സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ക്രാഫ്റ്റ് ക്ലാസില്‍ സൂചി കൊണ്ടുവരാന്‍ മറന്നുപോയതിനാണ് അധ്യാപിക അഞ്ചാം ക്ലാസുകാരനെ കൈവെള്ളയില്‍ അടിച്ചത്. സ്കൂള്‍ കാലത്തെ ആ അനുഭവം ഒരിക്കലും മറക്കാനാവില്ലെന്ന് കാഠ്മണ്ഡുവില്‍ നേപ്പാള്‍ സുപ്രീം കോടതി നടത്തിയ സിമ്പോസിയത്തില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. കൈയിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം വീട്ടുകാരില്‍ നിന്ന് മറച്ചുവയ്ക്കുകയും പിന്നീട് അത് മാഞ്ഞുപോവുകയും ചെയ്തു. എന്നാല്‍ ഹൃദയത്തില്‍ ഏറ്റ പാട് അതേ പോലെ ശേഷിക്കുന്നതായി അദ്ദേഹം പറയുന്നു. ഇപ്പോഴും ജോലി ചെയ്യുമ്പോള്‍ ആ സംഭവം ഓര്‍മ്മ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകര്‍ കുട്ടികള്‍ക്ക് നല്കുന്ന ശിക്ഷകള്ക്കെതിരായ മുന്നറിയിപ്പു കൂടിയായിരുന്നു ഈ ഓര്‍മ്മ പങ്കുവെക്കല്‍.
സൈബറിടങ്ങളില്‍ അടക്കം കുട്ടികളെ തല്ലാമോ എന്ന ചോദ്യം വീണ്ടും ഉയര്‍ത്താന്‍ ഈ പ്രസംഗം ഇടയാക്കി. അധ്യാപകര്‍ കുട്ടികള്‍ക്ക് ശിക്ഷ നല്കുകയല്ല ശിക്ഷണം നല്‍കുകയാണ് വേണ്ടതെന്ന അഭിപ്രായവുമായി ഒട്ടേറെ പേര് രംഗത്ത് വന്നു. ബാലനീതി നിയമം സര്‍വ്വാത്മനാ പാലിക്കാന്‍ അധ്യാപകര്‍ പ്രതിജ്ഞാബദ്ധരായിരിക്കണം എന്നും പലരും ഓര്‍മ്മിപ്പിക്കുന്നു. സ്കൂള്‍ കാലഘട്ടങ്ങളില്‍ കുഞ്ഞു മനസ്സില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ കാലങ്ങളെക്കുമെന്ന അഭിപ്രായം ഭൂരിപക്ഷം പേരും ആവര്‍ത്തിച്ചു.
എന്നാല്‍ മാറിയ സാഹചര്യത്തില്‍ ശിക്ഷ അനിവാര്യമായി വന്നുവെന്ന് ചൂണ്ടിക്കാട്ടിയവരും കുറവല്ല. തെറ്റുകള്‍ക്ക് ശിക്ഷ ലഭിക്കാതിരുന്നാല്‍ കുട്ടികള്‍ വഴിതെറ്റിപ്പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിനെ പിന്തുണച്ച് ചിലര്‍ പറഞ്ഞുവയ്ക്കുന്നു. ചെറുപ്പത്തിലെ ചെയ്യുന്ന തെറ്റുകള്‍ക്ക് ചെറിയ ശിക്ഷകള്‍ നല്കി തിരുത്തുന്നത് ഗുണം ചെയ്യും. പലരും ആലങ്കാരികമായി പറയുന്നതുപോലെ സ്നേഹം കൊണ്ട് മാത്രം ഇക്കാലത്ത് കുട്ടികളെ നിയന്ത്രിക്കാനാവില്ലെന്നും അതിനു വലിയ പരിമിതിയുണ്ടെന്നും അഭിപ്രായമുയര്‍ന്നു. ആരെയും ഭയമില്ലാതെ വളരുന്ന പുതിയ തലമുറ പില്ക്കാലത്ത് വലിയ സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ചെറിയ ശിക്ഷകള്‍ ഏറ്റു നിരന്തരം തിരുത്തപ്പെട്ട് വളര്‍ന്നുവരുന്ന കുട്ടികള്‍ വലിയ കുറ്റവാളികള്‍ ആകാതിരിക്കാനും കോടതിയുടെ ജോലി ഭാരം കുറയ്ക്കാനും പ്രയോജനപ്പെടുമെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
അന്നുകിട്ടിയ അടിയുടെ ഫലമായിട്ടാകാം ചന്ദ്രചൂഢ് തെറ്റുകളില്‍ നിന്ന് അകന്ന് നേര്‍വഴിക്ക് വളര്‍ന്നുവന്നതും ഇപ്പോള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെ ആയതും എന്നും അഭിപ്രായമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: