തിരുവനന്തപുരം: ഗതാഗത വകുപ്പിന്റെ ധാര്‍ഷ്ട്യത്തിലും ഡ്രൈവിങ് സ്കൂളുകാരുടെ പോരിലും കെട്ടിക്കിടക്കുന്നത് ഒമ്പത് ലക്ഷത്തോളം അപേക്ഷകര്‍. വിദേശത്ത് ജോലിക്കായി പോകേണ്ടവരും ലൈസന്‍സ് പുതുക്കി എടുക്കേണ്ടവരുമടക്കം അപേക്ഷകര്‍ ഇതോടെ വെട്ടിലായി.
ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയും സംസ്ഥാനത്ത് ലൈസന്‍സ് ടെസ്റ്റ് നടന്നിട്ടില്ല. പ്രതിഷേധത്തെ തുടര്‍ന്നാണ് ഫെബ്രു. നാലിന് ഇറക്കിയ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി ഈ മാസം നാലിന് പുതിയ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഇതിലും പ്രശ്നങ്ങളുണ്ടെന്നാണ് പരിശീലകരുടെ വാദം. മാനദണ്ഡത്തില്‍ മാറ്റം വരുത്താതെ ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഡ്രൈവിങ് പരിശീലകര്‍. ഗുരുതര പ്രതിസന്ധി ഉടലെടുത്തിട്ടും സംഭവത്തില്‍ ഇടപെടാതെ മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറി.
സര്‍ക്കാര്‍ നിര്‍ദേശം ഇങ്ങനെ
ഗിയറുള്ള ഇരുചക്രവാഹന ലൈസന്‍സിന് കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗിയര്‍ വാഹനം തന്നെ ടെസ്റ്റിന് ഉപയോഗിക്കണം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് വാഹനം ഉപയോഗിക്കരുത്. റോഡ് ടെസ്റ്റ് ഗതാഗതമുള്ള റോഡില്‍ നടത്തണം. ദിനംപ്രതി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഓഫീസ് പരിധിയില്‍ 30 അപേക്ഷകര്‍ക്ക് ടെസ്റ്റ് എന്നത് 40 ആയി ഉയര്‍ത്തി. അതില്‍ 25 എണ്ണം പുതിയ അപേക്ഷകരും 10 റീടെസ്റ്റും അഞ്ചുപേര്‍ വിദേശത്തേക്കോ പഠനാവശ്യത്തിനോ വേണ്ടിയുള്ളവര്ക്കായും നിജപ്പെടുത്തി. ലേണേഴ്സ് ടെസ്റ്റും അതിനനുസരിച്ച് നിജപ്പെടുത്തണം.
റോഡ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് മാത്രം ഗ്രൗണ്ട് ടെസ്റ്റ് നടത്തും. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ഡ്യുവല്‍ ക്ലച്ച് ബ്രേക്ക് സിസ്റ്റം മാറ്റാനും ക്യാമറ, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം എന്നിവ സ്ഥാപിക്കാനും മൂന്നുമാസം സാവകാശം അനുവദിച്ചു. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനം മാറ്റാന്‍ ആറ് മാസവും സാവകാശം നല്കി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കരുത്. പുതിയ രീതിയിലുള്ള ടെസ്റ്റ് ഗ്രൗണ്ട് സജ്ജമാക്കുന്നത് വരെ പഴയ രീതിയില്‍ തുടരണം. കൂടാതെ മോട്ടോര്‍ മെക്കാനിക്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും റഗുലറായി പാസായവര്‍ക്ക് മാത്രമേ ഇന്സ്ട്രക്ടറാകാനാകൂ.
പരിശീലകരുടെ വേവലാതികള്‍
ഒരു മോട്ടോര്‍ വെഹിക്കിള്‍ കേന്ദ്രീകരിച്ച് അമ്പതോളം ഡ്രൈവിങ് സ്കൂളുകളുണ്ടാകും. ശരാശരി 150 ടെസ്റ്റുകള്‍ ദിനംപ്രതി നടന്നിരുന്നത് 40 ടെസ്റ്റായി നിജപ്പെടുത്തുന്നതോടെ പലസ്കൂളുകള്ക്കും അപേക്ഷകരെ പങ്കെടുപ്പിക്കാന്‍ കഴിയാതെ വരും. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ അഡീഷണല്‍ ക്ലച്ചും ബ്രേക്കും മാറ്റണമെന്നത് പ്രായോഗികമല്ല. പകരം ടെസ്റ്റിനായി മോട്ടോര്‍വാഹന വകുപ്പ് തന്നെ വാഹനം നല്‍കണം. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ മാറ്റണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ല. 22 വര്‍ഷം പഴക്കമുള്ള കെഎസ്ആര്‍ടിസി ഇപ്പോഴും റോഡില്‍ ഓടുന്നുണ്ട്. 86 ലൈസന്‍സ് ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ ഒന്നില്‍ പോലും പുതിയ രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റിന് സംവിധാനം ഒരുക്കിയിട്ടില്ല. ഇപ്പോള്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ നല്ലൊരു ശതമാനവും ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളാണ്. അതിനാല്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ടെസ്റ്റിന് ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ പാടില്ലെന്ന നിര്‍ദേശം വിഢ്ഢിത്തമാണ്. ഗിയര്‍ ലൈസന്‍സ് വേണ്ടാത്തവര്‍ക്ക് അതിനുള്ള സംവിധാനം വേണം.
പാര്‍ക്കിങ് അടക്കമുള്ള വിഷയങ്ങള്‍ പഠിച്ചുവേണം റോഡിലേക്ക് വാഹനം ഇറക്കാന്‍ എന്നതിനാലാണ് പുതിയ രീതിയിലെ ടെസ്റ്റെന്നാണ് ഗതാഗത മന്ത്രി ഗണേഷ്കുമാറിന്റെ നിലപാട്. എന്നാല്‍ അതിനുള്ള അടിസ്ഥാന സൗകര്യം ഒരു ടെസ്റ്റിങ് കേന്ദ്രത്തില്‍ പോലും ഒരുക്കാതെയാണ് സര്‍ക്കുലര്‍ ഇറക്കിയത്. സര്‍ക്കാര്‍ അധീനതയിലുള്ള പത്തിടത്തു പോലും സജ്ജീകരിച്ചിട്ടില്ല. മാത്രമല്ല, ടെസ്റ്റ് 40 ആയി നിജപ്പെടുത്തുന്നത് ലൈസന്‍സിനായി വര്ഷങ്ങളോളമുള്ള കാത്തിരിപ്പിനും കാരണമാകും. നിലവില്‍ പ്രിന്റിങിന് കുടിശിക വരുത്തിയതിനാല്‍ ലൈസന്‍സ്, ആര്‍സി ബുക്ക് വിതരണം തന്നെ നിലച്ചിരിക്കുകയാണ്. അതിന് പിന്നാലെയാണ് ടെസ്റ്റുകള്‍ കൂടി മുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: