തിരുവനന്തപുരം: കരമനയിൽ നടുറോഡിൽ വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയാണ് പിടിയിലായത്. പ്രതികൾ വന്ന വാഹനത്തിൽ കിരണും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കരമന സ്വദേശികളായ അഖിൽ, അനീഷ് , സുമേഷ്, വിനീഷ് രാജ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
പ്രതികൾ കരമന അനന്തു കൊലക്കേസിലെ പ്രതികളാണെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്. യുവാവിനെ അടിച്ച് നിലത്തിടുന്നതിന്റെയും ശേഷം കല്ലുകൊണ്ട് തല തകർക്കുന്നതിന്റെയും ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്. മരുതൂർ കടവ് പ്ലാവില വീട്ടിൽ അഖിലിനെയാണ് പ്രതികൾ ചേർന്ന് കൊലപ്പെടുത്തിയത്. ബാറിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലപാതകം. കാറിലെത്തിയ സംഘം ഇന്നലെ വൈകുന്നേരം അഖിലിനെ മർദ്ദിക്കുകയായിരുന്നു. ശേഷം കല്ലു കൊണ്ടും ഹോളോബ്രിക്‌സുകൊണ്ടും തലയ്‌ക്ക് അടിച്ചു. ആളുകൾ കൂടിയതോടെ ഇവിടെ നിന്നും സംഘം കടന്നു കളയുകയായിരുന്നു.
തലയോട്ടി പിളർന്ന നിലയിലാണ് അഖിലിനെ ആശുപത്രിയിൽ എത്തിച്ചത്. ഈ പരിക്കാണ് മരണകാരണമായത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പ്രതികൾ കടന്നു കളയുകയായിരുന്നു. അതേസമയം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അഖിലിന്റെ വീട് സന്ദർശിച്ച ശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം. അതി ദാരുണമായ സംഭവം ആണ് നടന്നത്. സർക്കാർ അതിയായ ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: