വാഴ്സോ: കഴിഞ്ഞ ദിവസം അതിവേഗ കരുനീക്കങ്ങളുടെ രാജാവായ മാഗ്നസ് കാള്‍സനെ തോല്പിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നെങ്കിലും സൂപ്പര്‍ബെറ്റ് റാപിഡ് ആന്റ് ബ്ലിറ്റ് സ് ചെസില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദയ്ക്ക് നാലാം സ്ഥാനം മാത്രം. 11ാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്ക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയ മാഗ്നസ് കാള്സന് ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ചൈനയുടെ വെയ് യിയേക്കാള് രണ്ടര പോയിന്റിന് വരെ പിന്നിലായിരുന്നു. പക്ഷെ മനസ്സാന്നിധ്യം വീണ്ടെടുത്ത് കളിച്ച മാഗ്നസ് കാള്സന് തുടര്‍ന്നുള്ള എല്ലാ ഗെയിമുകളിലും ജയിച്ചുകയറി. അതോടെ 18 റൗണ്ടുകളില്‍ നിന്നും 26 പോയിന്റായി, അദ്ദേഹം കിരീടവും നേടി. പക്ഷെ ഈ ടൂര്‍ണ്ണമെന്റില്‍ മാഗ്നസ് കാള്സന് ഏറ്റുവാങ്ങിയ ഏക തോല്‍വി പ്രജ്ഞാനന്ദയില്‍ നിന്നു മാത്രമാണ്.
അതുവരെ മുന്നില്‍ നിന്നിരുന്ന ചൈനയുടെ വെയ് യി ആകെ 25.5 പോയിന്റോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കാള്‍സനെപ്പോലെ അവസാനകളികളില് തുടര്‍ച്ചയായി ജയം നേടി പോളണ്ടിലെ ഗ്രാന്റ് മാസ്റ്റര്‍ ജാന്‍ ക്രിസ്റ്റഫ് ഡുഡ 19.5 പോയിന്റോടെ മൂന്നാം സ്ഥാനത്തായി. 8ാം റൗണ്ട് മുതല്‍ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന പ്രജ്ഞാനന്ദ പക്ഷെ അവസാന റൗണ്ടുകളിലെ തോല്‍വി കാരണം 19 പോയിന്റുകളോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യയുടെ അര്ജുന് എരിഗെയ്സി 18 പോയിന്റോടെ അഞ്ചാം സ്ഥാനത്തായി. ഈയിടെ കാനഡയില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യനായ ഇന്ത്യയുടെ ഡി.ഗുകേഷ് ആകെ പത്ത് ഗ്രാന്റ് മാസ്റ്റര്‍മാര്‍ മാറ്റുരയ്ക്കുന്ന റാപിഡ് ആന്റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്റില്‍ 12.5 പോയിന്റോടെ പത്താമനായി.
മറ്റ് ഗ്രാന്റ് മാസ്റ്റര്‍മാരായ ഉസ് ബെക്കിസ്ഥാനിലെ നോഡിര്‍ബെക് അബ്ദുസത്തറൊവ് (ആറാം സ്ഥാനം), ഉക്രെയ്നിലെ കിറില്‍ ഷെവ് ചെങ്കോ(ഏഴാം സ്ഥാനം), ഡച്ച് ഗ്രാന്‍ഡ് മാസ്റ്റര്‍ അനീഷ് ഗിരി (എട്ടാം സ്ഥാനം), ജര്‍മ്മന്‍ താരം വിന്‍സെന്റ് കെയ്മര്‍ (ഒമ്പതാം സ്താനം) നേടി.
ഗ്രാന്റ് ചെസ് ടൂര്‍ 2024
ഗ്രാന്‍ ചെസ് ടൂര്‍ 2024 എന്നത് അഞ്ച് ചെസ് ടൂര്‍ണ്ണമെന്റ് പരമ്പരയാണ്. അതില്‍ ഒന്നാണ് ഇപ്പോള്‍ പോളണ്ടില്‍ നടന്ന സൂപ്പര്‍ബെറ്റ് റാപിഡ് ആന്റ് ബ്ലിറ്റ്സ് 2024 ടൂര്‍ണ്ണമെന്റ്. ഈ അഞ്ച് ടൂര്‍ണ്ണമെന്റില്‍ മൂന്നെണ്ണം റാപിഡ് ആന്റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്റുകളും രണ്ടെണ്ണം ക്ലാസിക് ടൂര്‍ണ്ണമെന്റുകളും ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: