ഹമീര്‍പൂര്‍: ജനങ്ങള്‍ക്കും രാജ്യത്തിനും ആവശ്യം വികസനമാണ്, ബിജെപിയുടെ ലക്ഷ്യവും ഇതുതന്നെയാണ്. ജനങ്ങളത് തിരിച്ചറിഞ്ഞുകഴിഞ്ഞു. മോദി സര്‍ക്കാര്‍ ഇത്തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഹിമാചല്‍പ്രദേശ് ഹമീര്പു
ര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ഇത് അഞ്ചാം തവണയാണ് അദ്ദേഹം ഇവിടെ നിന്ന് ജനവിധി തേടുന്നത്. കഴിഞ്ഞ നാല് തണയും മണ്ഡലം അദ്ദേഹത്തിനൊപ്പമായിരുന്നു.
ഞങ്ങള്‍ ഞങ്ങളുടെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും, വീണ്ടും താമര വിരിയിക്കുകയും ചെയ്യും… ഹിമാചലില്‍ നാല് സീറ്റും എന്‍ഡിഎ നേടും. മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അത്രയേറെ ആത്മവിശ്വാസം നിറച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ പത്തു വര്‍ഷം രാജ്യത്ത് എത്രത്തോളം വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനായി എന്ന് ജനങ്ങള്‍ക്ക് അറിയാം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ന് ഭാരതം ഏറെ മുന്നിലാണ്. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ ഭരണമാണ് ഈ നേട്ടങ്ങള്‍ക്കുള്ള പ്രധാന കാരണം. മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് വോട്ടുതേടാനാണ് തീരുമാനമെന്ന് ഠാക്കൂര്‍ പറഞ്ഞു. ഹമീര്‍പൂര്‍ പട്ടണത്തിനടുത്തുള്ള സമീര്പൂരിലെ തറവാട്ടു വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ഗുണഫലങ്ങള്‍ നല്‍കുകയും ചെയ്യുമ്പോള്‍ അത് ജനങ്ങള്‍ക്കിടയില്‍ ബിജെപി അനുകൂല തീരുമാനമെടുക്കാനല്ലേ പ്രേരിപ്പിക്കുക. മണ്ഡലത്തില്‍ ഭരണവിരുദ്ധതയുടെ ചോദ്യമൊന്നും ഉടലെടുക്കാന്‍ സാധ്യതയില്ല. പകരം വീണ്ടും ബിജെപി അധികാരത്തിലെത്താന്‍ അനുകൂലമായ സാധ്യതയാണ് ഇപ്പോഴുള്ളത്. തന്നേയും ബിജെപിയേയും സംബന്ധിച്ചിടത്തോളം പ്രധാന വിഷയം വികസനമാണ്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും സംസ്ഥാനങ്ങളുടെ വികസനവും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ജനങ്ങളെ ഒരിക്കല്‍ കൂടി നേരിട്ടുകണ്ട് അവരുടെ അനുഗ്രഹം വാങ്ങും. വീണ്ടും അധികാരത്തിലെത്താന്‍ പിന്തുണ തേടും. വിജയ് സങ്കല്പ് യാത്ര എന്ന റോഡ് ഷോയ്ക്ക് മുമ്പ് ഠാക്കൂര്‍ പറഞ്ഞതാണിക്കാര്യങ്ങള്‍ ജൂണ്‍ ഒന്നിനാണ് ഹമീര്‍പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ മുന്നേ തന്നെ തുടക്കം കുറിച്ചെങ്കിലും ഠാക്കൂര്‍ ഇന്നലെ മുതലാണ് നേരിട്ടുള്ള പ്രചരണത്തിനായി ഇറങ്ങുന്നത്.
2008 മുതല്‍ അനുരാഗ് ഠാക്കൂര്‍ ഹമീര്‍പൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ്. ജൂണ്‍ ഒന്നിന് തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാര്‍ത്ഥികളിലെ പ്രമുഖരില്‍ ഒരാള്‍ കൂടിയാണദ്ദേഹം. ഠാക്കൂറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ പ്രേംകുമാര്‍ ധുമാലും ഹമീര്‍പൂരില്‍ നിന്ന് മൂന്ന് തവണ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അനുരാഗ് ഠാക്കൂര്‍ തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
കുട്ടിക്കാലത്ത് ക്രിക്കറ്റിനോട് അതീവ താത്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണിപ്പോള്‍ ബിജെപി പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളും കേന്ദ്രമന്ത്രിയായും തിളങ്ങുന്നത്. 14ാം വയസു മുതലാണ് ഠാക്കൂറിന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്. വിജയ് മര്‍ച്ചന്റ് ട്രോഫി നേടിയ പഞ്ചാബ് അണ്ടര്‍ 16 ടീമിനെ നയിക്കുകയും, ഹിമാചലിന് വേണ്ടി രഞ്ജി കളിച്ച ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇതിനെല്ലാം ഉപരി ബിസിസിഐ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ബിസിസിഐയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ തലവനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. അതിനുശേഷം അച്ഛന്റെ പാത പിന്തുടര്ന്ന് 2008ലാണ് ഠാക്കൂര്‍ ഹമീര്‍പൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് എത്തുന്നത്.
പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായി ഏഴു വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അദ്ദേഹം 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തന്റെ അടുത്ത എതിരാളിയായ രാംലാലിനെ 3.87 ലക്ഷം വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ആദ്യ മോദി സര്‍ക്കാരില്‍ ധനകാര്യ വകുപ്പ് സഹമന്ത്രിയായി, പിന്നീട് കോര്‍പ്പറേറ്റ് വകുപ്പിന്റെ ചുമതലയും വഹിച്ച അദ്ദേഹം നിലവില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയാണ്.
ദല്‍ഹിയിലെ തിരക്കേറിയ രാഷ്ട്രീയ ഷെഡ്യൂളില്‍ നിന്ന് സമയം കിട്ടുമ്പോഴെല്ലാം ഠാക്കൂര്‍ തന്റെ സമയവും ഊര്‍ജവും തന്റെ മണ്ഡലത്തിനായി വിനിയോഗിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൂടാതെ അദ്ദേഹത്തിന് ക്രിക്കറ്റിനോടുള്ള താത്പര്യം ഹിമാചല്‍ പോലെയൊരു മലയോര സംസ്ഥാനത്തില്‍ മികച്ച ആധുനിക പരിശീലന സൗകര്യങ്ങള്‍ ഉണ്ടാകാനും കാരണമായി. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ വേദിയായ ധര്‍മശാലയിലെ ലോകോത്തര ഷോപീസ് സ്റ്റേഡിയം വികസിപ്പിച്ചതിന് പിന്നിലും അദ്ദേഹത്തിന് പങ്കുണ്ട്. ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് (എച്ച്പിസിഎ) ബിലാസ്പൂരിലെ ഭക്രാ ഡാമിന്റെ കായലുകളാല്‍ ചുറ്റപ്പെട്ട ലുഹ്നു ഗ്രൗണ്ട്, അംതാര്‍, ഗുമ്മ, ഉന ഗ്രൗണ്ടുകളും ഇതിനോടൊപ്പം വികസിപ്പിച്ചിട്ടുണ്ട്.
ഇത് കൂടാതെ ഹമീര്‍പൂര്‍ മണ്ഡലത്തില്‍ റെയില്‍വേ വികസനത്തിനും, റോഡുകള്‍, ദേശീയ പാതകള്‍, ബാങ്ക് ശാഖകള്‍, സ്കൂളുകള്‍, കോളജുകള്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങി വിവിധ സാമൂഹിക-സാമ്പത്തിക വികസന പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. എംപിയുടെ ഫണ്ട് പ്രയോജനപ്പെടുത്തി പ്രാദേശിക കമ്യൂണിറ്റി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത്. കമ്യൂണിറ്റി സെന്ററുകള്‍, മഹിളാ മണ്ഡല് ഭവനുകള്‍, യുവക് മണ്ഡല ഭവന്, സരയിസ്, ഷംഷന്‍ ഘട്ടുകള്‍, സോളാര്‍ ലൈറ്റിംഗ്, കളിസ്ഥലങ്ങള്‍ എന്നിവ അദ്ദേഹം നിര്‍മിച്ചു നല്കിയവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: