ലെവര്കുസന്: യൂറോപ്യന്‍ ഫുട്ബോളിലെ രണ്ടാമത്തെ വലിയ ടൂര്‍ണമെന്റായ യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ കലാശപ്പോരില്‍ ഇത്തവണ മുഖാമുഖം വരുന്നത് ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കുസനും ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയും. ഇന്നലെ പുലര്‍ച്ചെ നടന്ന രണ്ടാം പാദ സെമി മത്സരങ്ങളില്‍ ഇരു ടമുകളും ജയിച്ച് ഫൈനലിലേക്ക് മുന്നേറി.
സ്വന്തം തട്ടകത്തില്‍ ലെവര്കുസന് ഇറ്റാലിയന്‍ ടീം എഎസ് റോമയെ 2-2 സമനിലയില്‍ തളച്ചു. ആദ്യ പാദ മത്സരത്തില്‍ റോമയുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെവര്കുസന് ജയിച്ചിരുന്നു. മൊത്തം ഗോള്‍ നേട്ടം 4-2നാണ് ജര്‍മന്‍ ക്ലബ്ബ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്.
സീസണില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ലെവര്കുസന് ഇന്നലെ അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ച്ചവച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ നിരവധി മുന്നേറ്റങ്ങളാണ് റോമ ഗോള്‍ മുഖത്തേക്ക് നടത്തിക്കൊണ്ടിരുന്നത്. പക്ഷെ ഗോള്‍ മാത്രം വീണില്ല. ലെവര്‍കുസനെ നിര്‍ഭാഗ്യം പിടികൂടുന്ന പോലെയാണ് ആദ്യ പകുതി കടന്നുപോയത്. 43-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ ലിയാന്‍ഡ്രോ പരെഡെസ് റോമയെ മത്സരത്തില്‍ മുന്നിലെത്തിച്ചു. ഈ ഒരു ഗോളിന്റെ മികവില്‍ റോമ ആദ്യ പകുതി പൂര്‍ത്തിയാക്കി. രണ്ടാം പകുതിയിലും റോമയെക്കാല് ഒരുപടി മുന്നില്‍ ലെവര്കുസന് തന്നെയായിരുന്നു. പക്ഷെ 66-ാം മിനിറ്റില്‍ വീണ്ടും പെനല്‍റ്റി നേടി പരെഡെസ് ഇരട്ടഗോള്‍ നേടി റോമയെ മൊത്തം ഗോള്‍ നേട്ടത്തില്‍ ഒപ്പമെത്തിച്ചു.
തളരാതെ പൊരുതിക്കൊണ്ടിരുന്ന ലെവര്കുസന് 82-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നും ദാനഗോള്‍ സ്വന്തമാക്കി ഒരു ഗോള്‍ മടക്കി. ഇന്‍ജുറി ടൈമിലേക്ക് കടന്ന മത്സരത്തില്‍ ജോസിപ് സ്റ്റാനിസിച് നേടിയ ഗോളില്‍ ലെവര്കുസന് മത്സരത്തില്‍ സമനില സ്വന്തമാക്കി. മൊത്തം ഗോള്‍ നേട്ടത്തില്‍ രണ്ട് ഗോള്‍ മുന്നിലുമെത്തി മുന്നേറ്റത്തിനുള്ള അധികാരം സ്വന്തമാക്കി.
അറ്റ്ലാന്റയുടെ തട്ടകത്തില്‍ നടന്ന രണ്ടാംപാദ സെമിയില്‍ ഫ്രഞ്ച് ക്ലബ്ബ് മെഴ്സെലെയ്ക്കെതിരെ 3-0ന്റെ മികച്ച വിജയത്തോടെയാണ് ഇറ്റാലിയന്‍ ക്ലബ്ബ് ഫൈനല്‍ ഉറപ്പിച്ചത്. മെവ്സെലെയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ ആദ്യ പകുതിയില്‍ അഡീമോല ലുക്ക്മാനിലൂടെ അറ്റ്ലാന്റ ഒരുഗോളിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ മറ്റിയോ റുഗ്ഗേറിയിലൂടെ അറ്റ്ലാന്റ ലീഡ് ഇരട്ടിപ്പിച്ചു. ഇന്‍ജുറി ടൈമില്‍ എല്‍ ബിലാല്‍ ടോറിലൂടെ അറ്റ്ലാന്റ മൂന്നാം ഗോളും നേടി.
ഈ മാസം 22ന് രാത്രി പന്ത്രണ്ടരയ്ക്കാണ് യൂറോപ്പ ലീഗ് ഫൈനല്‍. അയര്‍ലന്‍ഡ് നഗരമായ ഡബ്ലിനിലെ അവീവ സ്റ്റേഡിയത്തിലാണ് ഇത്തവണത്തെ കലാശപ്പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: