ഒൻ്റാറിയോ : കാനഡയിലെ മാൾട്ടണിൽ നടന്ന ‘നാഗർ കീർത്തൻ’ പരേഡിൽ ഒരു ഖാലിസ്ഥാനി “ഫ്ലോട്ട്” ചിത്രീകരിച്ചതിന് ഇന്ത്യ ചൊവ്വാഴ്ച കാനഡക്കെതിരെ ആഞ്ഞടിച്ചു. ക്രിമിനൽ, വിഘടനവാദ ഘടകങ്ങൾക്ക് രാജ്യത്ത് സുരക്ഷിത താവളവും രാഷ്‌ട്രീയ ഇടവും നൽകുന്നത് നിർത്താൻ ഒട്ടാവയോട് ന്യൂദൽഹി ആവശ്യപ്പെട്ടു.
അക്രമത്തിന്റെ ആഘോഷവും മഹത്വവൽക്കരണവും ഒരു പരിഷ്കൃത സമൂഹത്തിന്റെയും ഭാഗമാകരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. നിയമവാഴ്ചയെ ബഹുമാനിക്കുന്ന ജനാധിപത്യ രാജ്യങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തീവ്രവാദികളുടെ ഭീഷണി അനുവദിക്കരുതെന്നും ജയ്‌സ്വാൾ പറഞ്ഞു.
“ഞങ്ങളുടെ രാഷ്‌ട്രീയ നേതൃത്വത്തിനെതിരെ കാനഡയിലെ തീവ്രവാദ ഘടകങ്ങൾ ഉപയോഗിക്കുന്ന അക്രമാസക്തമായ ചിത്രങ്ങൾ സംബന്ധിച്ച് ഞങ്ങൾ ശക്തമായ ആശങ്കകൾ ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം, നമ്മുടെ മുൻ പ്രധാനമന്ത്രിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഒരു ഫ്ലോട്ട് ഘോഷയാത്രയിൽ ഉപയോഗിച്ചിരുന്നു. കാനഡയിലുടനീളം ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തി പോസ്റ്ററുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്, ”- അദ്ദേഹം പറഞ്ഞു.
കാനഡയിലെ നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യ ആശങ്കാകുലരാണെന്നും അവർക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങൾ ഭയമില്ലാതെ നിർവഹിക്കാൻ കഴിയുമെന്ന് ഒട്ടാവയിൽ നിന്ന് പ്രതീക്ഷിക്കുന്നതായും ജയ്‌സ്വാൾ പറഞ്ഞു.
ഖാലിസ്ഥാൻ വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജൻ്റുമാരുടെ സാധ്യത പങ്കാളിത്തത്തെക്കുറിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായി. എന്നാൽ ട്രൂഡോയുടെ ആരോപണങ്ങൾ അസംബന്ധം എന്ന് പറഞ്ഞ് ന്യൂദൽഹി തള്ളിക്കളഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച കനേഡിയൻ അധികൃതർ നിജ്ജാറിനെ കൊലപ്പെടുത്തിയതിന് മൂന്ന് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തിയിരുന്നു. സ്റ്റുഡൻ്റ് വിസയിലാണ് ഇവർ കാനഡയിലേക്ക് കടന്നതെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: