കോട്ടയം: കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ.വന്ദന ദാസ് എന്ന ഹൗസ് സര്ജന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ടിട്ട് മേയ് 10 ന് ഒരു വര്‍ഷം തികയും. പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന കുറ്റവാളിയുടെ കത്തിക്കിരയാവുകയായിരുന്നു അവള്. പോലീസുകാരും സഹപ്രവര്‍ത്തകരും തങ്ങളുടെ സുരക്ഷ ലാക്കാക്കി ഓടി മാറിയപ്പോള്‍ അവള് മാത്രം നിസ്സഹായായി ആ ക്രിമിനലിന്റെ മുന്നിലകപ്പെട്ടു പോയി.
കൊല്ലം പൂയപ്പള്ളി സ്വദേശിയായ സ്കൂള്‍ അധ്യാപകനായ 42 കാരനായ സന്ദീപായിരുന്നു ആ കൊലപാതകി. ഈ ദാരുണ സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ രോഷം ആളിക്കത്തിച്ചു.
കൊല്ലത്തെ അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് പഠിച്ചിറങ്ങി, ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ഡോ. വന്ദന. മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ദാസും വസന്തകുമാരിയും ഇപ്പൊഴും മകള്‍ മരിച്ചെന്നു കരുതുന്നില്ല. അവളുടെ മുറിയില്‍ പുഞ്ചിരിക്കുന്ന ചിത്രം വച്ച്, അവള് ഉപയോഗിച്ച വസ്തുക്കളെല്ലാം മേശമേല്‍ നിരത്തി, ഇനിയും മാഞ്ഞു പോകാത്ത സാന്നിദ്ധ്യമായി ആ മാതാപിതാക്കള്‍ അവളെ കാണുന്നു. മകളുടെ കൊലപാതകം സി.ബി. ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയെങ്കിലും ഇനിയും വറ്റാത്ത പ്രതീക്ഷയില്‍ അവര്‍ ജീവിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: