Kerala

ബെല്ലടിക്ക് മുമ്പേ വിപണിയില്‍ ആവേശം; വിലക്കയറ്റം പ്രതികൂലമായി ബാധിക്കില്ലെന്ന് കച്ചവടക്കാർ, ഓണ്‍ലൈന്‍ വില്‍പ്പനയും തകൃതി

Published by

തൃശൂര്‍: പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ആഴ്ചകള്‍ അവശേഷിക്കേ കുട്ടികളെ കൈയിലെടുക്കാന്‍ ഒരുങ്ങി സ്‌കൂള്‍ വിപണി. മെയ് പകുതിയോടെ തിരക്കേറുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, ബോക്‌സും വാട്ടര്‍ബോട്ടിലും പേനയും പെന്‍സിലും അടങ്ങുന്ന നീണ്ടനിര തന്നെ ഇത്തവണയും വിപണിയിലുണ്ട്. അതേസമയം പേന മുതല്‍ ബാഗ് വരെ എല്ലാ വസ്തുക്കള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില വര്‍ദ്ധിച്ചു.

വിലക്കയറ്റം പ്രതികൂലമായി ബാധിക്കില്ലെന്ന വിശ്വാസത്തിലാണ് കച്ചവടക്കാര്‍. സ്‌കൂള്‍ വിപണിയില്‍ ഇപ്പോള്‍ത്തന്നെ വലിയ തിരക്കുണ്ട്. ബാഗുകള്‍ക്ക് 600 രൂപ മുതലാണ് വില. ബ്രാന്റഡ് ബാഗുകള്‍ക്ക് വിലയേറും. മുന്തിയ ഇനം ബാഗുകളുടെ വില രണ്ടായിരത്തിന് മുകളിലാണ്. ബാഗുകളില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ തന്നെയാണ് ഇത്തവണയും താരം. കൂടാതെ കൊറിയന്‍ സംഗീത ട്രൂപ്പായ ബി.ടി.എസിന്റെ ചിത്രങ്ങള്‍ പതിച്ച ബാഗുകള്‍ക്കും ആവശ്യക്കാരുണ്ട്. പ്ലെയിന്‍, പ്രിന്‍ഡ് ബാഗുകളും വിപണിയില്‍ സജീവമാണ്. അനിമേഷന്‍ ചിത്രമുള്ള ത്രീഡി ബാഗുകള്‍ക്ക് 850 രൂപക്ക് മുകളിലാണ് വില. ബാഗ്, കിറ്റ്, പൗച്ച് എന്നിവ അടങ്ങുന്ന കോമ്പോകളും വിവിധ ബാഗ് കമ്പനികള്‍ നല്‍കുന്നുണ്ട്.

ബാഗ് കഴിഞ്ഞാല്‍ നോട്ട്ബുക്കുകളാണ് കൂടുതല്‍ വിറ്റുപോകുന്നത്. ഏഴ് ബുക്കുകളടങ്ങിയ പാക്കറ്റിന് വില 400 മുതല്‍ തുടങ്ങും. 50 രൂപ മുതലുള്ള ബുക്കുകളുമുണ്ട്. വാട്ടര്‍ബോട്ടിലുകള്‍ക്ക് വില 100 രൂപ മുതലാണ്. മുംബൈയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് സാധനങ്ങള്‍ കൂടുതലായും കടകളിലെത്തുന്നത്. അതേ സമയം കടുത്ത വേനല്‍ ചൂട് സ്‌കൂള്‍ വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് കച്ചവക്കാര്‍ പറഞ്ഞു. സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരുടെ കുറഞ്ഞിട്ടുണ്ട്. പകല്‍ സമയങ്ങളിലെ കച്ചവടത്തെയാണ് ചൂട് ബാധിച്ചിരിക്കുന്നത്.

പൊതുവിപണിയോടൊപ്പം ഓണ്‍ലൈനിലും കച്ചവടം തകൃതിയാണ്. ആളുകള്‍ കൂടുതലായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് ചെറുകിട കച്ചവടക്കാര്‍ക്ക് ഭീഷണിയാണെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ത്യന്‍ നിര്‍മിതിക്ക് പുറമെ ചൈനീസ് ബാഗുകളും വിപണിയില്‍ സുലഭമാണ്. വിലക്കയറ്റവും ചൂടും പ്രതിസന്ധി തീര്‍ക്കുബോഴും പുത്തനുടുപ്പും ഫാന്‍സി ബാഗും കളര്‍ഫുള്‍ കുടകളുമൊക്കെ കരുതിവച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വ്യാപാരികള്‍ .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by