പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കര്‍ത്താവും, തത്വചിന്തകനും വീരശൈവരുടെ ആത്മീയ ആചാര്യനുമായ ബസവേശ്വരന്റെ ജന്മദിനമാണ് ഇന്ന്. ‘ഭാരതത്തിലെ ആദ്യത്തെ സ്വതന്ത്രചിന്തകനാണ് ബസവേശ്വരന്’ എന്ന് ചരിത്രകാരനായ ആര്‍തര്‍ മില്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്.
യാഥാസ്ഥിതികചിന്തകള്‍ ശക്തമായിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജനിച്ച ബസവേശ്വരന്, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചു. അസമത്വങ്ങള്‍ക്കും ലിംഗവിവേചനങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനം സ്വന്തം കുടുംബത്തില്‍ നിന്നും അദ്ദേഹം ആരംഭിച്ചു. ശൈവ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ബസവേശ്വരന് തന്റെ ഉപനയന ചടങ്ങ് ബഹിഷ്കരിച്ചു കൊണ്ടാണ് സ്ത്രീ പുരുഷ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയത്. തന്റെ സഹോദരിക്ക് നിഷേധിക്കുന്ന പൂണൂല് തനിക്കാവശ്യമില്ലന്നു അദ്ദേഹം പ്രഖ്യാപിച്ചു. പൂണൂല് ജാതിയുടെ പ്രതികമാണെന്നും മനുഷ്യനെ സമൂഹത്തില്‍ വേര്‍തിരിച്ചു കാണിക്കാന്‍ മാത്രമേ അത് ഉപകരിക്കു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
പൂണൂല് നിഷേധിച്ചതിലൂടെ പുരോഹിത വര്‍ഗ്ഗത്തെയാണ് അദ്ദേഹം പരോക്ഷമായി ചോദ്യം ചെയ്തത്. നിലവിലുള്ള സമ്പ്രദായങ്ങളെയും, ആചാരങ്ങളെയും ചോദ്യം ചെയ്ത അദ്ദേഹം സ്വന്തം വീടുവിട്ടിറങ്ങി കൂടല സംഗമക്ഷേത്രത്തില്‍ എത്തി ജാതവേദമുനിയുടെ ശിഷ്യത്വത്തില്‍ വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ബിജ്വല രാജധാനിയിലെത്തിയ ബസവേശ്വരന് പടിപടിയായി ഉയര്‍ന്ന് ധനകാര്യ മന്ത്രിയായി. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിപദം വരെ എത്തുകയും ചെയ്തു. രാജ്യത്തെ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുമ്പോഴുമദ്ദേഹം സാമൂഹ്യപരിഷ്കരണത്തിനു മുന്‍തൂക്കം നല്കി. പന്ത്രണ്ടാം നൂറ്റാണ്ടിലെ അരക്ഷിതാവസ്ഥയിലുള്ള ജനതയെ പുതിയ വെളിച്ചത്തിലേക്ക് ബസവേശ്വരന് കൈ പിടിച്ചു നയിച്ചു.
അയിത്തം കൊടികുത്തിവാണിരുന്ന പന്ത്രണ്ടാം നൂറ്റാണ്ടില്‍ എല്ലാ ജാതിയിലും, തൊഴിലിലും ഏര്‍പ്പെട്ടിരുന്നവരെ വിളിച്ചു കൂട്ടി അനുഭവ മണ്ഡപം എന്ന ആധ്യാത്മിക സദസിന് അദ്ദേഹം രൂപം നല്കി. ചെരുപ്പുകുത്തിയും കര്‍ഷകനും, ബാര്‍ബറും, അടക്കം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ അനുഭവമണ്ഡപത്തില്‍ ഉള്‍പ്പെട്ടിരുന്നു. സ്ത്രീപുരുഷഭേദമന്യേ സമൂഹത്തിലെ ആര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന ഈ വേദിയില്‍ ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം സ്ഥാപിച്ച അനുഭവ മണ്ഡപമെന്ന ഈ ആധ്യാത്മികപാര്ലമെന്റ് ആണ് പില്ക്കാലത്ത് ജനാധിപത്യവ്യവസ്ഥയിലെ പാര്‍ലമെന്റ്എന്ന ആശയത്തിലേക്ക് എത്തിയത് എന്ന് കരുതപ്പെടുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിനു മുന്പില് ബസവേശ്വരന്റെ പ്രതിമ സ്ഥാപിച്ച് രാജ്യം അദ്ദേഹത്തെ ആദരിച്ചു.
വിധവകളെ പുനര്‍വിവാഹം ചെയ്യിക്കുന്നതിനും, വേശ്യകളെ വേശ്യാവൃത്തിയില്‍ നിന്നു പിന്തിരിപ്പിച്ചു സമുഹത്തിലെ മുഖ്യധാരയില്‍ കൊണ്ടുവരാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്കി. അധ്വാനത്തിനെ പ്രോത്സാഹിപ്പിച്ച ബസവേശ്വരന് പുരോഹിതരുള്‍പ്പെടെ എല്ലാവരും അധ്വാനിച്ച് ആഹാരത്തിനുള്ള വക കണ്ടെത്തണമെന്നും, അധികമുള്ളവ ഇല്ലാത്തവനു നല്‍കണമെന്നും ഉദ്ബോധിപ്പിച്ചു. ‘കായകവേ കൈലാസ’ എന്നതായിരുന്നു ബസവേശ്വരന്റെ സിദ്ധാന്തം.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട രചനകളും, ചിന്തകളും സാധാരണ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നതായിരുന്നില്ല. ഭാഷയിലെ വ്യത്യസ്തതയായിരുന്നു ഇതിനു കാരണം. ഇതു മനസിലാക്കിയ ബസവേശ്വരന് അനുഭവ മണ്ഡപത്തില്‍ ചര്‍ച്ച ചെയ്യുന്ന ചിന്തകളും, ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളും സാധാരണ ജനങ്ങള്‍ക്കു മനസിലാകുന്ന തരത്തില്‍ ലളിതമായി ആവിഷ്കരിക്കുവാനും പ്രചരിപ്പിക്കുവാനും മുന്‍കൈയെടുത്തു. ഇങ്ങനെ എഴുതപ്പെട്ടവ വചനങ്ങള്‍ എന്നറിയപ്പെട്ടു.
800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മിശ്രവിവാഹത്തിനെ പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായ ബസവേശ്വരന്റെ ജന്മദിനം ഇന്ന് രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. ഭാരത നവോത്ഥാന ചരിത്രത്തില്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബസവേശ്വരനും, അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ക്കും രാജ്യം പ്രത്യേക സ്ഥാനം തന്നെ നല്കിയിരിക്കുന്നു.
(ലേഖകന്‍ അഖില കേരള വീരശൈവ മഹാസഭയുടെ സംസ്ഥാന സെക്രട്ടറിയും ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് ജനറല്‍ സെക്രട്ടറിയും ആണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: