‘ദേശഭക്തി’ അതൊരു അഭൗമ വികാരമാണ്. രാഷ്‌ട്രസ്‌നേഹം എന്നത് കേവലം അക്ഷരങ്ങള്‍ മാത്രമല്ല എരിയുന്ന തീച്ചൂളയിലേക്ക് ബോധപൂര്‍വ്വം എടുത്തുചാടാനുള്ള പ്രചോദിത മനസ്സിന്റെ ഉടമകളാകുന്ന അവസ്ഥാവിശേഷമാണ്. ഇതില്‍ ലയിച്ചു കഴിഞ്ഞാല്‍ മറ്റെന്തിനെക്കാളും മുന്‍തൂക്കം ദേശീയതയ്‌ക്ക് നല്‍കുമെന്നതാണ്. ‘ഗണഗീതം’ എന്ന വിശേഷ പദത്തിലൂടെ വിരാജിക്കുന്ന ദേശഭക്തി ഗീതങ്ങള്‍ക്ക് ഇതില്‍ മുഖ്യപങ്കാണുള്ളത്.
ഗണഗീതങ്ങള്‍ ഇതിന് പ്രേരണയാകുന്നുവെങ്കില്‍ ഈ ഗീതങ്ങളുടെ രചയിതാക്കള്‍ക്ക് അവരുടെ കവി ഭാവനയുടെ ദേശീയ ബോധ്യങ്ങള്‍ക്ക് എത്രമാത്രം തീവ്രവും പവിത്രവുമായ ആദര്‍ശത്തിന്റെയും ഗുരുപരമ്പരയുടെയും അനുഗ്രഹമുണ്ടാകും. ഗാനാഞ്ജലിയിലെ അധികം ഗാനങ്ങളും രചിച്ചിരിക്കുന്നത് ഭാസ്‌കരപ്പണിക്കര്‍ സാറും പരമേശ്വര്‍ജിയുമാണ്. പരമേശ്വര്‍ജി നമുക്ക് സുപരിചിതനാണ്. ഭാസ്‌കരപ്പണിക്കര്‍ അത്ര പരിചിതനുമല്ല. ആദര്‍ശ ജീവിതത്തിന്റെ മകുടോദാഹരണമായ ഒരു കുടുംബസ്ഥനായിരുന്നു അദ്ദേഹം. കുടുംബജീവിതവും സര്‍ക്കാര്‍ സേവനവും തമ്മില്‍ ബന്ധിപ്പിക്കാതെ രണ്ടിനും പ്രാധാന്യം കല്‍പ്പിച്ചുകൊണ്ട് ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഭാസ്‌കരപ്പണിക്കര്‍. ലളിതമായ വസ്ത്രധാരണവും വശ്യതയേറിയ മുഖഭാവവും സൗമ്യമായ പെരുമാറ്റവും എന്നാല്‍ അതിതീവ്രമായ ദേശഭക്തിയും ഇതെല്ലാം അദ്ദേഹത്തോട് അടുക്കുന്നവര്‍ക്ക് സരളമായി ബോധ്യപ്പെടും.
കടയനിക്കാട് തയ്യില്‍ വി. എസ്. ഭാസ്‌കരപ്പണിക്കര്‍ കോട്ടയത്ത് പോസ്റ്റല്‍ വകുപ്പില്‍ ഹെഡ് പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു. 1986ല്‍ നടന്ന തപസ്യ ദശവാര്‍ഷിക സമയത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. തപസ്യ മാര്‍ഗ്ഗദര്‍ശിയും സ്ഥാപകനുമായ എം.എ. സാര്‍ ആയിരുന്നു വഴിയൊരുക്കിയത്. ഇതുമായി ബന്ധപ്പെട്ട് എം.എ.സാര്‍ കോട്ടയത്ത് വന്നപ്പോള്‍ പണിക്കര്‍ സാറിനെ കുറിച്ച് സൂചിപ്പിച്ചതും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെക്കുറിച്ച് എടുത്തു പറഞ്ഞതും. ഒന്ന് അന്വേഷിക്കാമോ എന്നു പറഞ്ഞതേയുള്ളൂ, ഞാന്‍ ഉടനെ അന്വേഷിക്കാന്‍ ഹെഡ് പോസ്റ്റ് ഓഫീസിലെത്തി. ഭാസ്‌കരപ്പണിക്കര്‍ സാര്‍ കോട്ടയം ജില്ലയില്‍ എവിടെയാണെന്ന് ചോദിച്ചു. ഇവിടുത്തെ പോസ്റ്റ് മാസ്റ്ററാണെന്ന് അറിഞ്ഞപ്പോള്‍ ആവേശത്തോടെയാണ് അദ്ദേഹത്തിനെ നേരില്‍ കണ്ടത്. എട്ടു വയസ്സു മുതല്‍ ഇരുപത്തിയൊന്ന് വയസ്സ് വരെ മനസ്സില്‍ പതിഞ്ഞ ഗണഗീതങ്ങളുടെ രചയിതാവിനെ കണ്ടതിലുള്ള വികാരഭരിതമായ ആ സന്തോഷവും പറഞ്ഞറിയിക്കാന്‍ പറ്റില്ല. കാലില്‍ തൊട്ട് നമസ്‌കരിച്ചു. ഏറെനേരം സംസാരിക്കുകയും അന്നുതന്നെ എം.എ. സാറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു. തുടര്‍ന്ന് ദശ വാര്‍ഷികത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായി മാറുകയും ചെയ്തു. പിന്നീട് ദീര്‍ഘകാലം ജില്ലാ പ്രസിഡണ്ടായും സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചു.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനു വേണ്ടി ഇത്രയധികം കവിതകളും ദേശഭക്തിഗാനങ്ങളും എഴുതിയ മറ്റൊരാള്‍ ഉണ്ടാകില്ല. രാഷ്‌ട്രഭക്തിയും ദേശാഭിമാനവും നിറഞ്ഞവയായിരുന്നു എല്ലാ ഗാനങ്ങളും. പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചവ അധികമില്ലെങ്കിലും പ്രസിദ്ധീകരിച്ചവ അനേകമുണ്ട്. ഈ മണ്ണിന്റെ ഗീതങ്ങള്‍ എന്ന കവിതാ സമാഹാരത്തില്‍ 121 കവിതകളാണുള്ളത്. ഇതില്‍ പലതും കേസരി വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കവിതാ സമാഹാരത്തിന് മഹാകവി പാലാ നാരായണന്‍ നായരാണ് മനോഹരമായ അവതാരിക എഴുതിയിട്ടുള്ളത്. 2005 ല്‍ കുരുക്ഷേത്ര പ്രകാശന്‍ ആണ് പ്രസിദ്ധീകരിച്ചത്.
ഭാസ്‌കരപ്പണിക്കരുടെ ജീവിതത്തില്‍ എടുത്തു പറയേണ്ട പ്രധാന സന്ദര്‍ഭങ്ങളില്‍ ഒന്നാണ് 2006 ല്‍ മാധവ സദാശിവ ഗോള്‍വര്‍ക്കര്‍ എന്ന ഗുരുജിയുടെ ജന്മ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ മാസങ്ങളോളം വാഴൂര്‍ ആശ്രമത്തില്‍ പ്രവാസ ജീവിതമനുഷ്ടിച്ചുകൊണ്ടാണ് ഗുരുജീശതകം എഴുതിയത്. ഗുരുതുല്യനായ ശ്രീ ഗുരുജിയുടെ വ്യക്തിപ്രഭാവം അടുത്തറിയാവുന്ന പണിക്കര്‍ സാര്‍ ആ സൂര്യതേജസ്വിയെ നമ്മിലേക്ക് ആവാഹിക്കാന്‍ മനസ്സറിഞ്ഞു നല്‍കിയതാണ് ശ്രീ ഗുരുജീശതകം. അതിലെ ഒരു ശ്ലോകമാണ് താഴെ കൊടുത്തിരിക്കുന്നത്.
”ജ്ഞാനപ്പൊന്‍
കതിര്‍വെട്ടവും ജ്വാലിതമാം
കര്‍മ്മാഗ്‌നിതന്‍ താപവും
മേളിച്ചുള്ളൊരു
സൂര്യബിംബമുദയം
കൊണ്ടു നഭോ വീഥിയില്‍
എന്നാലായതിനപ്പുറം
കുളിര്‍മ്മയായ്
സ്‌നേഹാര്‍ദ്രമായ് ശാന്തമായ്
നിന്നിടുന്ന ഹിമാംശുവായ്
ഗുരുജിയെ
കണ്ടു സ്വയംസേവകര്‍”
ആര്‍ഷഭാവദശകം, കര്‍മ്മവൈഭവദശകം, ചരൈവേതിദശകം, രാഷ്‌ട്രഅപചയദശകം, സാധനാദശകം, ആദര്‍ശജീവിതദശകം, അമൃതവാണി തുടങ്ങി ഏഴു ഭാഗങ്ങളായി നൂറ് ശ്ലോകങ്ങളിലൂടെയാണ് ഹൃദയസ്പര്‍യായി ശ്രീ ഗുരുജിയുടെ ജീവിതവും സന്ദേശവും ചിത്രീകരിച്ചിരിക്കുന്നത്. കവി പത്മശ്രീ പി. നാരായണക്കുറുപ്പാണ് ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത്.
‘വനപര്‍വ്വം’ എന്ന കവിതയില്‍ കാടിന്റെയും പ്രകൃതിയുടെയും മഹത്വവും സൗന്ദര്യവും സൗകുമാര്യതയും കുളിര്‍മയും വര്‍ണ്ണിക്കുകയാണ് കവി.
”തങ്കക്കൈകളാല്‍ തലോടി നട-
കൊള്ളുന്നു ദിനേശന്‍ ദിനം
തിങ്കള്‍ താണുകവര്‍ന്നെടുത്ത മൃത-
മൂട്ടുന്നു നിശീഥങ്ങളില്‍
ആടിക്കാറ്റു കടല്‍ കൊടുക്കുമുറുമാല്‍
കൈയേന്തി വീശുന്നിതാ
കാടിക്കണ്ട സമസ്ത
ശക്തിനിചയ-
ങ്ങള്‍ക്കൊക്കെയും
പൈതല്‍ താന്‍”
ഇതില്‍ പ്രകൃതിയുടെ സൗന്ദര്യം മാത്രമാസ്വദിക്കലല്ല സംരക്ഷണത്തിനും നമ്മള്‍ ജാഗരൂകരാകാനും ഉദ്‌ഘോഷിക്കുന്നുണ്ട്. ഈ ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ചും കവി വ്യാകുലപ്പെടുന്നുണ്ട്.
മൃണാളിനി സാരാഭായിയുടെ ‘Understanding Bharathanatya’ എന്ന ഇംഗ്ലീഷ് കൃതിയുടെ പരിഭാഷ ‘ഭരതനാട്യം അറിയേണ്ടതെല്ലാം’ ഭാസ്‌കരപ്പണിക്കരുടേതായിട്ടുണ്ട്. ഡി സി ബുക്‌സാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭരതനാട്യ വിദ്യാര്‍ത്ഥികളോട് മൃണാളിനെ സാരാഭായി ഇംഗ്ലീഷില്‍ നടത്തിയ പ്രഭാഷണങ്ങള്‍ ആണിത്. പണിക്കര്‍ സാറിന്റെ സ്വതസിദ്ധമായ ശൈലിയും ആവിഷ്‌കാരവും വ്യത്യസ്തതയും ഒത്തുചേര്‍ന്നപ്പോള്‍ ഇത് ഒരു ഉത്തമ കൃതിയായി പരിണമിക്കപ്പെട്ടു. നാട്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഭരതമുനി മുതല്‍ ജഗന്നാഥപണ്ഡിതര്‍ വരെയുള്ള രണ്ടായിരം വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഭാരതീയ കാവ്യശാസ്ത്രത്തെക്കുറിച്ചുള്ള 150 പരം പേജുകളുള്ള ഇംഗ്ലീഷ് ഗവേഷണ പ്രബന്ധം An Indroduction to Bharatheeya Kavya Sasthra എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1991 ല്‍ തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷനായിരുന്ന മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ഗോകര്‍ണം വരെ നടത്തിയ ഐതിഹാസികമായ സാംസ്‌കാരിക തീര്‍ത്ഥയാത്രാ ഗാനം രചിച്ചത് ഭാസ്‌കരപ്പണിക്കര്‍ സാറാണ്. 28 വരികളുള്ള ഈ ഗാനം ഇങ്ങനെ തുടങ്ങുന്നു:
”ഹിമാദ്രികന്യാപദസീമകളില്‍
ഒരേ ചിലമ്പൊലി ഉയരുന്നു
ചരിത്രമാകെയും ഒരു
സംസ്‌കൃതിയുടെ
സമന്വയം തുടികൊട്ടുന്നു
തപസ്യ… തപസ്യ… കലയുടെ ദീര്‍ഘ തപസ്യ”
ഈ യാത്രാ ഗാനത്തോടെയാണ് തപസ്യ പ്രവര്‍ത്തകരുടെ ഇടയില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടിയത്. കേരളത്തിന്റെ സാംസ്‌കാരിക വിരിമാറിലൂടെ ഉച്ചഭാഷിണിയിലൂടെയും വേദികളിലുമായി മാറ്റൊലികൊണ്ട അനശ്വര ഗീതമായിരുന്നു അന്ന് മലയാളികള്‍ ശ്രവിച്ചത്.
2012 ല്‍ നീണ്ട 25 വര്‍ഷത്തിനുശേഷം തപസ്യ 36 മത് വാര്‍ഷികം അദ്ദേഹത്തെ ആദരിക്കുന്നതിനും കൂടിയാണ് കോട്ടയത്ത് നടത്തിയത്. 1986 ല്‍ സംഘാടകനായും 2012 ല്‍ ആദരണീയനായിട്ടും അദ്ദേഹം ഉണ്ടായിരുന്നു. ഈ രണ്ടു വാര്‍ഷികാഘോഷങ്ങളുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുവാനുള്ള ഭാഗ്യവും എനിക്ക് തന്നെയാണ് ലഭിച്ചത്. ഒന്ന് പഴയ മാമന്‍ മാപ്പിള ഹാളിലും രണ്ട് പുതിയ മാമ്മന്‍ മാപ്പിള ഹാളിലും ആയിരുന്നു വാര്‍ഷികാഘോഷം നടന്നത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ വസതിയില്‍ അടുത്തറിയാവുന്ന അനേകം പേരെ ഒത്തുചേര്‍ക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. അതിനുവേണ്ടി കൂടെനിന്ന് പ്രവര്‍ത്തിച്ച പണിക്കര്‍ സാറിന്റെ ബന്ധുകൂടിയായ ആര്‍ട്ടിസ്റ്റ് സോമന്‍ കടയിനിക്കാടിനും പണിക്കര്‍ സാറിന്റെ സഹധര്‍മ്മിണി ശാന്ത ചേച്ചിക്കും മക്കള്‍ക്കും മരുമക്കള്‍ക്കും നന്ദി പറയുന്നു.
1928 ല്‍ കറുകച്ചാലില്‍ ശങ്കരപ്പിള്ളയുടെയും പങ്കിയമ്മയുടെയും മകനായിട്ട് പിറന്നു. പതിനെട്ടാമത്തെ വയസിലാണ് സംഘവുമായി അടുത്തത്. 1948 ല്‍ സംഘനിരോധന സമയത്ത് ജയില്‍വാസം അനുഷ്ഠിച്ചു. 1952 മുതല്‍ കേസരിയില്‍ എഴുതി തുടങ്ങി. 1958 ല്‍ വിവാഹിതനായി. ഭാര്യ കടയനിക്കാട് തയ്യില്‍ വീട്ടില്‍ ശാന്തമ്മ. മക്കള്‍ ഹരിലാല്‍, ജയലാല്‍, രഘുരാജ്. എഴുപതുകളില്‍ അയ്യപ്പ സേവാസംഘം അഖില ഭാരതീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2015 മെയ് 12 ന് ഈ ലോക ജീവിതം അവസാനിക്കുന്നത് വരെയും സംഘപ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. സംഘത്തിന്റെ കറുകച്ചാല്‍ താലൂക്ക് സംഘചാലക് ആയിരുന്നപ്പോഴായിരുന്നു വിടവാങ്ങിയത്. ആ മഹാനുഭാവന്റെ ഓര്‍മകളില്‍ പ്രണമിക്കാം.
തപസ്യ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: