Categories: Editorial

മാലദ്വീപിന്റെ ബോധോദയം

Published by

ടുവില്‍ മാലദ്വീപിലെ ഭരണാധികാരികള്‍ക്ക് ബോധോദയം വന്നിരിക്കുന്നു. മാലദ്വീപിന്റെ മുഖ്യ വരുമാന മാര്‍ഗമാണ് വിനോദസഞ്ചാരമെന്നും, ഭാരതീയ സഞ്ചാരികള്‍ തുടര്‍ന്നും അവിടേക്കെത്തണമെന്നും ആ രാജ്യത്തിന്റെ ടൂറിസം മന്ത്രി ഇബ്രാഹിം ഫൈസല്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഭാരതവും മാലദ്വീപും തമ്മിലുള്ള ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ച ഇബ്രാഹിം, തങ്ങളുടെ പുതിയ സര്‍ക്കാരിനും ഭാരതവുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് താല്‍പ്പര്യമെന്നും പറഞ്ഞിരിക്കുന്നു. മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥ ടൂറിസത്തെയാണ് ആശ്രയിക്കുന്നത്. സമാധാനത്തെയും സൗഹൃദത്തെയും എക്കാലവും ചേര്‍ത്തുപിടിക്കുന്നവരാണ് തങ്ങളെന്നും, ഭാരതീയരായ സഞ്ചാരികളെ മാലദ്വീപിലെ ജനങ്ങളും സര്‍ക്കാരും ഹൃദയംപൂര്‍വം സ്വാഗതം ചെയ്യുമെന്നുമൊക്കെയാണ് ടൂറിസം മന്ത്രി പറയുന്നത്. ഈ വര്‍ഷം ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിക്കുകയും, അതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇത് ലക്ഷദ്വീപിന്റെ വിനോദസഞ്ചാര മേഖലയ്‌ക്ക് വന്‍തോതില്‍ മുതല്‍ക്കൂട്ടാവുമെന്നും, തങ്ങള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നും കണ്ട് മാലദ്വീപിലെ ചില മന്ത്രിമാര്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുകയായിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കി. മാലദ്വീപിലേക്ക് വിനോദസഞ്ചാരത്തിനു പോകാനിരുന്ന ബോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ യാത്ര റദ്ദാക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മാലദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്തു.

ചൈനയുടെ താല്‍പ്പര്യപ്രകാരമാണ് മാലദ്വീപ് മന്ത്രിമാര്‍ ഭാരതത്തിനെതിരെ തിരിഞ്ഞത്. ചൈനയുടെ ഇടപെടലുകളെ തുടര്‍ന്നാണ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സുവിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അതിനു മുന്‍പ് ഭാരതത്തോട് സഹകരിക്കുന്ന ഭരണകൂടമാണ് അവിടെ ഭരിച്ചിരുന്നത്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതോടെ ഭാരതത്തോടുള്ള സമീപനത്തില്‍ മാലദ്വീപ് മാറ്റം വരുത്തി. ഭാരതത്തിന്റെ അവസാന സൈനികനും മാലദ്വീപ് വിടണമെന്ന പ്രസിഡന്റ് മൊയ്‌സു ആവശ്യപ്പെട്ടത് അന്തരീക്ഷം വഷളാക്കി. ഔദ്യോഗിക വേഷത്തിലല്ലാത്ത സൈനികരും പുറത്തുപോകണമെന്ന് മൊയ്‌സു ആക്രോശിച്ചു. എല്ലാം ചൈനീസ് ഭരണാധികാരികളെ പ്രീതിപ്പെടുത്തുന്നതിനായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതും, അതിനെതിരെ ചില മാലദ്വീപ് മന്ത്രിമാര്‍ രംഗത്തുവന്നതും. പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചതിനെതിരെ മാലദ്വീപിലെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. ഈ മന്ത്രിമാരെ നീക്കണമെന്നും, അവര്‍ മാപ്പുപറയണമെന്നും പ്രതിപക്ഷത്തുനിന്ന് ആവശ്യമുയര്‍ന്നു. ചില മന്ത്രിമാരെ മന്ത്രിസഭയില്‍നിന്ന് നീക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും പ്രശ്‌നപരിഹാരമായില്ല എന്നാണ് ടൂറിസം മന്ത്രിയുടെ ഇപ്പോഴത്തെ അഭ്യര്‍ത്ഥനയില്‍നിന്ന് വ്യക്തമാക്കുന്നത്. ഭാരതത്തില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ കുറവ് ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് തിരിച്ചടിയായി. കഴിഞ്ഞവര്‍ഷം മാലദ്വീപിലെത്തിയ വിനോദ സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ ഭാരതീയരായിരുന്നു. വിവാദമുണ്ടായതോടെ ഇവരുടെ എണ്ണത്തില്‍ പകുതിയോളം കുറവുവന്നു. ഇതേ തുടര്‍ന്നാണ് ഭാരതത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ മാലദ്വീപ് ഭരണാധികാരികള്‍ തുടങ്ങിയത്.

മാലദ്വീപില്‍ ഇസ്ലാമിക മതമൗലിക വാദം ശക്തിപ്രാപിക്കുന്നത് അവിടെ ഭാരതവിരുദ്ധ വികാരം ഉയരാന്‍ കാരണമാണ്. ഭാരതവിരുദ്ധ പ്രസ്താവനകള്‍ക്ക് മാലദ്വീപ് മന്ത്രിമാര്‍ മാപ്പുപറഞ്ഞിട്ടും അടുത്തിടെ അവിടുത്തെ ഒരു പാര്‍ക്കില്‍ ഭാരതത്തില്‍നിന്നുള്ള ദമ്പതിമാര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഒരു ഇസ്രയേലി വനിതയെയും ചിലയാളുകള്‍ ആക്രമിക്കുകയുണ്ടായി. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഹമാസിനനുകൂലമായ പ്രതികരണങ്ങളും പ്രകടനങ്ങളും മാലദ്വീപിലുണ്ടായി. ഇതിനു പിന്നിലും ഇസ്ലാമിക മതമൗലികവാദികളാണ്. അയല്‍രാജ്യങ്ങളെ ഭാരതത്തിന് എതിരാക്കുകയെന്ന ചൈനയുടെ നയമാണ് മാലിദ്വീപിനെ കുഴിയില്‍ ചാടിച്ചത്. ഇതേ നയംതന്നെ പ്രയോഗിച്ച് ശ്രീലങ്കയെ ഭാരതത്തിനെതിരാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ തിരിച്ചടിച്ചു. ഇപ്പോള്‍ ചൈനയുമായി ശ്രീലങ്ക പല കാര്യങ്ങളിലും അകന്നുനില്‍ക്കുകയാണ്. ഭാരതവുമായുള്ള ബന്ധത്തെ ബാധിക്കുന്നതൊന്നും ചെയ്യാനാവില്ലെന്ന് ശ്രീലങ്ക പരസ്യമായിപറഞ്ഞുകഴിഞ്ഞു. ചൈനയുടെ ചാരക്കപ്പലിന് ലങ്കന്‍ തുറമുഖത്ത് അടുക്കാന്‍ അവസരം നല്‍കാതിരുന്നത് ഇതിലൊന്നാണ്. ഭാരതത്തിന്റെ നിസ്സഹകരണം മൂലം വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവ് തങ്ങള്‍ നികത്തിക്കൊള്ളാമെന്നാണ് മാലദ്വീപ് ഭരണാധികാരികളോട് ചൈന പറഞ്ഞിരുന്നത്. ഇങ്ങനെയൊന്നും സംഭവിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് ഭാരതവുമായി സഹകരിക്കാന്‍ മാലദ്വീപ് സന്നദ്ധത കാണിച്ചിരിക്കുന്നത്. ഭാരതം മാറിയിരിക്കുകയാണ്. ഏറ്റുമുട്ടാന്‍ നിന്നാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്നും, ഇത് തിരിച്ചറിയുന്നില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും മാലദ്വീപും തിരിച്ചറിഞ്ഞിരിക്കുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക