മുംബൈ: ടൈറ്റന് കമ്പനിയുടെ ഓഹരി വിലയില്‍ കനത്ത ഇടിവ് നേരിട്ടതോടെ രേഖ ജുന്‍ജുന്‍വാലക്ക് 800 കോടി രൂപയിലേറെ നഷ്ടം. അന്തരിച്ച പ്രമുഖ ഓഹരി നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ ഭാര്യയാണ് രേഖ.
ടാറ്റ ഗ്രൂപ്പിലെ പ്രമുഖ കമ്പനിയായ ടൈറ്റനില്‍ ജുന്‍ജുന്‍വാലയ്ക്ക് കാര്യമായ ഓഹരി നിക്ഷേപമുണ്ട്. 2024 മാര്‍ച്ച് 31ലെ കണക്കുപ്രകാരം 5.35 ശതമാനം ഓഹരികള്‍. വെള്ളിയാഴ്ചയിലെ ക്ലോസിങ് നിലവാര പ്രകാരം ഇതിന്റെ മൂല്യം 16,792 കോടി രൂപയാണ്.
മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതാണ് കമ്പനിക്ക് തിരിച്ചടിയായത്. തിങ്കളാഴ്ച ഓഹരി വില ഏഴ് ശതമാനം ഇടിവ് നേരിട്ടു. 3,281.65 രൂപയിലായിരുന്നു ക്ലോസിങ്. അതോടെ കമ്പനിയുടെ വിപണി മൂല്യം മൂന്ന് ലക്ഷം കോടി രൂപയില്‍നിന്ന് 2,91,340.35 കോടിയായി കുറയുകയും ചെയ്തു.
3,245 രൂപ നിലവാരത്തില്‍ ചൊവാഴ്ചയും നഷ്ടത്തിലാണ് ഓഹരിയില്‍ വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 3,886.95 രൂപയായിരുന്നു. മാര്‍ച്ച് പാദത്തില്‍ കമ്പനി 771 കോടി രൂപയാണ് അറ്റാദായം നേടിയത്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 736 കോടിയേക്കാള്‍ അഞ്ച് ശതമാനം കൂടുതലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: