വൈശാഖ വ്രത മാഹാത്മ്യത്താല്‍ വൈകുണ്ഠപ്രാപ്തി നേടിയ ദുഷ്ടനാണ് ധൃഷ്ടബുദ്ധി. സരസ്വതീ നദീതീരത്തെ ഭദ്രാവതി എന്ന രാജ്യത്തില്‍ വലിയ വ്യാപാരിയും ധനാഢ്യനുമായ ധനപാലന്റെ അഞ്ചു മക്കളില്‍ അഞ്ചാമനായി പിറന്ന ധൃഷ്ടബുദ്ധി ദുഷ്ടബുദ്ധികൊണ്ടും പാപവൃത്തികള്‍ കൊണ്ടും നാടിനും വീടിനും ശാപമായി മാറി. പാപചിന്തയില്ലാതെ പരസ്തീകളെ പുണര്‍ന്നും പിതൃപൂജ വെടിഞ്ഞു പാപികള്‍ക്കൊപ്പം കുടിച്ചു കൂത്താടിയും നടന്ന അവന് ശരീരത്തിന്റെ ആനന്ദാനുഭവങ്ങള്ക്കു പണം കണ്ടെത്താന്‍ ഒടുവില്‍ മോഷണവും തുടങ്ങി. അവസാനം രാജഭടന്മാര് തൊണ്ടിസഹിതം പിടിച്ച് ചങ്ങലക്കിട്ട് ചമ്മട്ടിക്ക് അടിച്ച് അവനെ നാടുകടത്തി.
അങ്ങനെ ധൃഷ്ടബുദ്ധി ഒടുവില്‍ കിരാതനായി കാടുകയറി. പുറത്ത് അമ്പു നിറച്ച ആവനാഴി ബന്ധിച്ച് കൈയില്‍ വില്ലുമായി വന്യമൃഗങ്ങളെ വേട്ടയാടി നടന്ന അവന് ഒരിക്കല്‍ ഏതോ മുജ്ജന്മ സുകൃതത്താല് കൗണ്ഡിന്യ മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നെത്തി. ഗംഗാസ്നാനം ചെയ്തു കൗണ്ഡിന്യന്‍ വരുന്ന നേരമാണ് ധൃഷ്ടബുദ്ധി ആശ്രമത്തില്‍ എത്തിയത്. അപ്പോള്‍ മഹര്‍ഷിയുടെ മരവുരിയില്‍ നിന്ന് ഒരു തുള്ളി ഗംഗാജലം ധൃഷ്ടബുദ്ധിയുടെ ദേഹത്തു തെറിച്ചു വീണു. അതോടെ ദുഷ്ടബുദ്ധി നീങ്ങി ധൃഷ്ടബുദ്ധിക്ക് മനംതെളിഞ്ഞു. ഇത്രകാലവും പാപവൃത്തികള്‍ ചെയ്തു ജീവിതം പാഴാക്കിയതില്‍ പശ്ചാത്താപവിവശനായി മാറിയ അദ്ദേഹം കൈകൂപ്പി മഹാമുനിയോട് മോക്ഷമാര്‍ഗ്ഗം ഉപദേശിച്ചുതരാന്‍ അപേക്ഷിച്ചു.
വൈശാഖ മാസത്തിലെ മോഹിനീ എന്നു പേരായ വെളുത്തപക്ഷ ഏകാദശി നോറ്റാല്‍ മഹാമേരുതുല്യം പാപങ്ങള്‍ ചെയ്തവനും പരമപദം ലഭിക്കുമെന്ന് മാമുനി അരുളിച്ചെയ്തു. കൗണ്ഡിന്യ വചനം ശിരസ്സാവഹിച്ച് മോഹിനീ ഏകാദശി വ്രതം നോറ്റ ധൃഷ്ടബുദ്ധി പാപങ്ങളെല്ലാം ഒഴിഞ്ഞ് ദിവ്യരൂപിയായി വൈകുണ്ഡം പൂകി എന്നാണ്. പത്മപുരാണം ഉത്തര ഖണ്ഡം 51-ാം അധ്യായത്തിലാണ് ഇക്കഥ വിവരിക്കുന്നത്. വൈശാഖ മാഹാത്മ്യത്തെപ്പറ്റിയും വ്രതചര്യയെപ്പറ്റിയും മഹാഭാരതം അനുശാസപര്‍വ്വം 106-ാം അധ്യായത്തിലും പരാമര്‍ശങ്ങളുണ്ട്.
എസ്.കെ.കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: