നാസിക്ക്: ധര്‍മം, സംസ്കാരം, പാരമ്പര്യം, ജീവിത മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുക എന്നത് ദേശീയ ദൗത്യമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. രാവും പകലും നമുക്ക് യുദ്ധകാലമാണെന്ന് സന്ത് തുക്കാറാം പറഞ്ഞത് ധര്‍മ രക്ഷയുടെ ജാഗ്രതയെ മുന്‍നിര്‍ത്തിയാണ്. അക്കാര്യത്തില്‍ കര്ക്കശക്കാരായിരിക്കുകയും രാഷ്ട്രസേവനത്തിനായി സമയം കണ്ടെത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രസേവയില്‍ മാതൃശക്തിയുടെ പങ്കാളിത്തം എന്ന വിഷയത്തില്‍ രാഷ്ട്ര സേവിക സമിതി പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ജോഷി.
രാഷ്ട്രം ഒരു ആശയമാണ്. സമയം നല്കാന് മനസിനെ പഠിപ്പിക്കണം. മൂല്യങ്ങളുടെ പ്രാധാന്യം അച്ഛനമ്മമാര്‍ മനസിലാക്കുന്നില്ലെങ്കില്‍, അത് കുട്ടികളിലേക്ക് പകരില്ല. വരും തലമുറയെ സംസ്കാരത്തോടെ വളര്‍ത്തിയെടുക്കണമെങ്കില്‍ അമ്മമാരും നല്ല കാര്യങ്ങള്‍ പഠിക്കുകയും കേള്‍ക്കുകയും വേണം. പുതിയ തലമുറയ്ക്ക് നല്ല അമ്മമാരെ ആവശ്യമുണ്ട്. മാതൃ ദേവോ ഭവ എന്ന് ലോകത്തോട് പറഞ്ഞത് ഭാരതമാണ്. സ്ത്രീകള്‍ ദേവതാഗണങ്ങളാണ്. നമ്മുടെ പാരമ്പര്യത്തില്‍ അതിശക്തരായ ഭരണാധികാരികളുടെ പട്ടികയില്‍ സ്ത്രീകളുണ്ട്. അഹല്യഭായ് ഹോള്‍ക്കര്‍, ഝാന്‍സിയിലെ റാണി തുടങ്ങിയവര്‍ മുതല്‍ മംഗള്‍യാനിലും ചന്ദ്രയാനിലും അണിനിരന്ന ശാസ്ത്രജ്ഞമാര്‍ വരെ നമ്മുടെ ശ്രേഷ്ഠപാരമ്പര്യത്തിന്റെ അടയാളങ്ങളാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
പാശ്ചാത്യ സംസ്കാരം നമ്മെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഉപഭോഗ ഉപാധികളുടെ പരിധി അറിയാത്തത് യഥാര്‍ത്ഥത്തില്‍ കുറ്റമാണ്. അതുകൊണ്ട് നമ്മള് സ്വയം തിരിച്ചറിയുകയും പരസ്പരാശ്രിതത്വത്തിന്റെ സൂത്രവാക്യം സ്വീകരിക്കുകയും ചെയ്യണം. കുടുംബങ്ങളില്‍ മൂല്യമുള്ള ജീവിതം ഉറപ്പാക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒരാളും മാറി നില്‍ക്കരുത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: