തിരുവനന്തപുരം: മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. അതിനാല്‍ ഒരുവര്‍ഷം നഷ്ടപ്പെടില്ല. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകരെയും പിടിയിലായ വിദ്യാര്‍ത്ഥികളെയും വിളിച്ചുവരുത്തി നടത്തിയ ഹിയറിങ്ങിന് ശേഷമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചതും വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കിയതും. സ്‌ക്വാഡിന്റെ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകരും ശിക്ഷാ നടപടി നേരിടേണ്ടി വരും.
അതേസമയം കോപ്പിയടിക്ക് പിടിയിലായ വിദ്യാര്‍ത്ഥികളെ തിരുവനന്തപുരത്തെ ഹയര്‍സെക്കന്‍ഡറി ആസ്ഥാനത്ത് വിളിച്ചുവരുത്തി നടത്തിയ ഹിയറിങ്ങിനെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തി. ജില്ലാ ആസ്ഥാനങ്ങളില്‍ ഹിയറിങ്ങ് നടത്താതെ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മാനസികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത് . ഭരണപക്ഷ അധ്യാപക സംഘടനകളിലുളളവരെ ശിക്ഷാ നടപടിയില്‍ നിന്ന് ഒഴിവാക്കുന്ന ഏകപക്ഷീയ നിലപാടാണ് പരീക്ഷാവിഭാഗം സെക്രട്ടറി സ്വീകരിച്ചതെന്നും സംഘടനകള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: