വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ, മിഴിരണ്ടിലും, ഈ പുഴയും കടന്ന് എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നടിയാണ് മീന ഗണേഷ്. ആരോഗ്യപ്രശ്നങ്ങൾ മൂലം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് മീന ഗണേഷ് ഇപ്പോൾ.
തന്റെ ആരോഗ്യ അവസ്ഥയെ കുറിച്ചും കലാഭവൻ മണിയുമായുള്ള ആത്മബന്ധത്തെ കുറിച്ചുമൊക്കെ അടുത്തിടെ ഒരു അഭിമുഖത്തിൽ മീന ഗണേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഞാൻ ഇപ്പോൾ സുഖമില്ലാതെ ഇരിക്കുകയാണ്, നടക്കാൻ പരസഹായം വേണം. രാവിലെ എണീറ്റു നടക്കാൻ വടി വേണം. ഇടയ്‌ക്ക് ആളുകൾ സിനിമയിലേക്കു വിളിക്കുന്നുണ്ടായിരുന്നു, പക്ഷേ രണ്ടു വർഷമായി ആരും വിളിക്കുന്നില്ല, വയ്യാന്ന് ഞാനവരോടു പറഞ്ഞു. ചില മാനസിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളുമൊക്കെ ഉണ്ട്. സഹായത്തിന് ഒരു സ്ത്രീ വരും വീട്ടിൽ. ഇങ്ങനെയൊക്കെ പോവുന്നു ജീവിതം.”
“15 വർഷം മുൻപ് ഭർത്താവ് മരിച്ചു, അതോടെ എന്റെ കഷ്ടകാലം ആരംഭിച്ചു, എന്റെ ബലം പോയി എന്നു പറയാം. സത്യം പറഞ്ഞാൽ ജീവിച്ചു മതിയായി. വളരെ കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതൊക്കെ. 1965ൽ ഞങ്ങൾ കണ്ടുമുട്ടി, 71ൽ കല്യാണം കഴിച്ചു. 39 വർഷം സന്തോഷമായി ജീവിച്ചു. രണ്ടുമക്കളുണ്ടായി, അവരെയൊക്കെ അന്തസ്സായി വളർത്തി. മോള് ഇപ്പോൾ എന്നെ വിളിക്കുന്നുണ്ട് അവളുടെ കൂടെ താമസിക്കാൻ, പക്ഷേ എനിക്കെന്തോ ഈ വീട് വിട്ട് പോവാൻ തോന്നുന്നില്ല,” ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മീന ഗണേഷ് പറഞ്ഞു.
കലാഭവൻ മണിയുമായി ഉണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും മീന ഗണേഷ് വാചാലയായി. “അമ്മേ എന്നേ മണി വിളിക്കുമായിരുന്നുള്ളൂ. ഏഴുപടങ്ങളിൽ ഞാൻ മണിയ്‌ക്കൊപ്പം അഭിനയിച്ചു, അധികവും മണിയുടെ അമ്മ വേഷങ്ങൾ. മണിയ്‌ക്ക് ഒപ്പം അഭിനയിക്കുമ്പോൾ, ലൊക്കേഷനിലേക്കുള്ള വണ്ടി വന്നാൽ എന്നെ അതിൽ പോവാൻ സമ്മതിക്കില്ല, അമ്മ എന്റെ കൂടെയാണ് വരുന്നത് എന്നു പറഞ്ഞ് എന്നെയും കൂടെ മണിയുടെ വണ്ടിയിൽ കയറ്റും. മണി പോയത് വല്യ കഷ്ടമായിപോയി, വലിയ സങ്കടമായിരുന്നു അത്. എന്റെ മണിയുണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നു.”
അമ്മ സംഘടനയിൽ നിന്നും പെൻഷൻ ലഭിക്കുന്നുണ്ടെന്നും മരുന്നു വാങ്ങിക്കാനൊക്കെ അതു സഹായമാണെന്നും മീന ഗണേഷ് പറഞ്ഞു. അതല്ലാതെ, കൂടെ അഭിനയിച്ച മറ്റാരും സഹായിക്കാറില്ലെന്നും താൻ ആരോടും ഒന്നും ആവശ്യപ്പെടാറില്ലെന്നും അവർ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: