Categories: WorldBusiness

ഡീപ് ഫേക്കുകള്‍ കണ്ടെത്താനുള്ള ടൂളുമായി ഓപ്പണ്‍ എഐ

Published by

സാന്‍ഫ്രാന്‍സിസ്‌കോ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ചിത്രങ്ങള്‍ കണ്ടെത്തുന്നതിനായി ഓപ്പണ്‍ എഐ പുതിയ ടൂള്‍ അവതരിപ്പിച്ചു.

കമ്പനിയുടെ തന്നെ ഡാല്‍ഇ എന്ന ടെക്സ്റ്റ് ടു ഇമേജ് ജനറേറ്റര്‍ നിര്‍മിച്ച ചിത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ടൂളാണ് ഇത്. രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പടെ എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ വ്യാജ വിവര പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും അവയ്‌ക്ക് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാവുമെന്നുമുള്ള വിമര്‍ശനം വ്യാപകമായ സാഹചര്യത്തിലാണ് എഐ കമ്പനിയായ ഓപ്പണ്‍ എഐ ഡീപ് ഫേക്ക് ചിത്രങ്ങള്‍ കണ്ടെത്താനാവുന്ന ടൂള്‍ അവതരിപ്പിച്ചത്.

ഡാല്‍-ഇ3 എന്ന എഐ സിസ്റ്റം ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ 98 ശതമാനവും കണ്ടെത്താനുള്ള ശേഷി ഈ ടൂളിനുണ്ടെന്നാണ് പരിശോധനകളുടെ അടിസ്ഥാനത്തില്‍ കമ്പനി പറയുന്നത്. ചിത്രങ്ങള്‍ ക്രോപ്പ് ചെയ്താലും, കംപ്രസ് ചെയ്താലും, സാച്ചുറേഷനില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഈ ടൂളിന് കണ്ടെത്താനാവും. എഐ നിര്‍മിത ഉള്ളടക്കങ്ങളില്‍ എഡിറ്റിങ്ങിലൂടെ മാറ്റാനാവാത്ത വാട്ടര്‍മാര്‍ക്ക് നല്കുന്നതിനുള്ള സംവിധാനമൊരുക്കാനും ഓപ്പണ്‍ എഐക്ക് പദ്ധതിയുണ്ട്.

ഭാരതത്തിലടക്കം തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് എഐ ഉള്ളടക്കങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. യുഎസിലും പാകിസ്ഥാനിലും ഇന്തോനേഷ്യയിലുമെല്ലാം ഡീപ് ഫേക്കുകള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഡീപ് ഫേക്കുകള്‍ക്കെതിരെയുള്ള പോരാട്ടത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ഈ ടൂള്‍ എന്ന് ഓപ്പണ്‍ എഐ പറയുന്നു. ഗവേഷകര്‍ക്കിടയിലാണ് ഈ ടൂള്‍ ലഭ്യമാക്കുക. ഇവര്‍ ഈ ടൂള്‍ പരീക്ഷിക്കുകയും അതിനനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by