India

പാകിസ്ഥാന് വേണ്ടി ചാരവൃത്തി ബിഹാര്‍ സ്വദേശി പിടിയില്‍

Published by

അഹമ്മദാബാദ്: പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരപ്പണി ചെയ്ത ബിഹാര്‍ സ്വദേശി അറസ്റ്റില്‍. ഗുജറാത്തിലെ ബറൂച്ചില്‍ നിന്നാണ് ഗുജറാത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സിഐഡി) ഇയാളെ അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി പ്രവര്‍ത്തിച്ച പ്രവീണ്‍ മിശ്രയെന്നയാളാണ് പിടിയിലായത്.

ഉധംപൂരിലെ മിലിട്ടറി ഇന്റലിജന്‍സ് നല്കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സായുധസേനയെയും പ്രതിരോധ വകുപ്പുമായും ബന്ധപ്പെട്ട ഗവേഷണ-വികസന സ്ഥാപനങ്ങളെ കുറിച്ചുമുള്ള രഹസ്യങ്ങള്‍ പ്രവീണ്‍ മിശ്ര ശേഖരിച്ചിരുന്നതായി സിഐഡി കണ്ടെത്തി. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ചേര്‍ന്ന് പ്രതി ഗൂഢാലോചന നടത്തിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തില്‍ ലഭിച്ചു. വാട്സ്ആപ്പ് കോളുകള്‍, ഓഡിയോ ചാറ്റുകള്‍ എന്നിവയുടെ തെളിവുകളും ലഭിച്ചു.

ഐഎസ്‌ഐയുടെ ഹണിട്രാപ്പില്‍ പെടുകയായിരുന്നു ഇയാള്‍. ഇതിനായി സൊനാലി ഗാര്‍ഗ് എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലാണ് ഐഎസ്‌ഐ ഉപയോഗിച്ചത്. ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്ത വാട്‌സ്ആപ്പ് നമ്പറും ഉപയോഗിച്ചിരുന്നു. പ്രവീണ്‍ മിശ്ര ചോര്‍ത്തിയ വിവരങ്ങള്‍ ഇവര്‍ക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍, ചാരവൃത്തിക്കായി പ്രവീണ്‍ മിശ്ര ഉപയോഗിച്ചിരുന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുപയോഗിച്ച് പാകിസ്ഥാനില്‍ നിന്ന് വാട്‌സ്ആപ്പില്‍ പ്രവീണ്‍ മിശ്രയുമായി ബന്ധപ്പെട്ടയാള്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഡിആര്‍ഡിഒയുമായി ബന്ധമുള്ള ഹൈദരാബാദിലെ ഒരു കമ്പനിയിലാണ് പ്രവീണ്‍ മിശ്ര ജോലി ചെയ്യുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആരംഭിച്ചുവെന്ന് സിഐഡിയുടെ എഡിജിപി രാജ്കുമാര്‍ പാണ്ഡ്യന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by