ക്ഷയിക്കാത്ത പുണ്യങ്ങളുടെ അക്ഷയപാത്രമായി കരതപ്പെടുന്ന അക്ഷയതൃതീയ ദിനമാണ് ഇന്ന്. ഈ പുണ്യ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതും ദാനം ചെയ്യുന്നതും ഏറെ വിശേഷമത്രെ. അതിനു കാരണം സ്വര്‍ണം വിലകൂടിയ വസ്തുവായതല്ല. അതു പരിശുദ്ധമായ ലോഹമാണ് എന്നതാണ്. ഭൂമിയില്‍ അവതരിച്ച ഗംഗാഭഗവതി, ഹിമവല്‍സാനുക്കളില്‍ നിക്ഷേ
പിച്ച അമൂല്യമായ ധാതുസമ്പത്തുക്കളില് ആദ്യത്തേതായിരുന്നുവത്രെ സ്വര്‍ണം. മണ്ണില്‍ പൊന്നു വിളയിക്കുക എന്നും നാം പറയാറുണ്ടല്ലോ. കാര്‍ഷിക വിളകളാണ് ഈ പൊന്ന്.
ക്ഷയിക്കാത്ത പുണ്യങ്ങളുടെ അക്ഷയ പാത്രമായി കരുതപ്പെടുന്ന അക്ഷയതൃതീയ ദിനമാണ് ഇന്ന്. അതായത്, ഈ ദിവസം ചെയ്യുന്ന പുണ്യപ്രവര്‍ത്തികളുടെ ഫലം ഇഹപരലോകങ്ങളില്‍ എന്നും, അതുചെയ്തവര്ക്ക് ഒപ്പമുണ്ടാവുമെന്ന് അര്‍ഥം. ഇന്നു ചെയ്യുന്ന ദാനധര്‍മാദികള്‍ക്കും ജപത്തിനും ഭഗവല്‍ സേവകള്‍ക്കും ഇതര ദിവസങ്ങളില്‍ ചെയ്യുന്നതിനേക്കാള്‍ ഇരട്ടി ഫലം ലഭിക്കും.
അക്ഷയതൃതീയയിലെ ദാനം ഏതുരൂപത്തിലുമാകാം. കൊടുക്കുന്നതിന്റെ വലുപ്പച്ചെറുപ്പമല്ല, മനസ്സിന്റെ നന്മയാണു പ്രധാനം. ആഹാരമോ വസ്ത്രമോ ദ്രവ്യമോ പാനീയമോ വെറും ജലമോ ആകാം. ദാഹിക്കുന്നവര്‍ക്കു ജീവജലം തന്നെ ഏറെ വലുതാണല്ലോ. അവരവരുടെ പ്രാപ്തിക്കമുസരിച്ചാവണം ദാനമെന്നുമാത്രം. വനവാസകാലത്ത് പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച ദിവസമത്രെ അക്ഷയതൃതീയ. കഴുകിക്കമഴ്ത്തിയ ആ പാത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു ചെറിയ ചീരയിലക്കഷണമാണല്ലോ ദുര്‍വാസാവു മഹര്‍ഷിക്കും പരിവാരങ്ങള്‍ക്കും മൃഷ്ടാന്ന ഭോജനത്തിന്റെ സംതൃപ്തി പകര്‍ന്നത്.
ചതുര്‍യുഗങ്ങളില്‍ ആദ്യത്തേതായ കൃതയുഗത്തിന്റെ ആരംഭവും ഭഗീരഥന്റെ പ്രാര്‍ഥനകേട്ട് സ്വര്‍ലോക ഗംഗ ഭൂമിയില്‍ വന്ന് അവതരിച്ചതും ശ്രീശങ്കരന് കനകധാരാസ്തവംകൊണ്ടു ഒരു ദരിദ്ര കുടുംബത്തില്‍ സ്വര്‍ണമഴ പെയ്യിച്ചതും ഇതേ ദിവസമത്രെ. ഭഗവാന് വേദവ്യാസന് മഹാഭാരതത്തിന്റെ രചന ആരംഭിച്ചതും ഒരു അക്ഷയതൃതീീയ ദിനത്തിലായിരുന്നു എന്നാണു വിശ്വാസം. അങ്ങനെ ഏതു രീതിയില്‍ നോക്കിയാലും സല്‍കര്‍മത്തിന് ഏറ്റവും യോഗ്യമായ ദിവസമാണ് ഇന്ന്.
വൈശാഖമാസം തന്നെ പുണ്യമാസമാണല്ലോ. വിഷ്ണുഭഗവാന്റെ അവതാരങ്ങളില്‍ പലതും ഈ മാസത്തിലായിരുന്നു. പരശുരാമജയന്തി, ബലരാമജയന്തി, നരസിംഹജയന്തി എന്നിവ വൈശാഖത്തിലാണ്. ആദിശങ്കരജയന്തിയും ബുദ്ധപൂര്‍ണിമയും ദത്താത്രയ ജയന്തിയും ഈ മാസത്തില്‍ത്തന്നെ. അങ്ങനെയുള്ള വൈശാഖത്തിലെ ഏറ്റവും വിശിഷ്ടമായ ദിനമാണ് അക്ഷയതൃതീയ. വൈശാഖത്തിലെ ശൂക്ളപക്ഷത്തിലെ മൂന്നാം നാള് അഥവാ മൂന്നാമത്തെ തിഥി അണ് ഈ ദിനം.
ദേവോപാസനയ്ക്കു നിബന്ധനകളില്ലല്ലോ. ലക്ഷ്മീസമേതനായ വിഷ്ണുഭഗവാനെയാണ് അക്ഷയതൃതീയയില്‍ ഏറെ ആരാധിച്ചു കാണുന്നത്. ഐശ്വര്യ ദേവതയാണല്ലോ ലക്ഷ്മീദേവി. കുടുംബത്തിന്റെ ഐശ്വര്യത്തിനു ലക്ഷ്മീനാരായണ ആരാധന വിശേഷമത്രെ. ഐശ്വര്യം എന്നാല്‍ സാമ്പത്തിക നേട്ടം മാത്രമല്ല. സമാധാനവും സംതൃപ്തിയും ആന്തരിക ശാന്തിയും കൂടിച്ചേര്‍ന്നതാണ്.
ഈ പുണ്യ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതും ദാനം ചെയ്യുന്നതും ഏറെ വിശേഷമത്രെ. അതിനു കാരണം സ്വര്‍ണം വിലകൂടിയ വസ്തുവായതല്ല. അതു പരിശുദ്ധമായ ലോഹമാണ് എന്നതാണ്. ഭഗീരഥ മഹാരാജാവിന്റെ നീണ്ടകാല തപസ്സിന്റെ ഫലമായി ഭൂമിയില്‍ അവതരിച്ച ഗംഗാഭഗവതി, ഹിമവല്‍സാനുക്കളില്‍ നിക്ഷേപിച്ച അമൂല്യമായ ധാതുസമ്പത്തുക്കളില് ആദ്യത്തേതായിരുന്നുവത്രെ സ്വര്‍ണം. വെള്ളി, ചെമ്പ്, നാകം തുടങ്ങി പലതും പിന്നാലെ വന്നു. ഇവയില്‍ ഏറ്റവും ഐശ്വര്യപ്രദവും പരിശുദ്ധവുമാണ് സ്വര്‍ണം. മറ്റുള്ളവ ക്രമത്തില്‍ അതിനു പിന്നില്‍ വരും. അതുകൊണ്ടു ദേവകാര്യങ്ങള്‍ക്കു സ്വര്‍ണം ഏറെ വിശേഷം തന്നെ.
ദേവീദേവന്മാരുടെ തിരുവാഭരണങ്ങള്ക്കു സ്വര്‍ണംതന്നെ വേണമെന്നു വന്നത് അതുകൊണ്ടാകാനേ വഴിയുള്ളു. പുണ്യാഹത്തിനു ജലപാത്രത്തില്‍ സ്വര്‍ണം വേണമെന്നാണു വിധി. മംഗല്യസൂത്രത്തിനും വിഷുക്കണിക്കും സ്വര്‍ണം നിര്‍ബന്ധം തന്നെ. നവവധുവിനെ പൊന്നണിയിച്ചാണല്ലോ വരവേല്‍ക്കുന്നത്. മനുഷ്യര്‍ക്ക് സ്വര്‍ണാഭരണങ്ങളോട് ഇത്ര ഭ്രമംവരാന് കാരണവും ഇതൊക്കെത്തന്നെയാവാം. ഭംഗിക്ക് അപ്പുറം ദൈവീകമായ പരിവേഷം കൂടി അതിനുണ്ടല്ലോ. ആ പരിവേഷം കൊണ്ടാകാം, വീടുകളില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് ഐശ്വര്യമായി വിശ്വസിക്കപ്പെടുന്നത്.
ഗംഗ നമുക്കു തന്ന സ്വര്‍ണം, ഈ പറഞ്ഞ ലോഹം മാത്രമല്ല. നദികളുടെ മാതാവുകൂടിയായ ഗംഗ, മണ്ണിനെ കുളിരണിയിക്കുകയും ഫലഭൂയിഷ്ഠമാക്കുകയും ചെയ്തുകൊണ്ടാണ് ഒഴുകിയിറങ്ങിയത്. എല്ലാ നദികളുടേയും പ്രതിനിധിയുമാണ് ഗംഗ. മണ്ണില്‍ പൊന്നു വിളയിക്കുക എന്നു പറയാറുണ്ടല്ലോ. കാര്‍ഷിക വിളകളാണ് ആ പൊന്ന്. ഗംഗയുടെ ഏറ്റവും ശ്രേഷ്ഠമായ വരദാനവും അതുതന്നെ. അതാണ് മണ്ണിന്റെ ഗന്ധം. സ്വര്‍ണ്ണത്തിന്റെ സുഗന്ധവും.
– ശ്രീ
പ്രതികരിക്കാൻ ഇവിടെ എഴുതുക: