തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂവ് ഇനി ഉണ്ടാവില്ല.എന്നാല്‍ പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കും.തീരുമാനം വെളളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി. സമൂഹത്തിന്റെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
അരളിപ്പൂവിന്റെ ഇതളുകള്‍ വായിലിട്ട് ചവച്ചതിനെ തുടര്‍ന്നാണ് ഹരിപ്പാട് സ്വദേശിനി സൂര്യാ സുരേന്ദ്രന് മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് അരളിപ്പൂവിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. അരളിച്ചെടിയുടെ ഇലയും തണ്ടും തിന്ന് തെങ്ങമം മഞ്ജുഭവനത്തില്‍ വാസുദേവക്കുറുപ്പിന്റെ പശുവും കിടാവും ചത്ത സംഭവവുണ്ടായിരുന്നു.അയല്‍ വീട്ടിലെ പറമ്പില്‍ നിന്നും വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല ഇവയ്ക്ക് കൊടുത്തിരുന്നു. തുടര്‍ന്ന് ദഹനക്കേട് ഉണ്ടായി അവശത ബാധിച്ചതിനെ തുടര്‍ന്ന് കുത്തിവയ്പിന് മൃഗാശുപത്രിയില്‍ നിന്ന് എത്തിയവര്‍ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
ഹൃദയത്തെ ബാധിക്കുന്ന ഗ്ളൈക്കോസൈഡുകള്‍ അരളിയിലുണ്ട്. ചെടിയുടെ എല്ലാ ഭാഗത്തും വിഷാംശമുണ്ടെങ്കിലും വേരിലാണ് കൂടുതല്‍ വിഷം. ആയുര്‍വേദത്തില്‍ ചില തൈലങ്ങള്‍ അരളി സംസ്കരിച്ച് വിഷാംശം കളഞ്ഞ ശേഷം ഉപയോഗിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: