ന്യൂദൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികകയിൽ പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യുജിസി. സുതാര്യത സംരക്ഷിക്കാനാണ് യുജിസി നിബന്ധനകൾ ഏർപ്പെടുത്തിയത്. ഇതനുസരിച്ച് സർവ്വകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ ആണ് പാലിക്കേണ്ടത്. ഗവേഷണ സമയത്തെ ടീച്ചിംഗ് എക്സ്പീരിയൻസായി കണക്കാക്കണമെന്ന വാദം അസംബന്ധമാണ്. ഗവേഷണവും ടീച്ചിങും രണ്ടാണെന്നും യുജിസി വ്യക്തമാക്കി.
സംസ്ഥാന നിയമങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും സർക്കാരിന് കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ കഴിയില്ലെന്നും യുജിസി വ്യക്തമാക്കി. കേരള സർക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് യുജിസി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യുജിസിയുടെ എഡ്യൂക്കേഷണൽ ഓഫീസർ സുപ്രിയ ദഹിയ ആണ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തത്. സംസ്ഥാന സർക്കാരിന് പുറമെ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ, രജിസ്ട്രാർ, സെലക്ഷൻ കമ്മിറ്റി എന്നിവർക്കും യുജിസി സുപ്രീം കോടതിയിൽ മറുപടി ഫയൽ ചെയ്തു.
സർക്കാരും വൈസ് ചാൻസലറും സർവ്വകലാശാലയും പ്രിയയുടെ നിയമനം പിന്തുണച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. അതേസമയം അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയ വര്‍ഗീസ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സെലക്ഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കരുത്. യുജിസി ചട്ടലംഘനം ചൂണ്ടിക്കാട്ടി നിയമനം റദ്ദാക്കാനാകില്ല.
യോഗ്യതയുടെ അടിസ്ഥാനത്തിലാണ് തന്റെ നിയമനമെന്നും പ്രിയ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമാണ് പ്രിയാ വര്‍ഗീസ് സത്യവാങ്മൂലത്തില്‍ പറയുന്നത്. അഭിഭാഷകരായ ബിജു പി. രാമന്‍, കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ എന്നിവരാണ് പ്രിയ വർഗീസിനായി സത്യവാങ്മൂലം ഫയല്‍ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: