അയോദ്ധ്യ: ഇന്‍ഡി മുന്നണി അധികാരത്തിലെത്തിയാല്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തെ ശുദ്ധീകരിക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ ആചാര്യന്മാര്. അഴിമതിയുടെ കറയില്‍ മുങ്ങിത്താണ അവരെങ്ങനെയാണ് ക്ഷേത്രം ശുദ്ധീകരിക്കുന്നതെന്ന് ഹനുമാന് ഗഡി ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ രമേശ് ദാസ് പ്രതികരിച്ചു.
ഹിന്ദു വിശ്വാസങ്ങളെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും സനാതനധര്‍മ്മം മലേറിയ പോലെ മാരകമായ രോഗമാണെന്ന് പ്രസംഗിക്കുകയും ചെയ്ത നേതാക്കളാണവര്‍. അവരെങ്ങനെ ക്ഷേത്രകാര്യങ്ങളില്‍ അഭിപ്രായം പറയുമെന്ന് അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാനാ പടോള്‍ ആണ് രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന പ്രസ്താവന കഴിഞ്ഞ ദിവസം നടത്തിയത്.
നരേന്ദ്രമോദി മൂന്നാംതവണയും പ്രധാനമന്ത്രിയാകുന്നത് തടയാന്‍ വ്യാജഭക്തികൊണ്ട് ആവില്ലെന്ന് ശ്രീരാമക്ഷേത്രപൂജാരി ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു. ഭഗവാന് രാമന് അദ്ദേഹത്തിന്റെ രാജസദസില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്കും അത് തടയാനും ഇനി തകര്‍ക്കാനുമാവില്ല. മോദി പ്രധാനമന്ത്രിയെന്ന ഭാവത്തിലല്ല, ഭക്തനെന്ന രീതിയിലാണ് വ്രതാനുഷ്ഠാനങ്ങളോട് ക്ഷേത്രത്തിലെത്തുന്നത്. അത് അനുകരിക്കാന്‍ വ്യാജഭക്തി കൊണ്ട് കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: