എ.കെ.ബാലന് നിസ്സാരക്കാരനല്ല. കറതീര്‍ന്ന കമ്മ്യൂണിസ്റ്റാണെന്നാണ് വയ്പ്. ഏറെ വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്നു. പിന്നീട് വൈദ്യുതമന്ത്രി. കറതീര്‍ന്ന, കളങ്കരഹിതനായ കമ്മ്യൂണിസ്റ്റുകാരനല്ലെന്ന അഭിപ്രായം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതും തീര്‍ന്നു. ആ പ്രസ്താവനയാണ് എ.കെ. ബാലനില്‍ നിന്നും ഉണ്ടായത്. ‘ആറുദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവം പോലും ഒരു ദിവസം വിശ്രമിച്ചില്ലെ. ആ ദിവസമല്ലെ ഞായറാഴ്ച’ എന്ന എ.കെ. ബാലന്റെ ചോദ്യം സാധാരണ കമ്മ്യൂണിസ്റ്റുകാരന്റേതാണോ? പ്രപഞ്ചം ഉണ്ടാക്കിയത് ദൈവമാണെന്ന് ഒരു സാധാരണ കമ്മ്യൂണിസ്റ്റുകാരന് പറയാനാകുമോ? അതിന് കേന്ദ്രകമ്മറ്റി അംഗം തന്നെ വേണ്ടേ? അതാകട്ടെ പാപിയോടൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്ന താത്വിക വിശകലനം നടത്തിയ മുഖ്യമന്ത്രിയുടെ വിനോദ, വിദേശ യാത്രയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരിക്കവെ പ്രത്യേകിച്ചും. എല്ലാം ശിവ ശിവ.
മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വിവാദത്തിലാണ് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ ബാലന്റെ പ്രതികരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അദ്ദേഹം ഒന്നു വിശ്രമിക്കട്ടെ. അതിലെന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. ഇത്ര വ്യക്തത വരുത്തിയിട്ടും സംശയം തീരാത്തത് മാധ്യമങ്ങളുടെ തകരാറാണ്. സ്വകാര്യ യാത്രയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര സംശയമെന്നും എ.കെ. ബാലന് ചോദിച്ചു.
വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇന്ത്യയുടെ തെക്കേ അറ്റത്തെ ഇന്ദിരാ പോയിന്റില്‍ നിന്ന് ഒരു വിളി വിളിച്ചാല്‍ കേള്‍ക്കുന്ന സ്ഥലമാണ് ഇന്തോനേഷ്യയെന്നും എ.കെ.ബാലന് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. ‘മുന്‍പും മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അന്നൊന്നും ഇത്ര വിവാദം ഉണ്ടായില്ലല്ലോ? തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. ഏകദേശം 30 ദിവസം മുഖ്യമന്ത്രി ഒരുദിവസം നാല് മണിക്കൂര്‍ വെച്ച് പ്രസംഗിച്ചു. ആ വിധത്തില്‍, താങ്ങാന്‍ പറ്റാത്തവിധം സ്ട്രെയിനെടുത്ത ഒരാളെ ഒന്നുവിശ്രമിക്കാന്‍ അനുവദിക്കുന്നതിന് എന്താണിത്ര ബുദ്ധിമുട്ട്?
നവ കേരള യാത്രക്കായി മുഖ്യമന്ത്രി കഠിന പ്രയത്നം ചെയ്തു. അദ്ദേഹത്തിന് വിശ്രമിക്കാന്‍ അവകാശം ഉണ്ടെന്നും ബാലന്റെ അഭിപ്രായം. വിദേശയാത്രയുടെ ചെലവിന്റെ സ്രോതസ് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണവും എ കെ ബാലന് തള്ളി. വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ വലിയ ചെലവ് ഒന്നുമില്ല. ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന മുഖ്യമന്ത്രിക്ക് എന്താണ് ബുദ്ധിമുട്ട്. കെ. സുധാകരന് ഉപയോഗിച്ച വാക്കിനൊന്നും മറുപടി ഇല്ലെന്നും എ.കെ ബാലന് പറഞ്ഞു.
മെയ് ആറിന് ആരംഭിച്ച് 16 ദിവസം നീണ്ടു നില്ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തില്‍ മടങ്ങിയെത്തുകയും ചെയ്യും. സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാല്‍ അത്തരം അറിയിപ്പുകള് ഒന്നും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി സ്വന്തം പണം ഉപയോഗിച്ചല്ല യാത്രയെന്ന ന്യായത്തോട് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് ഒട്ടും യോജിപ്പില്ല. സ്വന്തം പണം തന്നെയാണദ്ദേഹം ഉപയോഗിക്കുന്നത്. പക്ഷേ ഒന്നേകാല്‍ ലക്ഷം ശമ്പളം എന്ന ബാലന്റെ വാദത്തോട് ശിവന്‍കുട്ടിക്ക് യോജിപ്പില്ല. 92000 രൂപയാണ് ശിവന് അറിഞ്ഞ ശമ്പളം. പക്ഷേ പണത്തിന്റെ കണക്കൊന്നും ഗോവിന്ദന് പറയുന്നില്ല.
ഇവിടെ ഇതിന് മുമ്പും മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. സ്വകാര്യ സന്ദര്്ശനത്തിന് പോയ എല്ലാ മുഖ്യമന്ത്രിമാരേയും നമുക്കറിയാം. പ്രധാനമന്ത്രിയാണെങ്കില്‍ എല്ലാ കാലത്തും നിരന്തരം പോയിക്കൊണ്ടിരിക്കുകയാണ്. ചില കോണ്‍ഗ്രസ് നേതാക്കളാണെങ്കില്‍ എവിടെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് ആരും അറിയാതെ ഇടക്കിടക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന കാര്യവും നമുക്കറിയാം. ഇതെല്ലാം വെച്ച് കേരളത്തോടുള്ള, പ്രത്യേകിച്ച് സിപിഎമ്മിനോടുള്ള, ഇടതുപക്ഷജനാധിപത്യമുന്നണിയോടുള്ള വിരോധം മാത്രം അടിസ്ഥാനപ്പെടുത്തി ചര്‍ച്ചചെയ്യുന്നതാണെന്നും ഗോവിന്ദന് പറഞ്ഞു. കുഴല്‍നാടനെതിരായ വിധി അവര്‍ക്കുകൂടി ഏറ്റ അടിയാണെന്ന് മനസിലാക്കി, ജനങ്ങല്‍ പ്രതികരിക്കാതിരിക്കാന്‍ അപ്പോള്‍തന്നെ വേറൊരുകാര്യം അവതരിപ്പിക്കുന്ന നിലയാണ് സ്വീകരിച്ചതെന്നും ഗോവിന്ദന് പറയുന്നു.
മുഖ്യമന്ത്രിക്ക് ലോകത്തിന്റെ എവിടെനിന്നും ചുമതല നിര്‍വഹിക്കാനാകും. പിന്നെ ചുമതല പ്രത്യേകമായി ഏല്‍പ്പിക്കേണ്ട ഒരു പ്രശ്നവും നമ്മുടെ മുമ്പിലില്ല. പാര്‍ട്ടിയുടെയും അതുപോലെ ഗവണ്മെന്റ് എന്ന രീതിയില്‍ അതിന്റെയും അനുമതികൂടി വാങ്ങി യാത്രചെയ്യുന്ന മുഖ്യമന്ത്രിയെ കടന്നാക്രമിക്കാന്‍ മാധ്യമശൃംഖല ഇതിന് മുമ്പെല്ലാം ചെയ്യുന്നതുപോലെയുള്ള ജോലി നിര്‍വഹിച്ചു എന്ന് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി മറ്റു സംസ്ഥാനങ്ങളില്‍ പോയില്ലെന്ന ആരോപണത്തിലും ഗോവിന്ദന് മറുപടി നല്കി. തെരഞ്ഞെടുപ്പ് ആദ്യമായി വന്നതല്ല. ഇതിന് മുമ്പും തെരഞ്ഞെടുപ്പ് വന്നിട്ടുണ്ട്. ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് ആദ്യംതന്നെ തീരുമാനിച്ചതാണ്. എന്തിനാണ് ഈ യാത്ര വിവാദമാക്കുന്നത്. അദ്ദേഹത്തിന്റെ യാത്രയില്‍ ഒരു ചട്ടലംഘനവുമില്ല. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ അദ്ദേഹം പോകാറുള്ളൂ. ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യവും മുഖ്യമന്ത്രി ചെയ്യില്ല. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഇ.പി. ജയരാജന്റേതാണീ ന്യായീകരണം.
തെരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ യാത്രയുടെ ഔചിത്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരൊക്കെ എവിടെയൊക്കെ പോകണമെന്ന് തങ്ങള്‍ തീരുമാനിച്ചാല്‍ പോരെയെന്നായിരുന്നു ഇ.പിയുടെ മറുചോദ്യം. ‘ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിയാല്‍ പോരേ. ആരൊക്കെ എവിടെയൊക്കെ പോകണം, എവിടെയൊക്കെ പ്രസംഗിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. കേരളമല്ലല്ലോ ഇന്ത്യ. ദേശീയ നേതാക്കള്‍ പോകേണ്ട സ്ഥലത്തൊക്കെ പോകുന്നുണ്ട്’, ഇ.പി പറഞ്ഞു. യാത്രയുടെ ചെലവ് ആരാണ് വഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ചെലവ് കൊടുക്കുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യാത്രയുടെ സ്പോണ്സര് ആരാണെന്ന് എന്തിനാണ് അന്വേഷിക്കുന്നത്. എല്ലാ കാര്യവും മാധ്യമങ്ങളോട് പറയേണ്ടതുണ്ടോയെന്നും ഇ.പി. ഏതായാലും പൊന്നുകുടത്തു മുത്തപ്പാ കാത്തോളണേ എന്ന പ്രാര്‍ത്ഥന മാത്രം കേട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: