കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ കുളക്കട പഞ്ചായത്തിലെ ഒരു മനോഹര ഗ്രാമമാണ് ആറ്റുവാശ്ശേരി. ഈ ഗ്രാമത്തിന്റെ ഒരു ഭാഗം കല്ലടയാറിനാല് ചുറ്റപ്പെട്ട് കിടക്കുന്നു. ആറ്റുവാശ്ശേരിയിലെ വയല്‍ വാണിഭം മദ്ധ്യതിരുവിതാംകൂറില്‍ പരക്കെ അറിയപ്പെട്ടിരുന്നു. കല്ലട നദി ഗ്രാമത്തിന്റെ കിഴക്കും തെക്കും ഒഴുകുന്നു. നദിയുടെ മറുകരയില്‍ കിഴക്ക് ആറ്റുവാശ്ശേരിയും, തെക്കുംചേരിയും പടിഞ്ഞാറ് കടമ്പനാടും, വടക്ക് മണ്ണടിയുമാണ്. ഐവര്കാലയില്നിന്നും 5.5 കിലോമീറ്ററും കുളക്കടയില്‍ നിന്നും 7.8 കിലോമീറ്ററും ആണ് ആറ്റുവാശ്ശേരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള ദൂരം.
ആറ്റുവാശ്ശേരിയില്‍ രണ്ട് ക്ഷേത്രങ്ങളുണ്ട്. ആറ്റുവാശ്ശേരി ധര്‍മ്മശാസ്താ ക്ഷേത്രവും, രുധിരഭയങ്കരി ക്ഷേത്രവും. രണ്ട് ക്ഷേത്രങ്ങള്‍ക്കും സഹസ്രാബ്ദങ്ങള്‍ പഴക്കമുണ്ട്. അതിശക്തമായ ദേവസാന്നിധ്യമാണ് രണ്ട് ക്ഷേത്രങ്ങളിലും. ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ധര്‍മ്മ ശാസ്താവ്. രുധിര ഭയങ്കരി ക്ഷേത്തില്‍ കാളീ ദേവിയാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിനടുത്തായി ഒരു കാവും സ്ഥിതി ചെയ്യുന്നു. ഈ ക്ഷേത്രത്തിന് മുന്നില്‍ ഒരു കുളമുണ്ട്. എന്‍എസ്എസ് ആണ് ക്ഷേത്രഭരണം നടത്തുന്നത്.
ഭക്തസഹസ്രങ്ങളുടെ അഭയകേന്ദ്രമായി ആശ്രിതവത്സലനായി ആപദ് ബാന്ധവനായി നാടിന് ഐശ്വര്യമേകി പ്രദേശത്തെ മുഴുവന്‍ കാത്തുരക്ഷിച്ച് വിരാജിക്കുന്ന ശ്രീധര്മ്മശാസ്താവിനാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. കലിയുഗവരദനും അഭീഷ്ടസിദ്ധിപ്രദായകനുമായ സാക്ഷാല്‍ ശീധര്മ്മശാസ്താവിന്റെ സാന്നിദ്ധ്യംകൊണ്ട് അനുഗ്രഹീതമാണ് ആറ്റുവാശ്ശേരി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. ആശ്രയിച്ചവര്‍ക്ക് വരദാനമരുളിയതിന്റെ ധാരാളം പ്രത്യക്ഷ ഉദാഹരണങ്ങള്‍ നാട്ടിലും സമീപനാടുകളിലും ഉണ്ടെന്ന് ഭക്തജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആറ്റുവാശ്ശേരി ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം ധനുമാസത്തില്‍ ഉത്രം മഹോത്സവമായാണ് ആഘോഷിക്കുന്നത്. ഒമ്പത് ദിവസത്തെ ഉത്സവം തൃക്കൊടിയേറ്റതോടെ സമാരംഭിച്ച് പള്ളിവേട്ടയും ആറാട്ടും കഴിഞ്ഞ് തൃക്കൊടിയിറങ്ങുന്നു. കല്ലടയാറ്റിലാണ് ഭഗവാന്റെ ആറാട്ട്. ഉത്രം തിരുനാളിന്റെ തലേദിവസം നടത്തുന്ന സമൂഹ നീരാജനം പ്രസിദ്ധമാണ്. ധാരാളം ഭക്തര്‍ ഈ വഴിപാടിനായി അന്നു ക്ഷത്രത്തില്‍ എത്തിച്ചേരും. ക്ഷേത്രം തന്ത്രി കൊടിമരച്ചുവട്ടിലെ അഗ്നികുണ്ഠത്തില്‍ അഗ്നി പകരുന്നതോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമാകുന്നത്.
പരമ്പരാഗത കലാരൂപങ്ങളും സംഗീതവും നൃത്തവും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന എഴുന്നള്ളിപ്പും കെട്ടുകാഴ്ച, മേളം, കരിമരുന്ന് പ്രയോഗം, ഉത്സവബലി, മതപരവും, സാംസ്കാരികവുമായ പരിപാടികള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ അനുഷ്ടാനങ്ങളോടെ നടത്തുന്നു. 41 ദിവസത്തെ മണ്ഡലംചിറപ്പ് മഹോത്സവവും പ്രസിദ്ധമാണ്.
ആറ്റുവാശ്ശേരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പ്രശസ്തമായ വഴിപാടാണ് സമൂഹ നീരാജന വിളക്ക്. ക്ഷേത്രത്തില്‍ സാധാരണ നടക്കുന്ന നീരാജനത്തില്‍ നിന്നു വ്യത്യസ്തമായി വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉത്രം തിരുനാളിന്റെ തലേദിവസം ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തന്നെ ചടങ്ങ് നടക്കുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം. താന്ത്രിക അനുഷ്ഠാനങ്ങളിലൂടെ ദേവചൈതന്യം വര്‍ദ്ധിപ്പിച്ച് ഓരോ ഭക്തനും വേണ്ടി തന്ത്രിതന്നെ നീരാജനം ഉഴിയുന്നത് ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ശനീശ്വരനായ ശാസ്താവിന്റെ അനുഗ്രഹത്തിനായി നടത്തുന്ന നീരാജന വഴിപാട് ശനിദശയിലെ ദോഷങ്ങള്‍, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവ മാറ്റി സമാധാനവും സുഖഐശ്വര്യങ്ങളും കൈവരുത്തുവാന്‍ അത്യുത്തമമാണെന്ന് കരുതപ്പെടുന്നു. നീരാജനമഹോത്സവ ദിവസം വൈകിട്ട് 4 മണിക്ക് ധ്വജപ്രതിഷ്ഠയ്ക്കു മുന്നിലായുള്ള മഹാഹോമകുണ്ഠത്തില് അഗ്നി ജ്വലിപ്പിക്കുന്നതോടെ ശ്രീകോവിലിനുള്ളില്‍ നീരാജനവിളക്ക് ആരംഭിക്കുന്നതാണ്. അതിനുശേഷം ബ്രാഹ്മണശ്രേഷ്ഠന്മാരുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവന് പുറത്തേക്ക് എഴുന്നള്ളി ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നു. പരമപവിത്രവും ജന്മശ്രേഷ്ഠവുമായ ഈ മഹാകര്‍മ്മത്തില്‍ വ്രതശുദ്ധിയോടെ പങ്കെടുത്ത് ദേവന്റെ അനുഗ്രഹത്തിന് വിധേയരാകാന്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നത്. കുളക്കട വടശ്ശേരിമഠത്തില് നാരായണരര് ആണ് ക്ഷേത്രതന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: