ഐപിഎലിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെതിരെ അവിശ്വസനീയ വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. ലക്നൗ മുന്നോട്ടുവച്ച 166 റൺസ് വിജയലക്ഷ്യം വെറും 9.4 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ഹൈദരാബാദ് മറികടന്നു. സണ്‍റൈസേഴ്‌സിന്റെ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ നിന്ന് പുറത്തായി.
166 എന്ന വിജയലക്ഷം തേടി ഇറങ്ങിയ സൺറൈസേഴ്സ് കണ്ണടച്ചു തുറക്കും മുമ്പ് കളി തീർക്കുക ആയിരുന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും തന്നെയാണ് ഒരു ദയയും ഇല്ലാതെ ലഖ്നൗ ബൗളർമാരെ അടിച്ചുപറത്തിയത്.
അഭിഷേക് 18 പന്തിലും ട്രാവിസ് ഹെഡ് 16 പന്തിലും അർധ സെഞ്ച്വറി പൂർത്തിയാക്കി. ആദ്യ 10 ഓവറിൽ തന്നെ അവർ 107 റൺസിൽ എത്തിയിരുന്നു. ട്രാവിസ് ഹെഡ് ആകെ 30 പന്തിൽ 89 റൺസ് ആണ് എടുത്തത്. 8 സിക്സും 8 ഫോറും താരത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു. അഭിഷേക് 28 പന്തിൽ 75 റൺസും എടുത്തു. അഭിഷേക് 6 സിക്സും 8 ഫോറും അടിച്ചു.
ഈ വിജയത്തോടെ സണ്‍റൈസേഴ്സ് 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റിൽ എത്തി. ലഖ്നൗവിന് 12 പോയിന്റാണ് ഉള്ളത്.
ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിന് 20 ഓവറിൽ 165 റൺസ് എടുക്കാനെ ആയിരുന്നുള്ളൂ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്. അവസാന എട്ട് ഓവറുകളില്‍ നിക്കോളാസ് പൂരനും(26 പന്തില്‍ 48) ആയുഷ് ബദോനിയും(30 പന്തില്‍ 55) ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ് ടീമിന് പോരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.
പതിഞ്ഞ തുടക്കമാണ് ലഭിച്ചത്. തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. ഓപ്പണറായ നായകന്‍ രാഹുലിന് ആക്രമിച്ചു കളിക്കാന്‍ സാധിക്കാതെ വന്നു. ഒടുവില്‍ താരം 29 റണ്‍സെടുത്ത് പുറത്തായി. ക്രുണാല്‍ പാണ്ഡ്യ കളിച്ചുവന്നെങ്കിലും വ്യക്തിഗത സ്‌കോര്‍ 21 റണ്‍സെടുത്തു നില്‍ക്കെ റണ്ണൗട്ടായി. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലഖ്‌നൗ 165 റണ്‍സെടുത്തത്. ഭൂവനേശ്വര്‍ കുമാര്‍ ഹൈദരാബാദിനായി രണ്ട് വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: