ബെംഗളൂരു: കുരുമുളക് സ്പ്രേ അപകടകരമായ ആയുധമാണെന്നും ജീവന് ഭീഷണി ഉണ്ടാകാത്ത സാഹചര്യത്തില്‍ സ്വകാര്യ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി കര്‍ണാടക ഹൈക്കോടതി.
സ്വകാര്യ കമ്പനി ഉടമസ്ഥരായ ഗണേശ് നാരായണന്, ഭാര്യ വിദ്യ നടരാജ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ നെഞ്ചിന്റെ നിരീക്ഷണം. വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി കമ്പനിയിലെ ജീവനക്കാരന് രാജ്ദീപ് ദാസ് നല്കിയ പരാതിയിലാണ് ഇരുവര്‍ക്കെതിരെ കേസെടുത്തത്.
2023 ഏപ്രില്‍ 30-ന് കൊമേഴ്സ്യല്‍ സ്ട്രീറ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് തങ്ങള്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദമ്പതിമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രതിരോധത്തിനു വേണ്ടിയാണ് കുരുമുളക് സ്പ്രേ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായതെന്ന് പരാതിക്കാരുടെ അഭിഭാഷകന് വാദിച്ചു.
എന്നാല്‍ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം ദമ്പതിമാര്‍ ദുരുപയോഗം ചെയ്തെന്നും പരാതിക്കാരുടെ ജീവന് യാതൊരുവിധ ഭീഷണിയോ അപകമോ ഇല്ലായിരുന്നുവെന്നും രാജ്ദീപ് ദാസിന്റെ അഭിഭാഷകന് വാദിച്ചു. കുരുമുളക് സ്പ്രേപോലുള്ള വിനാശകരമായ രാസവസ്തുക്കള്‍ അപകടകരമായ ആയുധങ്ങളാണെന്ന് യുഎസിലെ കോടതി വിധിച്ച കാര്യവും ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: