സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവമുള്ള മൂന്നു ദിനങ്ങള്‍ പൗരാണികര്‍ വളരെ വിശേഷമായി കരുതി പ്പോന്നിരുന്നു. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമ(നവവര്‍ഷം), അശ്വിന മാസത്തിലെ ശുക്ലപക്ഷ ദശമി(വിജയദശമി), വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ(അക്ഷയതൃതീയ) എന്നിവയാണ് ഈ മൂന്നുദിനങ്ങള്‍.
സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവമുള്ള ദിവസമായതിനാല്‍ ഈ മൂന്നു ദിനങ്ങളും ശുഭകര്‍മങ്ങള്‍ക്ക് ഉത്തമമാണ്. പുഷ്പങ്ങളും ഫലങ്ങളും നിറഞ്ഞ വസന്ത ഋതുവിലെ വൈശാഖ മാസത്തിലെ വെളുത്തപക്ഷ തൃതീയയാണ് അക്ഷയതൃതീയ. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന് ജനിച്ചത് ഈ ദിനത്തിലായതിനാല്‍ ഈ ദിനം പരശുരാമ ജയന്തിയായും ആചരിച്ചു വരുന്നു.
ഉത്തരേന്ത്യയില്‍ പല ഭാഗത്തും അക്കാതീജ് എന്ന പേരില്‍ ഈ ദിനം ആഘോഷിക്കുന്നു. ഒറീസയിലും ഉത്തര്‍പ്രദേശിലും ഈ ദിനം കര്‍ഷകര്‍ നിലം ഉഴുതു കൃഷിപ്പണികള്‍ക്കു തുടക്കമിടും. ഏതൊരു കര്‍മം ചെയ്താലാണോ അക്ഷയമായ ധനം ലഭിക്കുക അതിന് വളരെ വിശേഷപ്പെട്ടതാണ് ഈ ദിനം. അക്ഷയ ധനം നേടാന്‍ മൂന്നു കര്‍മ്മങ്ങളാണ് അനുഷ്ഠിക്കേണ്ടത്. ദാനം, തപസ്, യജ്ഞം എന്നിവയാണ് ഈ മൂന്നു കര്‍മ്മങ്ങള്‍.
അലൗകിക സമ്പത്തുകളുടെ പ്രാധാന്യം വിളിച്ചു പറയുന്ന ദിനമായതിനാല്‍ ഭാരതത്തിലെ പല പൗരാണിക സമൂഹങ്ങളും അതിവിശേഷമായിട്ടാണ് ഈ ദിനത്തെ കരുതിയിരുന്നത്. ഏതേതു ദേവതയെയാണോ ഉപാസിക്കുന്നത് ആ ദേവതയുടെ മന്ത്രം, മുഖ്യമായും ഗായത്രിമന്ത്രം നിരവധി തവണ ജപിക്കാം. പ്രാണായാമം, യോഗാഭ്യാസം, വേദാദ്ധ്യയനം എന്നിവ ഏറെ ഭക്തിയോടെയും ശ്രദ്ധയോടെയും അനുഷ്ഠിക്കണം. നിത്യേനയുള്ള അഗ്നിഹോത്രത്തിനു പുറമെ വിശേഷ മന്ത്രങ്ങളാല്‍ യജ്ഞങ്ങള്‍ ചെയ്യാം. എല്ലാത്തിനും പുറമേ യോഗ്യമായ പാത്രത്തില്‍ വൈദിക വിധിയനുസരിച്ച് യുക്തമായ ദാനവും നല്‍കണം.
അക്ഷയതൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അക്ഷയ സന്താനങ്ങളും അക്ഷയ പുണ്യവും ലഭിക്കും എന്നാണ് വിശ്വാസം. ഏതൊരു മനുഷ്യന് അക്ഷയ തൃതീയയില്‍ ഉപവാസമനുഷ്ഠിച്ച് മഹാവിഷ്ണുവിനെ പൂജിക്കുന്നുവോ അവനു രാജസൂയയാഗം ചെയ്ത ഫലവും അന്ത്യത്തില്‍ വിഷ്ണുപാദത്തില്‍ വിലയം പ്രാപിക്കാനുമാവും. ‘അക്ഷതം’ കൊണ്ട്(ഉണക്കലരിയും നെല്ലും) ഭഗവാന് വിഷ്ണുവിനെ പൂജിക്കുന്ന ദിനമായതിനാലാണ് ഈ തിഥിയെ അക്ഷയ തൃതീയ എന്നു പറയുന്നതെന്നും ചിലര്‍ പറയുന്നു. (അക്ഷതം കൊണ്ട് വിഷ്ണു പൂജ ചെയ്യുന്നത് നിഷിദ്ധമാണ് എന്ന് പദ്മപുരാണം(6:16:20). ‘നാക്ഷതൈരര്‍ച്ചയേത് വിഷ്ണും’. അക്ഷയ തൃതീയ ഒഴികെയുള്ള ദിനങ്ങളില്‍ വെളുത്ത എള്ളുകൊണ്ട് വിഷ്ണുപൂജ ചെയ്യണം എന്നാണു വിധി).
അക്ഷതം എന്ന വാക്കിനു യവം(ബാര്‍ളി) എന്നും അര്‍ത്ഥമുണ്ട്. യവം കൊണ്ട് അക്ഷയതൃതീയ ദിനത്തില്‍ വിഷ്ണു പൂജ നടത്തണമെന്ന പരാമര്‍ശവും പുരാണങ്ങളില്‍ കാണാം.
അക്ഷയ തൃതീയയില്‍ അക്ഷതയുക്തമായ ജലത്തില്‍ സ്നാനം ചെയ്ത് മഹാവിഷ്ണു വിഗ്രഹത്തെ അക്ഷതം കൊണ്ട് ആരാധിച്ച് അക്ഷതത്തോടു കൂടി ശുദ്ധരും സദ്വൃത്തരുമായ ബ്രാഹ്മണര്‍ക്ക്(ജ്ഞാനികള്‍ക്ക്) ദാനം നല്‍കണം. വിധിപ്രകാരം ഒരു തവണയെങ്കിലും അക്ഷയ തൃതീയ വ്രതമനുഷ്ഠിക്കുന്നവര്‍ വര്‍ഷത്തിലെ സകല തൃതീയാവ്രതങ്ങളും അനുഷ്ഠിച്ച ഫലം നേടുന്നു എന്നാണു വിശാസം.
സകല രസങ്ങളോടും കൂടിയ അന്നം, ജലകുംഭം, നാനാവിധ ഫലങ്ങള്‍, ഗോക്കള്‍, ഭൂമി, സ്വര്‍ണ്ണം, വസ്ത്രം എന്നിങ്ങനെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്നും ഉത്തമമെന്നും തോന്നുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് ദാനം ചെയ്യണം എന്നാണു വിധി. ഈ തിഥിയില്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ക്ഷയം സംഭവിക്കുകയില്ല എന്നതിനാലാണ് മുനിമാര്‍ ഈ തിഥിയെ ‘അക്ഷയ തൃതീയ’ എന്ന് പ്രകീര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: