തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്ത് പോയത് സ്വന്തം പണം മുടക്കിയാണെന്നും അത് ചര്‍ച്ചയാക്കുന്നവര്‍ ഭാരത് ജോഡോ യാത്ര കഴിഞ്ഞ് രാഹുല്‍ വിദേശത്തുപോയപ്പോള്‍ ചര്‍ച്ച ചെയ്തില്ലല്ലോ എന്നും മന്ത്രി വി. ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് സ്പോണ്സര് ആരാണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ശരിയല്ല. വിദേശയാത്ര നടത്താനുള്ള ആസ്തിയൊക്കെ മുഖ്യമന്ത്രിക്കുണ്ട്, മന്ത്രി പറഞ്ഞു.
സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇതിനു മുന്‍പും മന്ത്രിമാര്‍ വിദേശയാത്ര നടത്തിയിട്ടുണ്ട്. സിപിഎമ്മുകാര്‍ മാത്രം സ്വന്തം കാശ് മുടക്കി വിദേശയാത്ര പോകാന്‍ പാടില്ല എന്ന നിലപാടില്‍ നിന്നും മാധ്യമങ്ങള്‍ പിന്തിരിയണം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഏഴ് മന്ത്രിമാര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു വേണ്ടി പലതവണ വിദേശയാത്ര നടത്തി. ഇതൊന്നും പറയാതെ കേരളത്തിലെ ആദ്യത്തെ സംഭവം എന്ന നിലയിലാണ് മാധ്യമങ്ങള്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രയെ കുറിച്ച് ചര്‍ച്ച നടത്തുന്നത്.
മുഖ്യമന്ത്രിയുടെ യാത്ര രാജ്ഭവനെ അറിയിക്കേണ്ട കാര്യമില്ല. ഗവര്‍ണര്‍ എല്ലാ കാര്യങ്ങളും സര്‍ക്കാരിനെ അറിയിച്ചിട്ടാണോ ചെയ്യുന്നതെന്നും മന്ത്രി ചോദിച്ചു.
ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന കാലത്ത് മുഖ്യമന്ത്രി വിദേശയാത്ര പോകുമ്പോള്‍ ചുമതല കൈമാറേണ്ട കാര്യമില്ല. മന്ത്രിസഭാ യോഗം നീട്ടിവച്ചത് അജണ്ടകള്‍ കുറവുള്ളതു കൊണ്ടാണ്, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: