Categories: Kerala

ഇരവികുളത്ത് 144 വരയാടിന്‍ കുട്ടികള്‍; ആകെ 827 വരയാടുകളെ കണ്ടെത്തി

Published by

മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തില്‍ നടത്തിയ കണക്കെടുപ്പില്‍ 144 വരയാടിന്‍ കുട്ടികളെ കണ്ടെത്തി. വരയാടുകളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമായ ഇരവികുളം ദേശിയോദ്യാനത്തില്‍ മാത്രം ആകെ 827 വരയാടുകളെ കണ്ടെത്തി.

മൂന്നാര്‍ വന്യജീവി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഇരവികുളം ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം, ഷോല നാഷണല്‍ പാര്‍ക്‌സ് എന്നീ റെയിഞ്ചുകളിലാണ് വരയാടുകളുടെ കണക്കെടുപ്പ് നടന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ 128 കുട്ടികളടക്കം 803 വരയാടുകളെയാണ് കണ്ടെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വരയാടുകളുടെ എണ്ണത്തില്‍ കാണിക്കുന്ന നേരിയ വര്‍ധനവ് ആവാസ വ്യവസ്ഥ സുസ്ഥിരമാണെന്ന സൂചനയാണ് നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

തമിഴ്‌നാട് വനം വകുപ്പുമായി സംയോജിച്ച് ഏകീകൃത രീതിയിലാണ് ഈ വര്‍ഷത്തെ കണക്കെടുപ്പ് നടത്തിയത്. തമിഴ്‌നാട് ഭാഗത്തുള്ള കണക്കെടുപ്പിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞമാസം 29 മുതല്‍ ഈ മാസം 2 വരെയായിരുന്നു വരയാടുകളുടെ കണക്കെടുപ്പ് നടന്നത്. 33 ബ്ലോക്കുകളായി തിരിച്ചായിരുന്നു കണക്കെടുപ്പ്. ഓരോ ബ്ലോക്കിലും മൂന്ന് പേര്‍ വീതമുണ്ടായി. ഇവ പിന്നീട് ക്രോഡീകരിച്ച് ഇരട്ടിപ്പ് ഒഴിവാക്കിയാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by