മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ ആര്‍സി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരം 35000 രൂപ പിഴയും ചുമത്തി.
കുട്ടിയുടെ രക്ഷിതാവിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചത്. വാഹനത്തിന്റെ ആര്‍സി ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടിക്ക് പുറമേ വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപ പിഴയും വാഹനം നല്കിയ ആള്‍ക്കാര്‍ക്ക് 25000 രൂപ പിഴയും മോട്ടോര്‍ വാഹന വകുപ്പ് ചുമത്തി. പ്രോസിക്യൂഷന് നടപടികള്‍ക്ക് കൈമാറുന്ന കേസില്‍ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടിവരും.
മഞ്ചേരി കിടങ്ങഴി പുല്ലൂര്‍ സ്വദേശി 12 വയസുകാരനാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ പിതാവ് രണ്ടുമാസം മുമ്പ് തൃശൂര്‍ സ്വദേശിയില്‍ നിന്ന് വാഹനം വാങ്ങിയെങ്കിലും ഉടമസ്ഥത മാറ്റിയിട്ടില്ല. അതിനാല്‍ തന്നെ വാഹനം ഇപ്പോള്‍ തൃശൂര്‍ സ്വദേശിയുടേതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് മുതിര്‍ന്നയാളെ പുറകിലിരുത്തി കുട്ടി വണ്ടിയോടിച്ച ദൃശ്യങ്ങള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: