എം.കെ.കെ. നായര്‍ ‘ആരോടും പരിഭവമില്ലാതെ: ഒരു കാലഘട്ടത്തിന്റെ കഥ’ (1988) എന്ന ആത്മകഥയില്‍ ഇങ്ങനെ കുറിച്ചിട്ടു: ‘ഒരു ദിവസം വൈകിട്ട് ആ താടിക്കാരന് വന്നപ്പോള്‍ എന്നെ മടിയിലിരുത്തി കഥ പറഞ്ഞുതന്നത് ഞാന്‍ ശരിക്കും ഓര്‍മ്മിക്കുന്നു. മൃഗങ്ങളെക്കുറിച്ചുള്ള കഥയാണ് പറഞ്ഞുതന്നത്. പക്ഷേ, അദ്ദേഹത്തിന്റെ മടിയിലിരിക്കുമ്പോള്‍ എന്തോ അപൂര്‍വ്വമായ ഒരു പരിമളം എനിക്കനുഭവമായി. അതുകൊണ്ടാണ് ആ സന്ധ്യയും ആ സന്ദര്‍ഭവും ഇന്നും ഞാന്‍ വ്യക്തമായി ഓര്‍മ്മിക്കുന്നത്. അന്ന് ഞാന്‍ അനുഭവിച്ച ആ പരിമളം അതിനുശേഷം ഇന്നുവരെ ഞാന്‍ അനുഭവിച്ചിട്ടില്ല. ഇന്നും ആ പരിമളം എനിക്കറിയാം. പക്ഷേ അനുഭവിക്കാന്‍ പിന്നീടെനിക്ക് കഴിഞ്ഞിട്ടില്ല. എന്നെങ്കിലും അനുഭവിക്കാനിടയായാല്‍ അത് ഇന്നും തിരിച്ചറിയാന്‍ എനിക്ക് സാധിക്കും.’
‘ആ സന്ധ്യയ്ക്കുശേഷം ആ താടിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷമാണ് അമ്മയില്‍നിന്നും മനസ്സിലായത് അന്ന് കഥ പറഞ്ഞുതന്ന ആ താടിക്കാരന് സാക്ഷാല്‍ ചട്ടമ്പിസ്വാമി തിരുവടികളായിരുന്നുവെന്ന്. അന്ന് എനിക്ക് ലഭിച്ച ആ സൗഭാഗ്യത്തിന്റെ നിസ്സീമതാബോധം എനിക്കുണ്ടായില്ല. അതിനു വളരെയേറെ വര്‍ഷങ്ങള്‍ പിന്നെയും വേണ്ടിവന്നു.’
ചട്ടമ്പിസ്വാമികളുടെ ജീവിതകഥ അനുസന്ധാനം ചെയ്യുമ്പോഴെല്ലാം മനസ്സില്‍ തിങ്ങിനിറയുന്ന അനുഭൂതിയെ വിവരിക്കാന്‍ മറ്റൊരു അനുഭവസാക്ഷ്യത്തിനും പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. കേരളം കണ്ട മഹാമനീഷികളില്‍ സര്‍വ്വജ്ഞനും സദ്ഗുരുവും പരിപൂര്‍ണ്ണകലാനിധിയും മഹാപ്രഭുവുമായി ഒരാളേയുള്ളൂ-പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികള്‍. പരിവ്രാചകവേഷം ധരിക്കാതെ ആദ്ധ്യാത്മികാനുഭൂതികളുടെ പരിമളം പരത്തി ജനങ്ങളുടെ ഇടയില്‍ പെരുമാറിയിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കാരുണ്യമൂര്ത്തിയായിരുന്നു സ്വാമികള്‍.
സര്‍വ്വജ്ഞനായ ചട്ടമ്പിസ്വാമികള്‍ വേദാംഗങ്ങളിലെല്ലാം ഉപസ്ഥിതിനേടിയ ധിഷണാശാലിയായിരുന്നു. ശിക്ഷ, കല്‍പ്പം, നിരുക്തം, വ്യാകരണം, ഛന്ദസ്സ്, ജ്യോതിഷം എന്നിവയാണ് വേദാംഗങ്ങള്‍. വേദാംഗങ്ങളിലെല്ലാം ചട്ടമ്പിസ്വാമികളുടെ ബുദ്ധി പ്രവേശിച്ചിരുന്നതുകൊണ്ടാണ് ശ്രീനാരായണഗുരു സര്വ്വജ്ഞന് എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. വ്യാകരണം, ശിക്ഷാ, നിരുക്തം എന്നീ വേദാംഗങ്ങള്‍ ചട്ടമ്പിസ്വാമികള്‍ക്ക് ഉള്ളംകയ്യിലെ നെല്ലിക്കപോലെയായിരുന്നു. ആദിഭാഷ, കേരളത്തിലെ സ്ഥലനാമങ്ങള്‍, മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍ എന്നീ പ്രബന്ധങ്ങള്‍ ഇതിനു തെളിവാണ്. കേരളത്തിന്റെ സംന്യാസപരമ്പരയില് വൈയാകരണന് എന്ന അഭിധാനത്തിന് അര്‍ഹന്‍ സ്വാമികള്‍ മാത്രമാണ്. വേദമുഖമായ വ്യാകരണത്തില്‍ ഉപസ്ഥിതി നേടിയവരെ ഋഷിയായി വാഴ്ത്തുന്ന പാരമ്പര്യമാണ് ആര്ഷസംസ്കാരത്തിനുള്ളത്. പാണിനി, പതഞ്ജലി, അഗസ്ത്യന്, തൊല്‍കാപ്യര്‍, ഭവനന്ദി തുടങ്ങിയ വൈയാകരണ നിരയിലേക്ക് ഉന്നീതനായ കേരളത്തിലെ ഏക ഋഷീശ്വരനാണ് ചട്ടമ്പിസ്വാമികള്‍. ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും ഒരേ ദിശയില്‍ സഞ്ചരിക്കുന്ന വിഷയങ്ങളായിട്ടാണ് പൂര്‍വ്വകാലത്ത് കരുതിയിരുന്നത്. ഗണിതശാസ്ത്രത്തിലും ജ്യോതിഷത്തിലും സ്വാമിക്ക് അസാധാരണ വൈഭവമുണ്ടായിരുന്നതിന് ജീവചരിത്രങ്ങളില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ഗണിതത്തിലുള്ള വൈദഗ്ദ്ധ്യം കണക്കിലെടുത്ത് സ്വാമികള്‍ക്ക് തിരുവനന്തപുരത്തെ ഹജൂര്‍കച്ചേരിയില്‍ ഗുമസ്തപ്പണി കിട്ടിയത് ഒരു ഉദാഹരണം മാത്രം.
ജ്യോതിഷത്തിലൂടെ മനുഷ്യജീവിതത്തിന്റെ ഭൂതവര്‍ത്തമാനഭാവി കാലങ്ങളിലേക്ക് പ്രവേശിക്കാനും സ്വാമികള്‍ക്ക് കഴിഞ്ഞിരുന്നു. തന്നെക്കാളും എത്രയോ വയസ്സിനിളപ്പമുള്ള കുമ്പളത്തു ശങ്കുപ്പിള്ളയെ ‘കാരവണര്‍’ എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച ഒരു ഗൃഹസ്ഥശിഷ്യനോട് സ്വാമികള്‍ പറഞ്ഞത് ‘ആ ചെറുപ്പക്കാരന് പൂര്‍വ്വ ജന്മത്തില് എന്റെ കാരണവരായിരുന്നു’ എന്നാണ്. ഗ്രഹസ്ഥിതി നോക്കി തന്റെ സമാധി ദിനവും സമയവും അദ്ദേഹം പ്രവചിച്ചിരുന്നുവല്ലോ. ആര്‍ഷജ്ഞാനത്തിന്റെ പരമപദമായ വേദാന്തത്തിലും ദ്രാവിഡാചാര്യന്മാര്‍ പ്രചാരത്തില്‍ വരുത്തിയ സിദ്ധാന്തത്തിലും ഒരുപോലെ വൈദുഷ്യം ആര്‍ജ്ജിച്ച് ജീവന്മുക്തി സുഖമനുഭവിച്ച്, ‘ലീലയാകാലമധികം’ നയിച്ച ചട്ടമ്പിസ്വാമികളെ അറിഞ്ഞ് വിലയിരുത്തിയത് ശ്രീനാരായണഗുരുവാണ്.
സമാധിയായി നൂറുവര്‍ഷം പിന്നിട്ടിട്ടും വേദാംഗങ്ങളിലെല്ലാം നിഷ്ണാതനായിരുന്ന സ്വാമികളുടെ കൃതികളെക്കുറിച്ച് വേണ്ടപോലെ പഠനം നടന്നിട്ടില്ലെന്നതാണ് വസ്തുത. വേദാധികാരനിരൂപണം പോലൊരു ഗ്രന്ഥം ബ്രാഹ്മണമേധാവിത്വം നിലനിന്നിരുന്നകാലത്ത് ഉണ്ടാവുകയെന്നത് തികച്ചും അത്ഭുതമാണ്. ഈ ഗ്രന്ഥം വായിച്ചുകേട്ട നടരാജഗുരു ‘അതിശയം! ഈ വാക്കുകള്‍ എഴുതിയിരിക്കുന്ന കടലാസ്സിന് തീ പിടിക്കാത്തതാണ് അത്ഭുതം’ എന്നാണ് പ്രതികരിച്ചത്. നടരാജഗുരുവിന്റെ വാക്കുകള്‍ക്കപ്പുറം വേദാധികാരനിരൂപണത്തെപ്പറ്റി മറ്റെന്തു പറയാന്‍?
മലയാളരാജ്യത്തിന്റെ പ്രാചീനചരിത്രം തര്ക്കശാസ്ത്രരീത്യാ അപഗ്രഥിച്ചിട്ടുള്ള കൃതിയാണ് ‘പ്രാചീനമലയാളം.’ കേരളം പരശുരാമസൃഷ്ടമാണെന്നും, ഭൂമി മുഴുവന്‍ ബ്രാഹ്മണര്‍ക്ക് പരശുരാമന് മുഖേന അവകാശപ്പെട്ടതുമാണെന്നുമുള്ള വാദത്തെ സപ്രമാണം ഖണ്ഡിക്കുന്ന കൃതിയാണ് ‘പ്രാചീനമലയാളം’. കേരളചരിത്രാന്വേഷികളൊന്നും വേണ്ടത്ര പരിഗണിക്കാതെപോയ ചരിത്രവിഷയങ്ങളാണ് ചട്ടമ്പിസ്വാമികള്‍ പരിശോധിച്ചത്. പ്രാചീനമലയാളവും ഉപരിഗവേഷണത്തിന് വിധേയമാകേണ്ട കൃതിയാണ്. ‘ക്രിസ്തുമതച്ഛേദനം, ക്രിസ്തുമതസാരം, സര്വമതസാരസ്യം’ എന്നീ കൃതികളില്‍ കൈകാര്യം ചെയ്തിട്ടുള്ളത് മതപരമായ വിഷയങ്ങളാണ്. സാധാരണക്കാര്‍ക്കുപോലും വേദാന്തം പഠിക്കാന്‍ പാകത്തില്‍ സ്വാമി രചിച്ച കൃതിയാണ് ‘അദൈ്വതചിന്താപദ്ധതി.’
അപാര ജീവകാരുണ്യം
മനുഷ്യനും മനുഷ്യേതര പ്രാണിവര്ഗ്ഗത്തിനും, ഒന്നുപോലെയുള്ളതാണ് പ്രാണന്. ജന്തുക്കളോട് മനുഷ്യന് അന്പ് കാട്ടണം. ഒരു പ്രാണിയെ വേദനിപ്പിച്ചാല്‍ പ്രപഞ്ചമനസ്സും വേദനിക്കും. ജീവകാരുണ്യം മനുഷ്യന് ശീലിക്കേണ്ട അവശ്യധര്മ്മമാണ്. ചട്ടമ്പിസ്വാമികള്‍ തല്സംബന്ധമായി രചിച്ച കൃതിയാണ് ‘ജീവകാരുണ്യനിരൂപണം.’ ഏകകോശത്തില് തുടങ്ങി ബഹുകോശമായി കാണുന്ന ജീവപ്രപഞ്ചത്തെ ഏകമായി കണ്ട സ്നേഹസ്വരൂപനായിരുന്നു ചട്ടമ്പിസ്വാമികള്‍. സമസ്തജീവജാലങ്ങളേയും സ്നേഹിച്ച കാരുണ്യവാന്. സ്വാമിയുടെ സമാധിക്കുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് 1978-ലാണ് ജീവകാരുണ്യനിരൂപണം ഗ്രന്ഥരൂപത്തില്‍ പ്രകാശനം ചെയ്യപ്പെട്ടത്. ചട്ടമ്പിസ്വാമികളെ അടുത്തറിഞ്ഞ ശ്രീനാരായണഗുരു ‘അനുകമ്പാദശകം’ എഴുതി അന്‍പിനെ വാഴ്ത്തിയതും ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതാണ്.
ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ ക്ഷേത്രപരിസരത്തില്വെച്ചാണ് നാരായണഗുരു, ചട്ടമ്പിസ്വാമികളെ കണ്ടത്. തുടര്‍ന്ന് അഞ്ചുവര്‍ഷക്കാലം അവരിരുവരും സന്തതസഹചാരികളായിരുന്നു. ആ സഞ്ചാരം കൊണ്ട് ഇരുവരുടെയും ചിദാകാശം ദൃശ്യപ്രപഞ്ചത്തിനപ്പുറം വളര്‍ന്നു. അഞ്ചുവര്‍ഷം നീണ്ട ഏകാന്താദ്വയജീവിതത്തിന് വിരാമം വന്നത് അരുവിപ്പുറത്തുവെച്ചാണ്. ശ്രീനാരായണനെ അരുവിപ്പുറത്ത് ഏകാന്തവാസത്തിന് വിട്ടിട്ട് ചട്ടമ്പിസ്വാമികള്‍ മറ്റു ദിക്കുകളിലേക്ക് യാത്രയായി. ഇരുവരുടെയും ജീവിതത്തില്‍ അഞ്ചെന്ന കാലപരിധിക്ക് യാദൃച്ഛികതയുണ്ട്. ചട്ടമ്പിസ്വാമികള്‍ സമാധിയായി അഞ്ചുവര്‍ഷം ചെന്നപ്പോള്‍ ശ്രീനാരായണഗുരുവും സായൂജ്യം പ്രാപിച്ചു.
ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യം പ്രസിദ്ധമാണ്. നിരവധി ഉദാഹരണങ്ങള്‍ ജീവചരിത്രങ്ങളിലുണ്ട്. പശുഹിംസയില് നിന്ന് പുലിയെ പിന്തിരിപ്പിച്ചതും എലികളെ ശാസിച്ചതും സര്പ്പപീഡ ഒഴിവാക്കിയതുമായ കഥകള്‍ പ്രസിദ്ധങ്ങളാണ്.
പ്രകൃതിനിയന്ത്രണശക്തി
പ്രപഞ്ചശക്തിയെപ്പോലും നിയന്ത്രിക്കാനുള്ള സിദ്ധിയും സ്വാമിക്കുണ്ടായിരുന്നു. ആത്മമിത്രമായ പുത്തേഴത്ത് രാമന് മേനോന് അനുസ്മരിച്ചിട്ടുള്ള ഒരു സംഭവം സൂചിപ്പിക്കാം. മേനോന്റെ വൃദ്ധമാതാവ് ആസന്നമൃത്യുവായി കിടക്കുന്ന സന്ദര്‍ഭത്തില്‍ സ്വാമികള്‍ അവിടെയെത്തി. അമ്മയുടെ നെറ്റിയില്‍ സ്പര്‍ശിച്ചുകൊണ്ട് അല്‍പ്പനേരം ധ്യാനനിരതനായി നിന്നിട്ട് സ്വാമികള്‍ വീടുവിട്ടുപോയി. സ്വാമികള്‍ പോയിക്കഴിഞ്ഞ് അല്‍പ്പസമയത്തിനുള്ളില്‍ രാമന്മേനോന്റെ മാതാവ് ഇഹലോകവാസം വെടിഞ്ഞു. മഴക്കാലമായതിനാല്‍ അടച്ചുപിടിച്ച് മഴപെയ്യാന്‍ തുടങ്ങി. ശവസംസ്കാരച്ചടങ്ങുകള്‍ നിര്‍വ്വഹിക്കാന്‍ നിവൃത്തിയില്ലാതായി. അധികം അകലെയല്ലാതെ ഒരു വീട്ടില്‍ സ്വാമികള്‍ ഉണ്ടെന്നറിഞ്ഞ മേനോന് തനിക്കു നേരിട്ട ആപത്ത് സ്വാമികളെ അറിയിച്ച് പരിഹാരം നേടാന്‍ ഒരു സുഹൃത്തിനെ നിയോഗിച്ചു. ഇടതടവില്ലാതെ പെയ്യുന്ന മഴമൂലം സംസ്കാരച്ചടങ്ങുകള്‍ നീണ്ടുപോകുന്നത് അറിഞ്ഞ സ്വാമികള്‍ ‘ചടങ്ങുകള്‍ തുടങ്ങുമ്പോള്‍ മഴമാറിക്കൊള്ളും’ എന്നു കല്പ്പിച്ചു. ചടങ്ങുകള്‍ ആരംഭിച്ച സമയം മഴ മാറിനിന്നു. സംസ്കാരച്ചടങ്ങുകള്‍ തീര്‍ന്ന മുറയ്ക്ക് മഴ പൂര്‍വ്വാധികം ശക്തിയായി പെയ്തു തുടങ്ങി. മഴ പെയ്യിക്കാന്‍ ചില സിദ്ധന്മാര്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ പെയ്യുന്ന മഴയെ നിരോധിച്ചത് സ്വാമികള്‍ മാത്രമാണെന്നാണറിവ്.
അണിയൂര്‍ ക്ഷേത്രത്തില്‍നിന്നും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും വാമനപുരത്തെത്തി കുറച്ചുകാലം താമസിച്ചതിനുശേഷം തെക്കന്‍ ദിക്കുകളിലേക്ക് യാത്ര തുടര്‍ന്നു. മരുത്വാമല അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. അവിടെനിന്നും പോന്ന് നെയ്യാറിന്റെ ഉദ്ഭവസ്ഥാനത്ത് എത്തി. വറ്റിവരണ്ട നെയ്യാര്‍. സ്വാമികളും ഗുരുവുംകൂടി നദിയൊഴുകിയ പാതയിലൂടെ നടന്ന് അരുവിപ്പുറത്തെത്തി. ആ ഭാഗത്തുള്ള പാറക്കെട്ടുകളും കുഴികളും കുറച്ചു ജലം സംഭരിച്ചുവെച്ചിരുന്നു. ഏതാനും ദിവസം ഇരുവരും അവിടെ താമസിച്ചു. കാലവര്‍ഷം എത്തിയിരുന്നില്ലെങ്കിലും സ്വാമികളും നാരായണഗുരുവും കാല്‍നടയായി സഞ്ചരിച്ച നെയ്യാറിന്റെ സഞ്ചാരപഥത്തിലൂടെ നിര്‍ബാധം ജലം ഒഴുകിത്തുടങ്ങിയെന്നതാണ് പിന്നീടുണ്ടായ പ്രതിഭാസം.
ത്രികാലജ്ഞനും പ്രകൃതിയുടെ ശാസിതാവും അന്പിന്ന് ആവാസഭൂമിയും സര്‍വ്വജ്ഞനുമായ ചട്ടമ്പിസ്വാമികള്‍ സമാധിയടഞ്ഞിട്ട് നൂറുവര്‍ഷം ചെന്നു. ആ മഹാനുഭാവന്റെ ചിന്തയും പ്രവൃത്തിയും കാലാതീതമായി അര്‍ത്ഥാന്തരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ജനനമരണങ്ങള്ക്കപ്പുറത്തേക്ക് നീളുന്ന ഒരു ചൈതന്യപ്രവാഹമായി പരിപൂര്‍ണ്ണകലാനിധിയായി സ്വാമികള്‍ കേരളത്തിന്റെ സമൂഹമനസ്സില്‍ നിറവാര്‍ന്നു നില്ക്കുന്നു.
(ഭാരതീയ വിചാര കേന്ദ്രം നെയ്യാറ്റിന്‍കര ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: