മാറനല്ലൂര്‍: കാട്ടാക്കട മുതിയാവിളയില്‍ വാടകവീടിന് സമീപം മായാ മുരളി എന്ന 37 കാരിയെ മരിച്ച കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ സുഹൃത്ത് രഞ്ജിത്ത് ഇപ്പോഴും ഒളിവില്‍. ഇയാള്‍ ജില്ല വിട്ടുപോയിട്ടില്ല എന്നാണ് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രഞ്ജിത്തിന്റെ സുഹൃത്തിനെ പോലീസ് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം ഇയാള്‍ വീട്ടിലുണ്ടായിരുന്നു.
രാത്രി ഒന്നര മണിയോടെ ബഹളം കേട്ട് അടുത്ത മുറിയില്‍ ഉണ്ടായിരുന്ന ഇയാള്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ മായ പുറത്തേക്ക് ഓടുകയും പിന്നാലെ രഞ്ജിത്ത് ഓടുകയും ചെയ്തു. ഉടന്‍ തിരികെ എത്തിയ രഞ്ജിത്ത് താന്‍ മായയെ കൊന്നു എന്ന് പറയുകയും ശേഷം രഞ്ജിത്ത് പ്രകോപിതനായി തന്റെ നേരെ തിരിഞ്ഞെന്നും ഇതോടെ ഗത്യന്തരമില്ലാതെ താന്‍ പുറത്തേക്ക് ഇറങ്ങി ഓടിയെന്നും ജങ്ഷന് വരെ രഞ്ജിത്ത് പിന്തുടര്‍ന്നുവെന്നും പോലീസിന് മൊഴി നല്കി. രഞ്ജിത്തിന്റെ മറ്റു സുഹൃത്തുക്കള്‍, ഇയാള്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ ഒക്കെ ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് രഞ്ജിത്തിന്റെ ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍, രഞ്ജിത്ത് ബന്ധപ്പെട്ടവര്‍ തുടങ്ങി എല്ലാ മേഖലകളും ലഭ്യമാകുന്ന സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസമാണ് പേരൂര്‍ക്കട സ്വദേശിനിയായ മായാ മുരളിയെ കാട്ടാക്കട മുതിയാവിളയില്‍ മായയും രഞ്ജിത്തും രണ്ടു മാസം മുമ്പ് വാടകയ്ക്ക് എടുത്ത വീടിന് സമീപത്തു റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് അപകടത്തില്‍ മരിക്കുകയും ശേഷം ഒരു വര്‍ഷം മുമ്പ് ഓട്ടോ ഡ്രൈവറായ രഞ്ജിത്തുമൊത്ത് ഒരുമിച്ചു ജീവിക്കുകയായിരുന്നു. വിവിധ ഇടങ്ങളില്‍ ഇതിനോടകം വാടകയ്ക്ക് താമസിച്ച ഇവര്‍ അടുത്തിടെ കാട്ടാക്കടയില്‍ എത്തുകയായിരുന്നു. സമീപവാസികളുമായി ഇവര്‍ക്ക് ബന്ധം ഇെല്ലങ്കിലും ഇവരുടെ വീട്ടില്‍ നിന്നും നിരന്തരം ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവ ദിവസവും ഇത്തരത്തില്‍ ബഹളം കേട്ടിരുന്നു. സംഭവശേഷം രഞ്ജിത്തിനെ കാണാതായത് കൊലപാതകം ആകാനുള്ള സാധ്യതയിലേക്ക് എത്തി. മൂക്കിനു ഏറ്റ ശക്തമായ ഇടിയാണ് മരണത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: