കൊച്ചി: ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന കുട്ടികളെ സനാതന ധര്‍മത്തെ പ്രോത്സാഹിപ്പിക്കാത്ത വിദ്യാലയങ്ങളില്‍ പഠിപ്പിക്കരുതെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ജെ. സായ് ദീപക്ക്. സ്വാമി ചിന്മയാനന്ദയുടെ 108 ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചിന്മയശങ്കരം 2024ന്റെ നാലാംദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മത്തിന്റെ പവിത്രത തലമുറകളിലേക്ക് പകരുന്നതിനായി വിവിധ ഹിന്ദു സംഘടനകള്‍ മികച്ച വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ദക്ഷിണേന്ത്യയെ ഭാരതത്തിന്റെ പൊതുവെയുള്ള സംസ്‌കാരത്തില്‍ നിന്ന് വേറിട്ട് നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിപുലമായി നടക്കുന്നുണ്ട്. സനാതന ധര്‍മത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന ദക്ഷിണേന്ത്യ തന്നെ ഈ നീക്കങ്ങളെ പ്രതിരോധിക്കണമെന്നും സായ് ദീപക് പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തുണ്ടായിരുന്ന പഴയ ബ്രിട്ടീഷ് അധിനിവേശത്തിന്റെ അടയാളങ്ങള്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് മാറ്റിയെടുക്കാന്‍ സാധിച്ചെന്നും ഇത് തുടരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് സനാതന ധര്‍മം പുലര്‍ന്ന് കാണാനാണ് സ്വാമി ചിന്മയാനന്ദന്‍ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും വക്താവല്ലെന്നും സനാതന ധര്‍മത്തിന്റെ പ്രചാരണത്തിന് വേണ്ടിയാണ് സംസാരിക്കുന്നതെന്നും അഡ്വ. സായ് ദീപക്ക് പറഞ്ഞു. സനാതന ധര്‍മത്തിന്റെ പതാകാവാഹകരാകാന്‍ പോകുന്നത് വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികളെ കൃത്യമായി ശ്രദ്ധിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം സംസ്‌കാരത്തെക്കുറിച്ച് പഠിക്കാതെ വിദ്യാഭ്യാസം പൂര്‍ത്തിയാകില്ലെന്ന് മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിന്മയ ശങ്കരത്തിന്റെ വേദിയിലെത്തിയ സായ് ദീപക്കിനെ ചിന്മയ ശങ്കരം ജോ. കണ്‍വീനര്‍ കെ.എസ്. വിജയകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ചിന്മയ മിഷന് വേണ്ടി സ്വാമി വിവിക്താനന്ദ സരസ്വതി സായ് ദീപക്കിന് ഉപഹാരം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക