പത്തനംതിട്ട: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ തുടങ്ങിയ മാലിന്യ മുക്തം-നവകേരളം പദ്ധതി അവതാളത്തില്‍. മാലിന്യ സംസ്‌കരണത്തിനു സമഗ്രപദ്ധതി തയാറാക്കുന്നതിനും അവ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനും 2023 ജൂലൈ 10നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് നിലവില്‍ വന്നിട്ട് 10 മാസം പിന്നിടുമ്പോഴും തുടര്‍നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഇതിനായി നിരവധി പ്രൊജക്ടുകള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട.് പല തദ്ദേശസ്ഥാപനങ്ങളിലും ഉത്തരവ് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്.
പദ്ധതി നടത്തിപ്പിന് വിവിധ ധനസ്രോതസുകളുടെ പട്ടികയും ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്. കേന്ദ്ര ധനകാര്യ കമ്മിഷന്‍ വിഹിതവും എംഎല്‍എമാരുടെയും എംപിമാരുടെയും ഫണ്ടും തനത് ഫണ്ടും ഉള്‍പ്പെടെ 19 ഓളം സ്രോതസുകള്‍ വഴി ആവശ്യമായ തുക കണ്ടെത്താനായിരുന്നു നിര്‍ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതിന് ആവശ്യമായ പ്രൊജക്ടുകള്‍ ചെയ്യണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.
മാലിന്യം ഉറവിടത്തില്‍ തരം തിരിക്കുക, ഗാര്‍ഹിക തലത്തില്‍ തരംതിരിച്ച് സൂക്ഷിക്കാന്‍ ഉപകരണങ്ങള്‍ നല്കുക, അജൈവ മാലിന്യങ്ങള്‍ 100% വാതില്‍പ്പടി ശേഖരിക്കുക, ഹരിത കര്‍മ്മ സേനയ്‌ക്ക് പരിശീലനം നല്കുക, അവര്‍ക്ക് പിപിഇകിറ്റും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്കുക, മാലിന്യനീക്കത്തിനു വാഹന സൗകര്യം ഒരുക്കുക, ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കുക, മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുക, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക തുടങ്ങി നിരവധി പ്രൊജക്ടുകളും അവയ്‌ക്ക് എങ്ങനെ കേന്ദ്ര ധനകാര്യ കമ്മിഷന്റെ ധനസഹായം ലഭ്യമാക്കാം എന്നത് സംബന്ധിച്ചും സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു.
എന്നാല്‍ കേരളത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ തൃപ്തികരമല്ലെന്നും ഉള്ളവ കാര്യക്ഷമമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലന്നും കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളില്‍ ആശുപത്രി മാലിന്യങ്ങള്‍ കുന്നു കൂടികിടക്കുകയാണ്.
മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. കേരളത്തിലെ ഖരമാലിന്യത്തിന്റെ 30 ശതമാനം മാത്രമാണ് സംഭരിക്കുന്നത്. ആശുപത്രി മാലിന്യം ശേഖരിക്കുന്നതും സംസ്‌കരിക്കുന്നതും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടല്ല. ഇതര മാലിന്യങ്ങളുടെ കൂടെയാണ് പലയിടത്തും ഇവ സംഭരിക്കുന്നത്.
ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും ആവശ്യമായ ഉപകരണങ്ങളുടെയും അഭാവം മാലിന്യ നീക്കത്തെ ബാധിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള മാലിന്യനീക്കം നിരീക്ഷിക്കാന്‍ കേരളവും തമിഴ്‌നാടും ചേര്‍ന്ന് രൂപീകരിച്ച ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനവും തൃപ്തികരമല്ല.
ഇവയെപ്പറ്റി വിശദാന്വേഷണം നടത്തി പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയാറാകണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ദേശീയ ഹരിത ട്രൈബ്യൂണലിന് കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപി സിബി) കൈമാറിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ഈ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: