വടക്കേക്കാട് (തൃശ്ശൂര്‍): യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയില്‍ കീഴ്പ്പാട്ട് നസറുള്ള തങ്ങളെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ടിന്റെ (സംഭവസമയത്ത് എൻ.ഡി.എഫ്) പ്രവര്‍ത്തകനാണ്.
വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതിയെ എന്‍ഐഎയും ചോദ്യംചെയ്തുവരികയാണ്. 2004 ജൂണ്‍ 12-നാണ് ഗുരുവായൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന മണികണ്ഠനെ വെട്ടികൊലപ്പെടുത്തിയത്. എൻഡിഎഫ് പ്രവർത്തകരെ മർദ്ദിച്ചതിലുള്ള വിരോധംകാരണം കൊലചെയ്യുകയായിരുന്നു എന്നാണ് കേസ്. കേസില്‍ പ്രതിയായ നസറുള്ള വിചാരണ സമയത്താണ് ഒളിവില്‍ പോയത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്.
ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ ആൾക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലെ 12-ാം പ്രതി കൂടിയാണ് നസറുള്ള. മണികണ്ഠന്‍ കൊലക്കേസില്‍ ഒന്നാം പ്രതിയായ ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. ഒൻപത് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴുപേരെ വെറുതെ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: