ഡി. പാര്‍വതി അമ്മ
സെക്രട്ടറി, ചിന്മയ മിഷന്, കോട്ടയം
(94970 88030)
ഈശ്വരാംശം ഏറെയുള്ള മനുഷ്യര്‍ ഇടയ്ക്കിടെ അവതാരമെടുക്കും എന്ന സങ്കല്പം എല്ലാ മതങ്ങളിലുമുണ്ട്. അങ്ങനെ കേരളത്തില്‍ അവതാരംപൂണ്ട പുണ്യാത്മാവാണ് ജഗത്ഗുരു ആദിശങ്കര തീര്‍ത്ഥപാദര്‍ എന്ന ആദിശങ്കരന്. ഭാരത തത്ത്വശാസ്ത്ര നഭോമണ്ഡലത്തില്‍ എന്നും തിളങ്ങി നില്ക്കുന്ന താരകമാണ് ശങ്കരാചാര്യര്‍.
അജയ്യനായ ആദിശങ്കരന്റെ ജയന്തി നാളെയാണ്. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ വിപുല പരിപാടികളോടെ ആണ് ശങ്കരജയന്തി ആഘോഷം. മേയ് 8 മുതല്‍ ചിന്മയശങ്കരം എന്ന പേരില്‍ ശങ്കരാചാര്യരുടെയും ചിന്മയാനന്ദ സ്വാമികളുടെയും
ജയന്തി സംയുക്തമായാണ് ആഘോഷിക്കുന്നത്. ശ്രീശങ്കരഭാരതി സ്വാമിയുടെ അനുഗ്രഹപ്രഭാഷണവും സൗന്ദര്യലഹരി പാരായണവും ഇതില്‍ ഉള്‍പ്പെടുന്നു.
ഹൈന്ദവ വിശ്വാസപ്രകാരവും ശൃംഗേരി ശാരദാപീഠം അംഗീകരിക്കുന്നതു പ്രകാരവും എ.ഡി. 788-820 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സന്ന്യാസിയും ദാര്‍ശനികനുമായിരുന്നു ശ്രീശങ്കരാചാര്യര്‍. അദൈ്വത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കരണം നല്കിയ ശങ്കരാചാര്യരെ ഭാരതം ലോകത്തിനു നല്കിയ വലിയ സംഭാവനയായാണ് വിലയിരുത്തുന്നത്. കേരളത്തിനു പുറത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ആചാര്യസ്വാമികള്‍.
ജനനവും ബാല്യവും
എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് പാഴൂര്‍ ഇല്ലത്ത് ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായാണ് ശങ്കരന്റെ ജനനം. വളരെ ചെറുപ്പത്തിലേതന്നെ പിതാവ് മരിച്ചു. കളിച്ചുനടക്കേണ്ട പ്രായത്തില്‍ വേദ, വേദാന്ത, പുരാണ, ഇതിഹാസങ്ങള്‍ ഹൃദിസ്ഥമാക്കി ശങ്കരന് തന്റെ അഗാധ പാണ്ഡിത്യം പ്രകടമാക്കി. മൂന്നു വയസായപ്പോള്‍ അക്ഷരാഭ്യാസവും വായനയും വശമാക്കി. അഞ്ചാംവയസില്‍ ഉപനയിച്ചു. സാമ്പ്രദായിക ഗുരുകുല വിദ്യാഭ്യാസമാണ് ശങ്കരനു ലഭിച്ചത്.
ലക്ഷ്മീപ്രസാദത്തിന്റെ കനകധാരാ സ്്തോത്രം
ഭിക്ഷാംദേഹിയായി ചുറ്റിസഞ്ചരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു സാധുസ്ത്രീ നല്കിയ ഭിക്ഷ ഒരു ഉണക്ക നെല്ലിക്കയായിരുന്നു. അത്ര ദാരിദ്യമായിരുന്നു ആ ഇല്ലത്തില്‍. ഭിക്ഷ സ്വീകരിച്ച അദ്ദേഹം അവിടെ നിന്ന് ലക്ഷ്മീദേവിയെ സ്തുതിച്ച് കനകധാരാ സ്ത്രോത്രം രചിച്ചു ചൊല്ലി. അതോടെ ആ സാത്വിക സ്ത്രീക്കുമേല്‍ സ്വര്‍ണനെല്ലിക്കകള്‍ വര്‍ഷിച്ചു എന്നാണ് ഐതിഹ്യം.
ചെറുപ്രായത്തിലേ ശങ്കരന് സന്ന്യാസത്തില്‍ താത്പര്യം കാട്ടി. എന്നാല്‍, ആര്യാംബ അതില്‍ വിസമ്മതിച്ചു. പക്ഷേ അമ്മയുടെ അനുഗ്രഹാശിസുകളോടെ ശങ്കരനു സന്ന്യാസം സ്വീകരിക്കാനുള്ള ദൈവീകനിയോഗം അതിശയകരമായി ഒരുങ്ങി. അതേക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ:
മുതലയുടെ പിടിയില്‍ കൈവന്ന സന്ന്യാസ ദീക്ഷ
ഒരിക്കല്‍ പെരിയാറില്‍ കുളിക്കുമ്പോള്‍ ശങ്കരന്റെ കാലില്‍ മുതല കടിച്ചു. സന്ന്യാസം സ്വീകരിച്ചു മരണത്തെ പുല്കാന് അനുവാദം നല്‍കണമെന്നു ശങ്കരന് അമ്മയോട് യാചിച്ചു. ശങ്കരന് പറഞ്ഞതിന്റെ പൊരുള്‍ മനസിലാകാതിരുന്ന അമ്മയോട്, സന്ന്യാസം എന്നത് അടുത്ത ജന്മമാണെന്നും അതു സ്വീകരിച്ചാല്‍ ഈ ജന്മം രക്ഷപ്പെടാമെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ അമ്മയുടെ അനുഗ്രഹാശിസുകളോടെ ശങ്കരന് സന്ന്യാസം സ്വീകരിച്ചു. അതോടെ മുതല പിടിവിട്ടു പോയി.
അദൈ്വതസിദ്ധാന്തത്തിന് ആസേതുഹിമാലയം പ്രചാരം നല്കാന് കേരളത്തില്‍ നിന്നു കൊച്ചുശങ്കരന്‍ പിന്നീട് ഉത്തരേന്ത്യയിലേക്കു പോയി. ഒടുവില്‍ ഭാരതീയ വേദാന്ത ചിന്തയുടെ സര്‍വ്വജ്ഞപീഠം കയറി.
ശങ്കര കൃതികള്‍
വേദാന്തപ്പൊരുള്‍ പകര്ന്നുതരാന് രചിച്ച ഉത്കൃഷ്ട ഗ്രന്ഥമാണ് വിവേകചൂഡാമണി. ഉപനിഷത്തുക്കളില്‍നിന്നും ഗീതയില്‍നിന്നും കടഞ്ഞെടുത്ത വെണ്ണയാണ് വിവേകചൂഡാമണി എന്നാണു പണ്ഡിതമതം. ആദ്ധ്യാത്മികതയില്‍ ചരിക്കുന്നവര്‍ക്കു സംഭവിച്ചേക്കാവുന്ന വിഘ്നങ്ങളും വീഴ്ചകളും ഒഴിവാക്കാന്‍ വിവേകചൂഡാമണി ഫലപ്രദമാണ്.
‘സൗന്ദര്യലഹരി’ ശങ്കരാചാര്യരുടെ മറ്റൊരു അമൂല്യ കൃതിയാണ്. ഇതില്‍ ശക്തി, അഥവാ മാതാവായ ത്രിപുരസുന്ദരി ഇതില്‍ പ്രബല ഘടകമായി മാറുന്നു. ഈ പരമമായ സത്യത്തെ ദ്വന്ദ്വമല്ലാതെ പ്രകീര്‍ത്തിച്ചിരിക്കുന്നു, പത്തു പ്രധാന ഉപനിഷത്തുക്കള്‍ക്കും ബ്രഹ്മസൂത്രങ്ങള്‍, ഭഗവത്ഗീത വ്യാഖ്യാനം, ശിവാനന്ദ ലഹരി, തത്ത്വബോധം, ആത്മബോധം എന്നിവയുള്‍പ്പെടെ 76 കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒരിക്കല്‍ കാശിയിലൂടെ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം ചൊല്ലിയതാണ് ഭജഗോവിന്ദം. ഹിമാലയത്തിലെ ബദരിയില്‍ വച്ചാണ് പ്രശസ്തമായ ഭാഷ്യങ്ങള്‍, പ്രകരണഗ്രന്ഥങ്ങള്‍ എന്നിവ രചിച്ചത്.
അദൈ്വത പുനഃസ്ഥാപനം
ദൈ്വതവാദത്തെ തോല്പിക്കാനായി അദൈ്വതവാദത്തെ പുനഃസ്ഥാപിക്കാന്‍ ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. എതിര്‍ത്തവരെയെല്ലാം വാദത്തില്‍ തോല്പിക്കുകയും അവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
കശ്മീരിലെ സര്‍വ്വജ്ഞപീഠ ക്ഷേത്രത്തില്‍ നാലു ദിക്കുകളില്‍നിന്നുള്ള പണ്ഡിതന്മാര്ക്കു പ്രവേശിക്കാനായി നാലു വാതിലുകളുണ്ട്. ദക്ഷിണേന്ത്യക്കാര്‍ ആരും സര്‍വ്വജ്ഞപീഠം കയറിയിട്ടില്ല എന്നതിനാല്‍ തെക്കുവശത്തെ വാതില്‍ ഒരിക്കലും തുറന്നിരുന്നില്ല. പിന്നീട് ശങ്കരാചാര്യര്‍ മഹാജ്ഞാനത്തിന്റെ തെക്കേ ഗോപുരവാതില്‍ തുറക്കുകയും സര്‍വ്വജ്ഞപീഠം കയറുകയും ചെയ്തു. ‘ശങ്കരവിജയ’ത്തില്‍ പറയുന്നത്
സാക്ഷാല്‍ സരസ്വതീദേവിതന്നെ, ആദിശങ്കരനെ ചോദ്യംചെയ്യാനാവാതെ അറിവിന്റെ വിജയസോപാനത്തില്‍ എത്തിച്ചു എന്നാണ്.
നാലുദിക്കില്‍ നാലു മഠങ്ങള്‍
ഭാരതത്തിന്റെ നാനാദിക്കുകളില്‍ തന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ശങ്കരന് നാലു മഠങ്ങള്‍ സ്ഥാപിച്ചു. വടക്ക് ബദരീനാഥില്‍ ജ്യോതിര്‍ മഠവും പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയില്‍ ദ്വാരകാപീഠവും കിഴക്ക് ഒറീസയിലെ പുരിയില്‍ ഗോവര്‍ദ്ധന മഠവും തെക്ക് കര്‍ണാടകയിലെ ശൃംഗേരിയില്‍ ശാരദാപീഠവും. ഈ നാലു മഠങ്ങളുടെയും നടത്തിപ്പുകാരില്‍ ഹസ്താമലകാചാര്യന്‍, തോടകാചാര്യന് എന്നിവരുടെ പേരുകള്‍ വളരെ പ്രസിദ്ധമാണ്.
അദൈ്വതം എന്ന ഏകത്വശാസ്ത്രം
സര്‍വ്വവും ഒന്നാണെന്നു സൂചിപ്പിക്കുന്ന ഏകത്വ തത്വശാസ്ത്രമാണ് അദൈ്വതം. ആത്മാവ് അഥവാ ബ്രഹ്മം എന്താണ് എന്നതിനുള്ള തിരിച്ചറിവ് ഉപനിഷത്ത്, ഭഗവത് ഗീത എന്നീ ഗ്രന്ഥങ്ങളിലൂടെ നമുക്കു തന്നിരിക്കുന്നു. കാണുന്നതെല്ലാം ബ്രഹ്മമാണെന്ന് അദ്ദേഹം വാദിച്ചു. കാണുന്നതു കണ്ണാണെങ്കിലും കാഴ്ചയെ സ്വീകരിക്കാന്‍ ബുദ്ധി, മനസ് എന്നിവ പരുവപ്പെടുത്തണം. ആത്മാവ് ഇവയ്ക്കുപരിയായി കാണുന്ന സാക്ഷീചൈതന്യമാണ്. അയം ആത്മാ ബ്രഹ്മ, അഹം ബ്രഹ്മാസ്മി, തത്ത്വമസി, പ്രജ്ഞാനം ബ്രഹ്മ എന്നീ മഹാവാക്യങ്ങളിലൂടെ അദൈ്വതചിന്തയെ ശങ്കരപരമ്പര പ്രചരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: