം സന്ദേശമായി കൈമാറി.
അപകടസമയം കടലിലെ കാലാവസ്ഥ സാധാരണഗതിയിലായിരുന്നു. എന്നാല്‍ രക്ഷപ്പെട്ട് കപ്പലില്‍ കയറിയതോടെ അതിശക്തമായ മഴയും കാറ്റും വന്നു. കടല്‍ ഇളകി. കപ്പല്‍ തിരിച്ചുവന്നിരുന്നില്ലെങ്കില്‍ ഞങ്ങള്‍ എല്ലാവരും മരിക്കുമായിരുന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: