മുംബൈ: ഭാരത പുരുഷ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ). അടുത്ത ആഴ്ച ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി വരുന്ന ട്വന്റി20 ലോകകപ്പോടെ അവസാനിക്കും. ഇതേ തുടര്‍ന്നാണ് പുതിയ പരിശീലകനെ തേടുന്നത്. രാഹുല്‍ ദ്രാവിഡിന് പരിശീലക സ്ഥാനത്ത് തുടരണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കി നടപടി ക്രമങ്ങള്‍ക്ക് വിധേയനാകണമെന്ന് ജയ് ഷാ അറിയിച്ചു.
2021ല്‍ മുന്‍ ഭാരത നായകന്‍ കൂടിയായ രവി ശാസ്ത്രി പരിശീലക പദവി ഒഴിഞ്ഞപ്പോഴാണ് രാഹുല്‍ ദ്രാവിഡ് 2021 നവംബറില്‍ ചുമതലയേറ്റത്. 2023 ഏകദിന ലോകകപ്പ് കഴിയും വരെയായിരുന്നു ദ്രാവിഡിന്റെ കാലാവധി. ലോകകപ്പില്‍ റണ്ണറപ്പുകളായതിനെ തുടര്‍ന്ന് ഇക്കൊല്ലം നടക്കുന്ന ട്വന്റി20 ലോകകപ്പ് കഴിയും വരെ കരാര്‍ നീട്ടാന്‍ ബിസിസിഐയും ദ്രാവിഡും തമ്മില്‍ ധാരണയായി. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പ് കഴിയുമ്പോള്‍ ഭാരതത്തിന് പുതിയ പരിശീലകനെ ആവശ്യമായി വരും. ഇതിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ പരസ്യം നല്‍കാനാണ് ബിസിസിഐ ഔദ്യോഗിക തലത്തില്‍ തീരുമാനമെടുത്തത്.
വരും കാലത്ത് പരിമിത ഓവര്‍ ക്രിക്കറ്റിനും ടെസ്റ്റ് മത്സരങ്ങള്‍ക്കും വെവ്വേറ പരിശീലകരെ നിയോഗിക്കുന്ന കാര്യം ബിസിസിഐ ഗൗരവമായി ആലോചിക്കുന്നുണ്ട്. മിക്ക ടീമുകളിലും ഇത്തരത്തിലാണ് പരിശീലകരെ നിശ്ചയിച്ചിരിക്കുന്നത്. ട്വന്റി20യും ഏകദിനവും ഉള്‍പ്പെടുന്ന പരിമിത ഓവര്‍ ക്രിക്കറ്റിന് ഒരാളെ പരിശീലകനാക്കുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റിന് മറ്റൊരു പരിശീലകനെ കണ്ടെത്തേണ്ടിവരും. ബിസിസിഐയുടെ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുടേതാണ് ഈ നിര്‍ദേശമെന്ന് ജയ് ഷാ അറിയിച്ചു. അഡൈസറി കമ്മിറ്റിക്ക് വിദേശ പരിശീലകരോടാണ് താല്‍പര്യമെന്ന് ജയ്ഷാ സൂചിപ്പിച്ചു.
അവര്‍ അത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടാല്‍ തനിക്ക് അതിലിടപെടാനാവില്ലെന്നും ജയ് ഷാ വ്യക്തമാക്കി. ഭാരതത്തിന്റെ മുന്‍ ബാറ്റര്‍ അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ചപ്പെ, സുലക്ഷണ നായിക് എന്നിവരാണ് അഡൈ്വസറി കമ്മിറ്റിയിലുള്ളത്. ഇനി പരിശീലകനെ നിയമിക്കുമ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് കരാര്‍ ഉണ്ടാക്കണമെന്നാണ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: