ദക്ഷിണാമൂര്‍ത്തിയും ഗുരുമൂര്‍ത്തിയുമായ പരമശിവന് ബ്രഹ്മാവിനെ പറഞ്ഞ് കേള്‍പ്പിക്കുന്ന രൂപത്തിലാണ് രാമഗീതയുടെ ആരംഭമെങ്കിലും ശ്രീരാമന് പരമഭക്തനായ ശ്രീ ഹനുമാന് പകര്‍ന്ന് നല്കുന്ന തത്ത്വജ്ഞാനോപദേശ രൂപത്തിലാണ് അതിന്റെ വര്‍ണ്ണന. അയോദ്ധ്യാമണ്ഡപാദി വര്‍ണ്ണന മാണ് തുടക്കം. വിശദവും വിശാലവും സര്‍വലക്ഷണങ്ങളും തികഞ്ഞതും ബ്രഹ്മലോകത്തെപ്പോലും വെല്ലുന്നതുമാണ് അയോദ്ധ്യാനഗരമെന്ന് രാമഗീത പറയുന്നു. സാക്ഷാല്‍ വൈകുണ്ഠ സമമായ അവിടെ, അഷ്ടാംഗയോഗവും ആത്മാനന്ദമാകുന്ന അമൃതബിന്ദുക്കളും നിറഞ്ഞ് നില്ക്കുന്നു. ലോകശില്പിയായ വിശ്വകര്മ്മാവിന് പോലും സങ്കല്പ്പിക്കാന് കഴിയാത്തതാണ് അയോദ്ധ്യാ രാജധാനിയിലെ മണ്ഡപത്തറ. ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ ത്രികാലങ്ങളില്‍ പതിനാല് ലോകങ്ങളില്‍ ഒരിടത്തും ഒരിക്കലും ഇതിന് സമാനമായ ഒരു രത്നമണ്ഡപം ഇല്ലതന്നെ. ആ രത്നമണ്ഡപത്തില്‍, വജ്രം, വൈഡൂര്യം, മുത്തുകള്‍ എന്നിവകൊണ്ട് അലങ്കരിച്ച് സൂര്യപ്രഭ ചൊരിയുന്നതാണ് രാജ സിംഹാസനം. വൈഡൂര്യശോഭയാര്ന്ന രാജസിംഹാസനത്തില്‍ സകലവേദങ്ങളിലും, വര്ണ്ണിതമായിട്ടുള്ള വികല്പരഹിതവും, നിഷ്കളങ്കവും, നിര്‍ഗ്ഗുണവും സച്ചിതാനന്ദപൂര്ണ്ണവും നിശ്ചലവുമായ പരബ്രഹ്മത്തില്‍ മനസ്സിനെ സ്ഥിതിനാക്കി സകല ഇന്ദ്രിയങ്ങളേയും ബാഹ്യവിഷയങ്ങളില്‍ നിന്ന് പിന്‍വലിച്ച് ആനന്ദസ്വരൂപത്തില്‍ ലയിച്ച് ഭഗവാന് പത്മാസനസ്ഥിതിയില് അമര്‍ന്നിരിക്കുന്നു. അല്പ നിമിഷത്തിന് ശേഷം ഭഗവാന് നിര്‍വ്വികല്‍പ്പ സമാധിയില്‍ നിന്ന് ഉണര്‍ന്നെണീറ്റു. ഈ സമയം ശാന്ത ചിത്തനായി പരിലസിക്കുന്ന ഭഗവാന്റെ അടുത്ത് ചെന്ന് പരമബുദ്ധിശാലിയായ വായുപുത്രന് ഹനുമാന് അദ്ദേഹത്തെ സാഷ്ടാംഗം പ്രണമിച്ച് അര്‍ഘ്യപാദാദികള്‍ കൊണ്ട് യഥേഷ്ടം പൂജിച്ച് സംപ്രീതനാക്കി അത്യാദര വോടെ മൃദുവചനങ്ങളാല്‍ തന്റെ ജിജ്ഞാസ ഉണര്‍ത്തിച്ചു.
സച്ചിദാനന്ത സ്വരൂപനും പരമാത്മാവുമായ രാമദേവ, ജീവി സമൂഹത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരമൂര്‍ത്തിയായ ഭഗവാനേ, തൃപ്പാദ പൂജകൊണ്ട് അങ്ങയുടെ ആത്മസ്വരൂപതത്ത്വത്തെ സാമാന്യമായി ഞാന്‍ അറിഞ്ഞിരിക്കുന്നു. എന്നാലും അതിനെകുറിച്ചുള്ള വിശേഷജ്ഞാനം ഒട്ടും തന്നെയില്ലാത്തതിനാല്‍ ഏറെ ദുഃഖിതനാണ്. പരമാത്മാവെന്ന് എല്ലാവരാലും വ്യവഹരിക്കപ്പെടുന്ന ശരീരവിഹീനവും ആകാശസമാനവും ജോതിസ്വരൂപവും ചര്മ്മചക്ഷുക്കള് കൊണ്ട് കാണാന്‍ കഴിയാത്തതും നിത്യശുദ്ധവും നിത്യബുദ്ധവും ശാശ്വതവും നിത്യമുക്തവും ആയ പരമാത്മസ്വരൂപത്തിന്റെ പൂര്‍ണ്ണ രൂപം, ആത്മലാഭത്തിനുള്ള ആഗ്രഹംകൊണ്ട് ഞാന്‍ അപേക്ഷിക്കുകയാണ്. അത് എന്നെപ്പറഞ്ഞു കേള്‍പ്പിക്കാന്‍ കനിവുണ്ടാകണം. ഇഹത്തില്‍ സുഖചിന്തയാര്ന്ന ബുദ്ധിയോടെ വ്യഹരിക്കുന്നതിനാല് ഞാന്‍ ഏറെ ദുഃഖിതനാണ്. രോഗത്തിന്റെ ആവാസകേന്ദ്രമായ ഈ ദേഹത്തില്‍ പിതൃമാതൃവീര്യസംയോഗം, ഗര്‍ഭസ്ഥിതി, ജനനം, വളര്‍ച്ച, വാര്‍ദ്ധക്യം, മരണം എന്നീ ഷഡ്ഭാവങ്ങള്‍ നിലനില്ക്കുന്നു. ഈ ദുഃഖസാഗരത്തില്‍ നിന്ന് മുക്തി നേടാന്‍ എന്താണ് മാര്‍ഗം എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു. അല്ലയോ ദയാസിന്ധോ സംസാരസാഗരത്തിന്റെ മറുകരയെത്താനുള്ള ഉപായം പറഞ്ഞു തന്നാലും.
ഇപ്രകാരം ഭക്തഹനുമാന്റെ അപേക്ഷ കേട്ടപ്പോള്‍ ഉദയസൂര്യന്റെ ശോഭയോടെ പുഞ്ചിരിച്ചുകൊണ്ട് ശ്രീരാമചന്ദ്രപ്രഭു ഇപ്രകാരം അരുളിചെയ്തു:” വായുപുത്രാ ലോകമംഗളത്തിന് ഉതകുന്നതും സംസാരസാഗരമാകുന്ന ഇഹത്തില്‍ നിന്ന് മുക്തി നേടാനുള്ള മാര്‍ഗ്ഗവുമാണ് അങ്ങ് ഇപ്പോള്‍ എന്നോട് ചോദിച്ചത്. തീര്‍ച്ചയായും അത് മനസ്സിലാക്കാനും പഠിക്കാനും അങ്ങയോളം യോഗ്യനായ ഒരാള്‍ ഇല്ല തന്നെ. വേദസാരം ഏറെക്കുറെ അറിയാന്‍ എന്റെ സാമിപ്യം കൊണ്ട് അങ്ങേക്കു കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ബ്രഹ്മവിദ്യ അഭ്യസിക്കേണ്ടവിധം ഞാന്‍ സവിസ്താരം പറഞ്ഞു തരാം” എന്നറിയിച്ച് ഹനുമാനെ തന്റെ തൃക്കൈകളാല്‍ തഴുകിത്തലോടി ചേര്‍ത്ത് നിര്‍ത്തി ജ്ഞാനതത്ത്വസാരം ഉപദേശിക്കാന്‍ ആരംഭിച്ചു.
വായുപുത്രാ, ലൗകികതയില്‍ നിന്നും മോചനം നേടാന്‍ ആഗ്രഹിക്കുന്ന അങ്ങ് അത് നേടാനും, എന്റെ യഥാര്‍ത്ഥ രൂപം അറിയുന്നതിനും ആത്മജ്ഞാനമാകുന്ന വേദാന്തവാക്യങ്ങളുടെ അദ്ധ്യയനം തുടങ്ങുക. ലൗകിക പ്രേരണകള്‍ക്ക് അതീതവും പാപാദി ദോഷങ്ങളില്‍ നിന്ന് മുക്തമായതും അചലം, പൂര്‍ണ്ണം, അദ്വിതീയം എന്നീ അവസ്ഥകള്‍ ചേര്‍ന്നതുമാണ് എന്റെ സ്വരൂപം. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിവയ്ക്കും അപ്പുറമാണ് അതിന്റെ സ്ഥിതി എന്നറിയുക. കേവലം ജ്ഞാനമയം, അത്യന്ത സൂഷ്മം, ഗുണരഹിതം എന്നിങ്ങനെ വ്യവഹരിക്കുന്ന അരൂപം സാക്ഷാല്ബ്രഹ്മം തന്നെയാണ്. അത് തന്നെയാണ് എന്റെ യഥാര്‍ത്ഥ അത്ഭുതസ്വരൂപവും. വേദാന്തങ്ങളില്‍ പ്രതിപാദ്യമാണ് ആ രൂപം. വേദാന്തം കൊണ്ട് അല്ലാതെ മറ്റു വചനങ്ങള്‍ കൊണ്ട് അതിന്റെ യഥാര്‍ത്ഥജ്ഞാനം ഒരിക്കലും കിട്ടുകയില്ല എന്ന സത്യം മനസ്സിലാക്കുക. ബ്രഹ്മസംബന്ധിയായ എല്ലാ രഹസ്യങ്ങളും ദേവീസ്വരൂപമായ ഉപനിഷത്തുക്കളില്‍ അടങ്ങിയിട്ടുണ്ട്. സംസാരിക ദുഃഖങ്ങളില്‍ തപ്തനായ അങ്ങ് ഉപനിഷത്തുക്കളാ കുന്ന ദേവിയുടെ ആശ്രയം സ്വീകരിച്ചാലും. എന്റെ അന്തര്‍ഭാഗത്ത് സ്വഛന്ദം പരിലസിക്കുന്ന ദേവിയുടെ രൂപമാണ് ഉപനിഷത്തുക്കള്‍. എല്ലാ ആത്മജ്ഞാനതത്വങ്ങളുടെയും ഉറവിടമാണ് അത്.
അപ്പോള്‍ ഹനുമാന് ഭഗവാനോട് ഇപ്രകാരം പറഞ്ഞു:
ഭഗവാനെ തിരുവുള്ളക്കേട് ഉണ്ടാകരുത്. വേദങ്ങള്‍ എന്ന് അറിയപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ എന്താണ്? അത് ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ ഏതെല്ലാമാണ്? പ്രഭോ ഈ വേദങ്ങള്‍ എത്രവിധമാണ്, ഇവയുടെ ഉപാസനകൊണ്ട് ജന്മാന്തരങ്ങളിലെ ദുരിതമകറ്റി മോക്ഷപ്രാപ്തിയിലേക്ക് ഉയരും എന്ന് അങ്ങ് അരുളി ച്ചെയ്തു. അതിനെക്കുറിച്ച് വിശദമായി പറയുവാന്‍ കനിവുണ്ടാകണം. ഭഗവാനെ സംസാരമാകുന്ന കിണറ്റില്‍ ഒരിക്കല്‍ക്കൂടി പതിക്കാതെ വൈകല്യമുക്തിക്ക് എന്താണ് ചെയ്യേണ്ടതെന്നു കൂടി പറഞ്ഞുതന്നാലും.
അപ്പോള്‍ സ്വസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന് തുടര്‍ന്നു:
അല്ലയോ വായുപുത്രാ, ശത്രുസംഹാരകനേ… പരംപൊരുളായ വിഷ്ണു എന്ന് വിവക്ഷിക്കുന്ന എന്നില്‍ അന്തര്‍ലീനമായിരിക്കുന്ന നിശ്വതികളുടെ രൂപത്തിലാണ് വേദങ്ങളുടെ ഉത്പ്പത്തി. ആളിക്കത്തുന്ന ദീപപ്രഭപോല് ഈ വേദങ്ങളില്‍ വേദാന്തതത്ത്വങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ വിരാജിക്കുന്നു. ഋഗ്വേദത്തില്‍ നിന്ന് തുടങ്ങുന്ന വേദങ്ങള്‍ നാലുവിധമാണെന്നറിഞ്ഞാലും ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. കൂടാതെ ഋഗ്വേദത്തിന്, ഇരുപത്തിയൊന്ന് ശാഖകളും, യജുര്‍വേദത്തിന് നൂറ്റിയന്പതും, സാമവേദത്തിന് ഒരായിരം ശാഖകളും അഥര്‍വവേദത്തിന് അന്‍പത് ശാഖകളും ഉണ്ട്. ഈ പറയുന്ന ഓരോ ശാഖയേയും ഓരോരോ ഉപനിഷത്തുക്കള്‍ എന്നാണ് വ്യവഹരിച്ചു പോരുന്നത്. ഇവയിലേതെങ്കിലും ഒന്നില്‍ അടങ്ങിയിരിക്കുന്ന ഒരു മന്ത്രമെങ്കിലും സ്വായത്തമാക്കി എന്നെ ഉപാസിച്ചാല്‍ മനുഷ്യജന്മങ്ങള്ക്ക് ഏറെ ദുര്‍ലഭമായ സായുജ്യം എന്ന സദ്ഗതി പ്രാപിക്കാന്‍ കഴിയും. യഥാക്രമം സാമീപ്യം, സാരൂപ്യം, സാലോക്യം, സായുജ്യം, കൈവല്യം എന്നിങ്ങനെയാണ് മോക്ഷപ്രാപ്തി. ഇതില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നത് കൈവല്യമാണ്. രണ്ടാമതാണ് സായുജ്യം.
ആജ്ഞനേയാ, അതിനായി വേദശാഖകളിലെ സംഹിത, ബ്രാഹ്മണം, ഉപനിഷത്ത് എന്നിവയില്‍ ആദ്ധ്യാത്മതത്ത്വ പ്രതിപാദത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഉപനിഷത്തുക്കളെക്കുറിച്ച് ഞാന്‍ പറയാം. ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം തുടങ്ങി 108 ഉപനിഷത്തുക്കളെക്കുറിച്ച് ഭഗവാന് പിന്നീട് ഹനുമാനു പറഞ്ഞ് കൊടുക്കുന്നു. ഇവയുടെ ഉപാസനയിലൂടെ അസംഭാവന, സംശയഭാവന, വിപരീതഭാവന എന്നീ ത്രിദോഷങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. ഇതില്‍ മാണ്ഡൂക്യോപനിഷത്തിന്റെ പഠനം കൊണ്ട് മാത്രം കൈവല്യമുക്തിയെ പ്രാപിക്കാമെന്നും ഭഗവാന് വ്യക്തമാക്കുന്നു. അത്രക്ക് ശ്രേഷ്ഠമാണ് മാണ്ഡൂക്യോപനിഷത്ത്.
ഈ പറഞ്ഞ ഉപനിഷത്തുക്കളുടെ അദ്ധ്യായനം കൊണ്ട് ഭഗവദ്ജ്ഞാനം നേടി ബ്രഹ്മലോകത്തേക്കാള്‍ ശ്രേഷ്ഠമായ വൈകുണ്ഠത്തില്‍ എത്തി എന്നോട് ചേര്‍ന്ന് മുക്തനായിത്തീരാം. അതുകൊണ്ട് വായുപുത്ര അങ്ങയുടെ മരണഭയം ഒഴിഞ്ഞ് ജീവല്‍മുക്തി നേടാന്‍ ഉപനിഷത്തുക്കളില്‍ അഭയം തേടുക. ഇഹത്തില്‍ ദൃശ്യമാകുന്ന പ്രാരാബ്ധ ദുഃഖങ്ങളില്‍ നിന്നു രക്ഷനേടാന്‍ വിദേഹമുക്തിയിലൂടെ സാദ്ധ്യമാകുന്നതാണ്. ആയതിന് 108 ഉപനിഷത്തുക്കളുടെ പാരായണം മാത്രം മതിയാകും. ഇവയിലെ തത്ത്വങ്ങള്‍ അറിഞ്ഞു കൊണ്ടോ, അറിയാതെയോ ശ്രവിക്കുന്നവര്ക്കുപോലും സംസാരബന്ധത്തില്‍ നിന്ന് മോചനം നേടാനാകുമെന്ന് അറിഞ്ഞാലും. ഇപ്രകാരം രാമഗീതയുടെ ഒന്നും രണ്ടും അദ്ധ്യായങ്ങളിലൂടെ വേദ, ഉപനിഷത്തുക്കളുടെ മാഹാത്മ്യത്തെക്കുറിച്ച് ഭഗവാന് പവനപുത്രനെ ഭഗവാന് ബോധവല്‍ക്കരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: