Samskriti

മണാലിയിലെ ഹിഡുംബി ദേവി ക്ഷേത്രം

Published by

ഭാരതത്തിലെ ഹിമാചല്‍ പ്രദേശില്‍ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മണാലിയിലാണ് അപൂര്‍വത്തില്‍ അപൂര്‍വമായ ഹിഡുംബി ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹിഡുംബി ക്ഷേത്രം പ്രാദേശികമായി ദുംഗരി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ഈ പുരാതനവും വിശുദ്ധവുമായ സങ്കേതം പഗോഡയെന്നാണ് അറിയപ്പെടുന്നത്. മഹാഭാരത കഥയിലൂടെയാണ് ഹിഡുംബി ദേവിയുടെ ചരിത്രം വരച്ചുകാട്ടുന്നത്. ദേവി ഹിഡുംബി ധ്യാനം നടത്തിയിരുന്ന സ്ഥലമാണ് ഇപ്പോള്‍ ക്ഷേത്രമായി അറിയപ്പെടുന്നത്. ഇവിടെ ഹിഡുംബി അവളുടെ സഹോദരനായ ഹിഡുംബനൊപ്പം സാമസിച്ചിരുന്നിരിക്കണം. വളരെ ധീരനും പരാക്രമശാലിയുമായ തന്റെ സഹോദരന്‍ ഹിഡുംബനെ പരാജയപ്പെടുത്തുന്ന ഒരാളെ വിവാഹം കഴിക്കുമെന്ന് ഹിഡുംബി പ്രതിജ്ഞയെടുത്തിരുന്നു. പഞ്ചപാണ്ഡവര്‍ വനവാസ കാലത്ത് ഈ പ്രദേശത്ത് എത്തിയപ്പോള്‍ അഞ്ചു പാണ്ഡവരില്‍ പ്രധാനിയായ ഭീമന്‍ ഹിഡുംബനെ പരാജയപ്പെടുത്തി. അതിനുശേഷം ഹിഡുംബി ഭീമനെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഘടോല്‍കചന്‍ എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു എന്നാണ് ഇതിവൃത്തം, 1553 – ല്‍ മഹാരാജ ബഹദൂര്‍ സിംഗ് ആണ് ഹിഡുംബി ദേവി ക്ഷേത്രം നിര്‍മ്മിച്ചത്. പൈന്‍ മരത്താല്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധൂംഗ്രി വാന്‍ വിഹാര്‍ എന്നാണ് ഈ വനം അറിയപ്പെടുന്നത്.

മണാലിയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ആരാധനയില്‍ ഹിഡുംബി ദേവിയുടെ ആരാധനക്ക് കാര്യമായ സാംസ്‌കാരിക പ്രാധാന്യമുണ്ട്. ക്ഷേത്രത്തിനുള്ളില്‍ ഒരു കല്ലില്‍ കൊത്തിയ ദേവിയുടെ പാദമുദ്രയാണ് ഹിഡുംബി സങ്കല്പമായ് ആരാധിക്കപ്പെടുന്നത്. ഈ ക്ഷേത്രത്തില്‍നിന്ന് ഏകദേശം 70 മീറ്റര്‍ മാറിയാണ് ഹിഡുംബിയുടെ മകനായ ഘടോല്‍കചന്റെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്. കേരളത്തിലെ കാവ് പാരമ്പര്യം ഇവിടെ ദര്‍ശിക്കാനാകും. ഒരു മരച്ചുവട്ടില്‍ ഉരുളങ്കല്ല് ആകൃതിയിലുള്ള പ്രതിഷ്ഠയാണ് ഘടോല്‍കചന്റെത്. മരത്തിന് ചുറ്റും യാക്കിന്റെയും, മാനിന്റെയും ധാരാളം കൊമ്പുകള്‍ കാണുവാനാകും. നൂറാനയുടെ കരുത്തുള്ളവനായാണ് ഘടോല്‍കചനെ അവിടത്തെ നിവാസികള്‍ കരുതുന്നത്.അവരുടെ രക്ഷകനായ കാവല്‍ദൈവമായും ഘടോല്‍കചന്‍ അറിയപ്പെടുന്നു. ക്ഷേത്രത്തിലെ വാര്‍ഷികോത്സവം ധൂംഗ്രി മേള എന്നറിയപ്പെടുന്നു. മെയ് മാസത്തിലെ മൂന്ന് ദിവസങ്ങളിലായാണ് ആഘോഷിക്കപ്പെടുന്നത്. ഹിഡുംബി ദേവിയുടെ ജന്മദിനമാണ് ധൂംഗ്രി മേളയായ് അറിയപ്പെടുന്നത്.

ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം നാടോടി നൃത്തമായ കുളു നാട്ടി നൃത്തമാണ്. കലാകാരന്മാര്‍ അവരുടെ കൈകളില്‍ തട്ടിയും താളാത്മകമായ താളത്തിനൊത്ത് ആടിയും പാടിയും കാണികള്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കുന്നു. ഇതുപോലെ പൈതൃകമൂല്യവും കേള്‍ക്കുമ്പോള്‍ അത്ഭുതം ഉളവാക്കുന്നതുമായ ഒട്ടനവധി ക്ഷേത്രങ്ങളും, ശക്തി പീഠങ്ങളും ബുദ്ധ ജൈന ആലയങ്ങളും നമ്മുടെ ഈ ഭാരതത്തില്‍ സ്ഥിതിചെയ്യുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by