തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ അധ്യാപക സമൂഹത്തെ വിശ്വാസത്തില്‍ എടുത്ത് വേണമെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. എന്‍ടിയു ജില്ലാ സമിതി അധ്യാപക ഭവനില്‍ സംഘടിപ്പിച്ച സ്ഥാപക ദിനാഘോഷവും കാര്യകര്‍തൃ ശിബിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരീക്ഷാ മൂല്യനിര്‍ണയം, സ്കൂളുകളുടെ ഏകീകരണം, പാഠ്യപദ്ധതി എന്നിവയിലൊക്കെ വലിയ പരിഷ്കാരമാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഈ കാര്യങ്ങളിലൊക്കെ അധ്യാപക സമൂഹത്തിന് വലിയ ആശങ്കകളുണ്ട്. അത്തരം ആശങ്കകള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. പരിഷ്കരിച്ച പാഠ്യപദ്ധതി നടപ്പാക്കുമ്പോള്‍ അധ്യാപക തസ്തികകള്‍ ഉറപ്പുവരുത്തണം.
സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പി.എസ്. ഗോപകുമാര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.സി. അഖിലേഷ് അധ്യക്ഷനായിരുന്നു. എന്‍ടിയു സംസ്ഥാന സെക്രട്ടറി എ. അരുണ്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എസ്. ശ്യാംലാല്‍, സംസ്ഥാന സമിതിയംഗം സിനി കൃഷ്ണപുരി, പ്രിനില്‍ കുമാര്‍ എസ്. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: