മുംബൈ: വിദേശ നിക്ഷേപകരുടെ വന്‍തോതിലുള്ള ലാഭമെടുക്കലില്‍ ആടിയുലഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. വ്യാഴാഴ്ച സെന്‍സെക്സ് ഏകദേശം ആയിരം പോയിന്റ് തകര്‍ന്ന് 72,404 പോയിന്റില്‍ എത്തിയപ്പോള്‍ നിഫ്റ്റി 345 പോയിന്റ് താഴ്ന്ന് 21,957 പോയിന്റില്‍ കലാശിച്ചു. നല്ല പിന്തുണയുള്ള 22,000 എന്ന നിലയില്‍ നിന്നും നിഫ്റ്റി താഴ്ന്നത് ആശങ്ക ഉളവാക്കുന്നു. നിക്ഷേപകര്‍ക്ക് 7.35 ലക്ഷം കോടി രൂപയാണ് ഒരൊറ്റ ദിവസം നഷ്ടമായത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ടും യുഎസ് പണപ്പെരുപ്പ കണക്കും
നിക്ഷേപകര്‍ കാത്തിരിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നയസമിതി യോഗത്തിലെ തീരുമാനങ്ങളും യുഎസ് പുറത്തുവിടാന്‍ പോകുന്ന പണപ്പെരുപ്പ കണക്കുമാണ്. ഇത് രണ്ടും അനുകൂലമാണെങ്കില്‍ വിദേശ നിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ വിപണിയില്‍ വന്‍തോതില്‍ നിക്ഷേപം ഒഴുക്കും. അത് ഓഹരികളുടെ ഉയര്‍ച്ചയ്ക്ക് കാരണമാകും.
വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കലില്‍ വിപണി നിലംപൊത്തി
ഡോളര്‍ പലിശ നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന് അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് തീരുമാനിച്ചതിനാല്‍ ഇന്ത്യയിലെ ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച വിദേശ പോര്‍ട് ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ വാങ്ങിയ ഓഹരികള്‍ വിറ്റഴിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ മാത്രം വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത് 16,000 കോടി രൂപയുടെ ഓഹരികളാണ്. ഇത് ഓഹരിവില വീഴുന്നതിന് കാരണമായി. ഏപ്രില്‍ മാസത്തില്‍ ഇവര്‍ 8,076 കോടിയുടെ ഓഹരികള്‍ വിറ്റൊഴിച്ചതിന് പുറമേയാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഉണ്ടാക്കിയ ലാഭം മുതലാക്കലും ഈ വിറ്റൊഴിക്കലിന്റെ പിന്നിലെ പ്രേരണയാണ്. യുഎസ് ബോണ്ട് വരുമാനം വര്‍ധിച്ചേക്കും എന്ന സൂചനയും വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കലിന് പിന്നിലുണ്ട്. എന്തായാലും യുഎസ് ഫെഡ് റിസര്‍വ്വ് ഡോളര്‍ പലിശ നിരക്ക് കുറയ്ക്കാത്തതില്‍ വലിയ ആശങ്ക നിലനില്ക്കുന്നു.
ഇന്ത്യന്‍ കമ്പനികളുടെ ചില നഷ്ടഫലങ്ങള്‍
അധികം ആശ്ചര്യങ്ങള്‍ സൃഷ്ടിക്കാത്ത ഒന്നായിരുന്നു പല കമ്പനികളുടെയും നാലാം സാമ്പത്തിക പാദത്തിലെ ഫലങ്ങള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബ്രിട്ടാനിയ, സിയറ്റ്, ഇന്ത്യയുടെ പൊതുമേഖല എണ്ണക്കമ്പനികളായി ബിപിസിഎല്‍, ഐഒസി, അദാനി എന്റര്‍പ്രൈസസ്, ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, എച്ച് സിഎല്‍ ടെക് , ടൈറ്റന്, എച്ച്ഡി എഫ് സി ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങി ഒട്ടേറെ കമ്പനികളുടെ നാലാം സാമ്പത്തിക പാദ ഫലങ്ങള്‍ മോശമായിരുന്നു. ഇത് വിപണി കീഴോട്ട് വരുന്ന പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. അതുപോലെ ഇപ്പോള്‍ മധ്യേഷ്യയില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ പെയ്തൊഴിഞ്ഞില്ല എന്നതും ആശങ്കയാണ്. ഇതെല്ലാം ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ കൊറിയ, ആസ്ത്രേല്യ എന്നിവിടങ്ങളിലെ ഓഹരി വിപണികളും തകര്‍ന്നു. ജപ്പാന്റെ കറന്‍സിയായ യെന്‍ വീണ്ടും ഡോളറിനെതിരെ മൂല്യത്തകര്‍ച്ച നേരിടുകയാണ്.
ഓട്ടോ മേഖലയില്‍ മുന്നേറ്റം
ഹീറോ മോട്ടോ കോര്‍പ്, ടാറ്റാ മോട്ടോഴ്സ്, ടിവിഎസ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നീ ഓഹരികള്‍ ലാഭമുണ്ടാക്കി.
ഇന്ന് ഏറ്റവും വലിയ ലാഭം നേടിയത് ഹീറോ മോട്ടോ കോര്‍പാണ്. 151 രൂപ ഉയര്‍ന്ന് ഓഹരി വില 4764 രൂപയില്‍ എത്തി. ഏറ്റവും വലിയ നഷ്ടമുണ്ടാക്കിയത് എല്‍ ആന്റ് ടി ആണ്. 211 രൂപയുടെ നഷ്ടത്തില്‍ ഓഹരി വില 3275 രൂപയിലേക്ക് താഴ്ന്നു.
മികച്ച നാലാം സാമ്പത്തിക പാദ ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളും നേട്ടമുണ്ടാക്കി. അതേ സമയം, ലാഴ്സണ് ആന്റ് ടൂബ്രോ (എല്‍ ആന്റ് ടി) ഓഹരി 5.65 ശതമാനം താഴ്ന്നു. ഏഷ്യന്‍ പെയിന്റ്സ് 4.65 ശതമാനവും കോള്‍ ഇന്ത്യ 4.40 ശതമാനവും ഒഎന്‍ജിസി 3.85 ശതമാനവും നഷ്ടം നേരിട്ടു.
ബാങ്ക്, ഐടി, ധനകാര്യ സേവനസ്ഥാപനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, എഫ് എംസിജി, ഓയില്‍ ആന്റ് ഗ്യാസ് എന്നീ മേഖലകളിലുള്ള ഓഹരികള്‍ നഷ്ടത്തിലായി.
22000 ഭേദിച്ചത് വിപണി ദുര്‍ബലമാക്കും: ടെക്നിക്കല്‍ അനലിസ്റ്റുകള്‍
നിഫ്റ്റി 22000 പോയിന്റിനേക്കാള്‍ താഴെ ഇറങ്ങി 22,197ല്‍ എത്തിയത് നല്ല ലക്ഷണമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. വിപണി ഇനിയും ദുര്‍ബലപ്പെടുമെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: