ചാലക്കുടി (തൃശ്ശൂര്‍): കെഎസ്ആര്‍ടിസി അധികൃതരുടെ അനാസ്ഥ കാരണം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 35 യാത്രക്കാര്‍ മണിക്കൂറുകള്‍ വനത്തില്‍ കുടുങ്ങി. ചാലക്കുടിയില്‍ രാത്രി ഒമ്പതിന് എത്തേണ്ട ബസ് അഞ്ച് മണിക്കൂര്‍ വൈകി ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് എത്തിയത്. ശനിയാഴ്ച മലക്കപ്പാറയിലേക്ക് പോയ ബസ് വൈകിട്ട് 5.10ന് അവിടെ നിന്ന് വരുമ്പോള്‍ തകരാറിലാവുകയായിരുന്നു. പത്തടിപ്പാലത്തിന് സമീപമെത്തി ആറോടെയാണ് തകരാറിലായത്.
സിറ്റിയറിങ് തിരിയാതെ വന്നതോടെ ബസ് വഴിയില്‍ കുടുങ്ങി. നാല് വയസുള്ള കുട്ടികള്‍ മുതല്‍ പ്രായമായവരടക്കം 35 യാത്രക്കാര്‍ വനമധ്യത്തില്‍ അകപ്പെട്ടു. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശമാണിത്. യാത്രകാര്‍ക്ക് വെള്ളം പോലും കുടിക്കാന്‍ കഴിയാതെ നാല് മണിക്കൂര്‍ നേരം ബസില്‍ത്തന്നെ കഴിയേണ്ടി വന്നു. പകരം ബസ് അയയ്ക്കാന്‍ ചാലക്കുടി കെഎസ്ആര്‍ടി ഡിപ്പോ ആധികൃതരോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് യാത്രക്കാരുടെ പരാതി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒന്‍പതു മണിക്കാണ് സംഭവ സ്ഥലത്തെത്തിയത്.
മലക്കപ്പാറയിലേക്ക് പോയ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ അവിടെ തങ്ങി പിറ്റേ ദിവസമാണ് തിരിച്ചത്. അതില്‍ നിന്ന് ഒരു വണ്ടി ഇവിടെ എത്തിച്ച് യാത്രക്കാരെ ചാലക്കുടിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ തയാറായില്ല. ചാലക്കുടിയില്‍ നിന്ന് പോയ മറ്റൊരു ബസ് രാത്രി പത്തോടെയാണ് മലക്കപ്പാറയില്‍ എത്തിയത്. അവിടെ നിന്ന് വനമധ്യത്തില്‍ കുടുങ്ങിയ യാത്രക്കാരെ കയറ്റി ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ചാലക്കുടിയിലെത്തി. യാത്രക്കാര്‍ വെള്ളം പോലും കുടിക്കാന്‍ ഇല്ലാതെ മണിക്കൂറുകളാണ് കൊടും കാട്ടില്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: