കണ്ണൂര്‍: സഹപ്രവര്‍ത്തകരേയും നാട്ടുകാരേയും അറിയിക്കാതെ വിദേശത്തേക്ക് പോയ മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്ത് ഗുരുതര ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് വിദേശ യാത്രയെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനം അതീവ ഗുരുതര പ്രതിസന്ധി നേരിടുമ്പോഴാണ് ആരേയും അറിയിക്കാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്.
പ്രതിസന്ധിയില്‍ നിന്നുളള ഒളിച്ചോട്ടമായി മാത്രമേ ഇതിനെ കാണാനാവൂ. ഉഷ്ണ തരംഗത്തിന്റെ ഫലമായി മനുഷ്യര്‍ മരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നു. തോട്ടം മേഖല നശിക്കുന്നു. കാര്‍ഷിക വിളകള്‍ നശിച്ച് കര്‍ഷകര്‍ ദുരിതത്തിലാവുകയാണ്. കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ ജനം പൊറുതി മുട്ടുകയാണ്.
ഈ സമയത്താണ്, 19 ദിവസത്തേക്കാണെന്ന് പറയുന്നു, മുഖ്യമന്ത്രി വിദേശത്തേക്ക് പോയിരിക്കുന്നത്. വിനോദ സഞ്ചാരത്തിനും വിദേശത്ത് പോകാനും മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. പക്ഷേ ജനപ്രതിനിധിയെന്ന നിലയില്‍ ജനങ്ങളോട് പറഞ്ഞിട്ടാവണം യാത്ര.
സിപിഎം ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ജനങ്ങള്‍ മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: