ജീവിതം ഇതിഹാസമാക്കിയ ആളുകളെ പറ്റി ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. ആ സാഹിത്യം അവരുടെ ഓര്‍മകളെ നിലനിര്‍ത്തുന്നു. അത്തരം ഇതിഹാസങ്ങള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ ധാരാളമായി ഉണ്ട്. അവയില്‍ അധികവും എഴുതപ്പെടാത്തവയാണ് എന്നതിനാല്‍ അറിയുന്നവര്‍ കുറവാണ്. ഇക്കഴിഞ്ഞയാഴ്ചയില്‍ 92-ാമത്തെ വയസ്സില്‍ അന്തരിച്ച എറണാകുളം ചിറ്റൂര്‍ റോഡില്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള അമ്മന്‍കോവില്‍ റോഡ് ജംഗ്ഷനില്‍ ഉള്ള വീട്ടില്‍ താമസിച്ചിരുന്ന ഡി അനന്തപ്രഭു അത്തരക്കാരില്‍ ഒരാളായിരുന്നു. ആ വേര്‍പാട് മനസ്സില്‍ വലിയ ശൂന്യത സൃഷ്ടിച്ചു എന്ന് പറയണം. സംഘത്തിന് സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.
എറണാകുളത്തെ തിരുമല ദേവസ്വം ക്ഷേത്രത്തിനു മുന്നിലെ വെളിസ്ഥലത്ത് നടന്ന ശാഖയില്‍ സമപ്രായക്കാരോടൊപ്പം അനന്തപ്രഭു പങ്കെടുത്തത് അറിഞ്ഞ അച്ഛന് ദാമോദര പ്രഭു രോഷാകുലനായി. സ്ഥലത്തെ ഉറച്ച കോണ്ഗ്രസുകാരന് ആയിരുന്നു അദ്ദേഹം. കടുത്ത സംഘ വിരോധിയും. കോണ്ഗ്രസുകാരന് ആവുക എന്നത് രാജഭരണകാലത്ത് ആപല്‍ക്കരമായിരുന്നു. അങ്ങിനെയിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡോക്ടര്‍ രാജേന്ദ്രപ്രസാദ് എറണാകുളം സന്ദര്‍ശിച്ചു. അദ്ദേഹത്തെ സ്വഭവനത്തില്‍ താമസിപ്പിക്കാന്‍ നഗരത്തിലെ മറ്റാരും ഭയം മൂലം തയ്യാറായില്ല. ദാമോദര പ്രഭു തന്റെ വീട്ടില്‍ രാജേന്ദ്രപ്രസാദിനെ അതിഥിയായി സ്വീകരിച്ചു. വീട്ടില്‍ വച്ച് അന്നെടുത്ത ഫോട്ടോ അവരുടെ പൂമുഖത്തില്‍ വച്ചിട്ടുള്ളത് ഇപ്പോഴും കാണും.
മകന് സംഘ ശാഖയില്‍ പോകുന്നതിനെ അദ്ദേഹം വിലക്കുക മാത്രമല്ല തുടര്‍ന്നു പോവുകയാണെങ്കില്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് കൂടി പറഞ്ഞു. അനന്തപ്രഭു ഭാസ്കര്‍ റാവുവിനെ അഭയം പ്രാപിച്ചു. കാലടി ആശ്രമ സ്ഥാപകനായിരുന്നു ആഗമാനന്ദ സ്വാമികളെ ഭാസ്കര്‍ റാവു വിവരമറിയിച്ചു. ആശ്രമത്തില്‍ അയാള്‍ താമസിക്കട്ടെ എന്നായിരുന്നു സ്വാമിജിയുടെ പ്രതികരണം. സ്വാമിജിയുടെ മേല്‍നോട്ടത്തില്‍ ആശ്രമവാസം അനന്തപ്രഭു നടത്തി. പ്രസവിച്ച അമ്മയ്ക്ക് മകന്റെ വേര്‍പാട് പൊറുക്കാന്‍ ആയില്ല. അവരുടെ രോദനം ദാമോദര പ്രഭുവിന്റെ കോപത്തെ തണുപ്പിച്ചു. അദ്ദേഹം ആശ്രമത്തിലെത്തി സ്വാമിജിയുമായി സംസാരിച്ചു. സംഘത്തെപ്പോലെ ഉത്തമമായ ഒരു പ്രസ്ഥാനത്തോടുള്ള തന്റെ നിലപാടില്‍ മാറ്റം വരുത്താന്‍ അദ്ദേഹം തയ്യാറായി. ശാഖയിലും മറ്റു സംഘപരിപാടികളിലും പങ്കെടുക്കാന്‍ അനുവദിക്കും എന്ന് ഉറപ്പില്‍ അച്ഛനോടൊപ്പം അനന്തപ്രഭു വീട്ടിലേക്ക് മടങ്ങി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഗുരുജിയുടെ ‘ബഞ്ച് ഓഫ് തോട്സിന്റെ’ മലയാള പരിഭാഷ വിചാരധാരയുടെ രണ്ടാം പതിപ്പ് എളമക്കര മാധവനിവാസില്‍ പുറത്തിറക്കിയപ്പോള്‍ ആദ്യ പ്രതി സ്വീകരിച്ചത് ദാമോദര്‍ പ്രഭുവായിരുന്നു. അനന്തപ്രഭു അതിന് ദൃക്സാക്ഷിയായി നിര്‍വൃതി കൊണ്ടു.
അതിനും വര്‍ഷങ്ങള്‍ക്കുശേഷമാണ് അനന്തപ്രഭുവിനെ പരിചയപ്പെടാന്‍ എനിക്ക് അവസരം ഉണ്ടായത്. പഠിത്തമൊക്കെ കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും മണക്കാട്ടെ വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് തൊടുപുഴയില്‍ സംഘ ശാഖ ആരംഭിച്ചത്. 1955 അവസാനം ശാഖയില്‍ പരമേശ്വര്‍ജിയും ഭാസ്കര്‍ റാവുവും ഹരിയേട്ടന്റെ ജേഷ്ഠന് പുരുഷോത്തമനും ഇടയ്ക്കു വരുമായിരുന്നു. തുടര്‍ന്ന് 56 ചെന്നൈ വിവേകാനന്ദ കോളജില്‍ നടന്ന സംഘശിക്ഷ വര്‍ഗ്ഗില്‍ പങ്കെടുക്കാന്‍ എനിക്ക് ഭാസ്കര്‍ റാവു അവസരം തന്നു. ഗണവേഷത്തിനു വേണ്ടതായ ട്രൗസറും പദവേഷവും ഉണ്ടായിരുന്നില്ല. രാവിലെ എറണാകുളത്ത് എത്തിയാല്‍ അനന്തപ്രഭുവിനെ കണ്ട് കാര്യങ്ങള്‍ ശരിപ്പെടുത്താമെന്ന് ഭാസ്കര്‍ റാവു എനിക്ക് എഴുതിയിരുന്നു. അനന്തപ്രഭുവും അയ്യനെത്ത് ദാമോദരന്‍ എന്ന സ്വയംസേവകനും ബോട്ട് ജെട്ടിയിലെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ വന്ന് എന്നെ കൂട്ടിക്കൊണ്ട് പത്മാ ടാക്കീസിന്റെ എതിര്‍വശത്തെ കാര്യാലയത്തില്‍ കൊണ്ടുപോയി. അന്നും കാര്യാലയത്തിന്റെ പേര് മാധവനിവാസ് തന്നെ. അനന്തപ്രഭു തൃതീയ വര്‍ഷ ശിക്ഷണത്തിന് പിറ്റേന്ന് യാത്ര തിരിക്കേണ്ടതിനാല്‍ ഐഡി മേനോന് എന്ന ദാമോദരന്‍ എന്നെ സഹായിക്കാന്‍ നിന്നു. മണക്കാട്ട് അയല്‍വാസി ശിവശങ്കര്‍ദാസ് എന്ന പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനും സ്വന്തം പദവേഷം തന്നു സഹകരിച്ചു.
പിന്നീട് അങ്ങോട്ട് അനന്തപ്രഭുവുമായുള്ള സമ്പര്‍ക്കവും എഴുത്തുകളും തുടര്‍ന്നു. എന്റെ അനുജത്തിക്ക് ബാധിച്ച ചില അസുഖങ്ങള്‍ക്ക് എറണാകുളത്തെ ഡോക്ടര്‍ വാസുദേവന്റെ ചികിത്സ ഗുണകരമാവും എന്ന ഉപദേശം തൊടുപുഴയിലെ ഒരു ഡോക്ടറില്‍ നിന്നും ലഭിച്ചു. വിവരം അനന്തപ്രഭുവിനെ അറിയിച്ചപ്പോള്‍ അദ്ദേഹം ദിവസം നിശ്ചയിച്ച് എഴുത്തയച്ചു. അച്ഛനും അനുജത്തിയും ഒരുമിച്ച് ഞങ്ങള്‍ എത്തിയപ്പോള്‍ അനന്തപ്രഭു ബോട്ട് ജെട്ടിയില്‍ വന്ന് ഡോക്ടറുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഡോക്ടര്‍ വാസുദേവന്‍ അദ്ദേഹത്തോട് എത്ര മമതയുണ്ടായിരുന്നുവെന്നും മനസ്സിലായി. പരിശോധനയും ചികിത്സാനിര്‍ണയവും കഴിഞ്ഞ് ഞാന്‍ ഗുരുവായൂര്ക്കും അച്ഛനും മറ്റും തൊടുപു
ഴയ്ക്കും പോയി.
ഗുരുവായൂരില്‍ പ്രചാരകനായിരുന്ന കാലത്ത് എനിക്ക് ചുണ്ട് വരണ്ട് വ്രണം ആകുന്ന ഒരു രോഗമുണ്ടായി. ഡോക്ടര്‍ വാസുദേവനും ഹോമിയോ വിദഗ്ധനും ഒക്കെ ചികിത്സിച്ചിട്ടും ശമനം ഉണ്ടായില്ല. ജില്ലാ ആശുപത്രിയില്‍ കമ്പൗണ്ടര്‍ ആയി വിരമിച്ച ഒരു സുഹൃത്തിനടുത്ത് അനന്തപ്രഭു എന്നെ കൊണ്ടുപോയി. ചെറു ചൂടില്‍ ഉപ്പിട്ട കഞ്ഞിവെള്ളം കൊണ്ട് ചുണ്ടു കഴുകി പുരട്ടാന്‍ ഒരു ഓയിന്മെന്റ് തന്നു. മൂന്നുമാസക്കാലം നീണ്ടുനിന്ന അസുഖം പാടെ മാറി.
1958 ലെ തിരുച്ചിറപ്പള്ളി സംഘശിക്ഷാ വര്‍ഗില്‍ ഞാന്‍ പോകേണ്ടിയിരുന്നില്ല. പൂജനീയ ഡോക്ടര്‍ജിയുടെ ജീവചരിത്രത്തിന്റെ മലയാള വിവര്‍ത്തനം പരമേശ്വര്‍ജി തയ്യാറാക്കിയത് അച്ചടിപ്പിച്ച് സംഘശിക്ഷ വര്‍ഗില്‍ എത്തിക്കാന്‍ അദ്ദേഹം എന്നെ ചുമതലപ്പെടുത്തിയിരുന്നു. അതിന് തയ്യാറാകുന്നതിനിടയ്ക്ക് അനന്തപ്രഭുവും ഹരിയേട്ടന്റെ ജ്യേഷ്ഠന് പുരുഷോത്തമനും അങ്ങോട്ട് പോകുന്ന വിവരം കിട്ടി. അനന്തപ്രഭുവിന്റെ വിവാഹത്തിന് ഗുരുജിയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. അന്ന് അനന്തപ്രഭു എറണാകുളം കാര്യവാഹായി നിശ്ചയിക്കപ്പെട്ടിരുന്നു. വിവാഹ വിവരം അറിയിച്ചുകൊണ്ട് അച്ഛന് ദാമോദര്‍ പ്രഭുവിന്റെ കൈപ്പടയിലുള്ള ക്ഷണക്കത്ത് ഗുരുജിക്ക് നല്കിയപ്പോള് ‘കാര്യവാഹ് യാ കാര്യ വിവാഹ്’ എന്ന് ചോദിച്ച് ആരെയും നിരായുധന് ആക്കുന്ന അദ്ദേഹത്തിന്റെ ചിരിയിലൂടെയായിരുന്നു മറുപടി. ശ്രീ ഗുരുജിയുടെ സഹായിയായിരുന്ന ആബാ ജീ ദത്തെ വിവാഹ തീയതിയും മറ്റു വിവരങ്ങളും അവരുടെ സഹായത്തോടെ രേഖപ്പെടുത്തി സൂക്ഷിച്ചു.
ശ്രീ ഗുരുജിയും ആബാജിയും നേരത്തെ തന്നെ എറണാകുളത്ത് എത്തി. പ്രത്യേകമായി ഏര്‍പ്പാട് ചെയ്യപ്പെട്ട ബോട്ടിലായിരുന്നു വരണ്ട സംഘം വരാപ്പുഴയിലെത്തിയതും മടങ്ങിയതും.
അക്കാലത്ത് അനന്തപ്രഭു പുല്ലേപ്പടി പ്രഭാത ശാഖയുടെ മുഖ്യ ശിക്ഷകനായിരുന്നു. ആറുമണിക്ക് മുമ്പ് തന്നെ അദ്ദേഹം ചിലരെയൊക്കെ വിളിച്ചുണര്‍ത്തി കൊണ്ടു വന്ന് ശാഖ തുടങ്ങും. ഗണഗീതം ഒക്കെ അദ്ദേഹം തന്നെയാണ് ചൊല്ലി കൊടുക്കുന്നത്.
‘ഋഷി മുനീ ജന യോഗാഭ്യാസി
ജ്ഞാനീ പരമധാമ കേ വാസീ
തീന്ഹു ലോകമേ ജാ ജാതേരി
മഹിമാ കേ ഗുണഗായേ മാതാ’
എന്ന ഗീതത്തിന്റെ അവസാന ഭാഗം ചൊല്ലി കൊടുക്കുമ്പോള്‍ നിര്‍വൃതി അനുഭവിക്കുന്ന മുഖഭാവം ആയിരുന്നു പ്രകടമായത്.
ജന്മഭൂമി പത്രം ആരംഭിക്കുന്നതിന് മുമ്പ് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും അനന്തപ്രഭു നല്ലതുപോലെ പങ്കെടുത്തിരുന്നു. എറണാകുളം മാര്‍ക്കറ്റിലെ പ്രമുഖ അരി വ്യാപാരികളായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. അച്ഛനും മക്കളും കടയില്‍ ഉണ്ടാകും. തിങ്കളും വ്യാഴവും വളരെ തിരക്കായിരിക്കും. മുന്പിലെ തോടു നിറയെ വള്ളങ്ങള്‍, റോഡില്‍ നിറഞ്ഞ ചരക്കുമായി ലോറികള്‍. ഒരിക്കല്‍ ജന്മഭൂമിയിലേക്ക് അത്യാവശ്യമായി ഒരു തുക വേണ്ടിവന്നിരുന്നു. കെ. ജി. വാധ്യാരെയാണ് സാധാരണ സമീപിക്കാറ്. അന്ന് വാധ്യാര്ജിയെ കടയില്‍ കണ്ടില്ല. തിരക്കിനിടെ അനന്തപ്രഭുവിനെ കണ്ടു കാര്യം പറയാന്‍ കഴിഞ്ഞില്ല. അദ്ദേഹം എന്നെ കണ്ട് സന്ധ്യയ്ക്ക് മുമ്പ് ഫോണ്‍ ചെയ്ത് കാര്യമന്വേഷിച്ചു. ‘താല്‍ക്കാലിക ആശ്വാസം’ നല്‍കുകയും ചെയ്തു.
ഞാന്‍ കണ്ണൂര്‍ ജില്ലാ പ്രചാരകന് ആയിരിക്കുന്ന കാലത്താണ്(1963-64) കേരളം തമിഴ്നാട്ടില്‍ നിന്ന് വേര്‍പെട്ട് പ്രത്യേക പ്രാന്തമായത്. (ഇപ്പോള്‍ കേരളം തന്നെ രണ്ടു പ്രാന്തങ്ങള്‍ ആയല്ലോ). അതിനെ തുടര്‍ന്ന് സംഘം അതിവേഗം വികസിക്കേണ്ടതിനെക്കുറിച്ച് മുതിര്‍ന്ന കാര്യകര്‍ത്താക്കള്‍ ഒരുമിച്ചിരുന്ന് ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഒന്നോ രണ്ടോ മാസത്തേക്ക് സ്വയംസേവകരെ വിസ്താരകന്മാരായി വരാന്‍ പ്രേരണ ചെലുത്തുകയായിരുന്നു ലക്ഷ്യം. അങ്ങനെ വരുന്നവര്‍ക്ക് താമസാദി സൗകര്യങ്ങള്‍ ചെയ്യാന്‍ വ്യവസ്ഥ വേണം. അതിനായി ഭാസ്കര്‍ റാവും മാധവജി, ഭാസ്കര്‍ജി, വേണുവേട്ടന് മുതലായ മുതിര്‍ന്നവരും കൂടിയാലോചിച്ച് പല അനുഭാവികളില്‍ നിന്നും വായ്പയായി കുറേ തുക സംഭരിച്ചു. അവ സൂക്ഷിക്കുന്ന ‘നിധി പ്രമുഖ’നായി അനന്തപ്രഭുവിനെയും നിശ്ചയിച്ചു. മേല്‍പ്പറഞ്ഞ പ്രകാരം വിസ്താരകന്മാരായി പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടി ഒന്നോ രണ്ടോ മാസക്കാലത്തേക്ക് വേണ്ടിവരാവുന്ന തുക അനുവദിച്ചു കൊടുക്കാന്‍ നിധി പ്രമുഖനായിരുന്ന അനന്തപ്രഭുവിനെയാണ് അദ്ദേഹം ഭാരം ഏല്‍പ്പിച്ചത്. കമ്മ്യൂണിസ്റ്റ് കോട്ട എന്നു പറയാവുന്ന കൂത്തുപറമ്പിന് അടുത്ത കോട്ടയം എന്ന സ്ഥലത്ത് അയക്കപ്പെട്ട സ്വയംസേവകന് തന്റെ ഒരു സുഹൃത്തിന്റെ കൂടെ താമസിക്കുകയും കോട്ടയം കോവിലകം വക ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു വന്നു. അയാള്‍ക്കുള്ള പണവും അനന്ത പ്രഭുവാണ് അയച്ച് കൊടുത്തത്. അതിനടുത്ത പാച്ചപ്പൊയ്ക എന്ന സ്ഥലം പിന്നീട് പ്രസിദ്ധമായി. ഇ. കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിഭാവനം ചെയ്യപ്പെട്ട കാസര്‍ഗോഡ് വിഴിഞ്ഞം അതിവേഗ പാതയുടെ മധ്യബിന്ദുവായിരുന്നു ഈ സ്ഥലം.
അപ്രകാരം അനന്തപ്രഭു വളരെ കൃത്യമായി തന്നെ നിധി പ്രമുഖ് സ്ഥാനം ഉപയോഗപ്പെടുത്തി. സ്വന്തമായി അദ്ദേഹത്തില്‍ നിന്ന് ലഭിച്ച ഒരു സഹായം കൂടി ഇവിടെ പരാമര്‍ശിക്കാം. എന്റെ അച്ഛന്റെ അവസാനകാലത്ത് മുതലക്കോടം എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ചികിത്സിക്കപ്പെട്ടത്. കിടക്കയില്‍ നിന്ന് ശരീരം പുള്ളി പിടിക്കാതിരിക്കാന്‍ ജലശയ്യ (വാട്ടര്‍ ബെഡ്) പ്രയോജനപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. അത് ലഭിക്കുമോ എന്ന് നോക്കാന്‍ ഞാന്‍ എളമക്കര കാര്യാലയത്തില്‍ മോഹന്‍ജിയോട് അന്വേഷിച്ചു. ടൗണിലെ കടകളില്‍ തിരക്കിയപ്പോള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഒരാഴ്ച വേണ്ടിവരുമെന്നായിരുന്നു മറുപടി. വിവരമറിഞ്ഞ അനന്തപ്രഭു തന്റെ വീട്ടില്‍ ഇത്തരമൊന്നു ഉണ്ടെന്നും അത് തരാമെന്നും അറിയിച്ചു. അനന്തപ്രഭുവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ അതു കൊണ്ടുവന്ന് ഉപയോഗക്രമങ്ങള്‍ ഒക്കെ പഠിപ്പിച്ചു തന്നു. കട്ടിലില്‍ വിരിച്ച് ഹോസ് ഉപയോഗിച്ച് നിറയ്ക്കുന്ന വിധവും കാണിച്ചുതന്നു. അതില്‍ തുള വീണാല്‍ അടയ്ക്കാനുള്ള കഷണവും ഒട്ടിക്കുന്ന പശയും സഹിതമാണ് തന്നുവിട്ടത്.
പരമേശ്വര്‍ജിയുടെ ഭൗതിക ദേഹം എറണാകുളത്തു കൊണ്ടുവന്ന ദിവസമാണ് ഞാന്‍ അനന്തപ്രഭുവിനെ അവസാനം കണ്ടത്. എന്റെ എറണാകുളം യാത്ര വിരളമായതും യാത്രയ്ക്ക് ചിറ്റൂര്‍ റോഡ് ഉപയോഗിക്കാത്തതും ആ വീട്ടില്‍ പോകാനുള്ള അവസരം ഇല്ലാതാക്കി. കാര്യാലയ പ്രമുഖ് കെ. പുരുഷോത്തമന് അന്തരിച്ച ദിവസം കാര്യാലയത്തില്‍ വച്ച് അനുജന് സജ്ജനെയും മറ്റുള്ളവരെയും കണ്ടപ്പോള്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചു. അനന്തപ്രഭുവിനെ കുറിച്ചുള്ള എട്ടു പതിറ്റാണ്ട് കാലത്തെ ഓര്‍മകള്‍ നമുക്ക് എന്നും പ്രചോദനമായി നില്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: