Categories: Kerala

കൊച്ചി ഹാര്‍ബര്‍ പാലം 80ന്റെ നിറവില്‍

Published by

കൊച്ചിയുടെ മുഖമുദ്രകളിലൊന്നായ കൊച്ചി ഹാര്‍ബര്‍ പാലത്തിന് സേവനത്തിന്റെ 80 വയസ്സ്. കൊച്ചി തുറമുഖ നഗരിയെയും കൊച്ചി പൈതൃകനഗരിയെയും ബന്ധിപ്പിക്കുന്ന പുരാതന പാലമാണിത്.

1940ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി 1943 ഏപ്രില്‍ 13 ന് കമ്മീഷന്‍ ചെയ്ത ഹാര്‍ബര്‍ (തോപ്പുംപടി) പാലം 55 വര്‍ഷകാലം ദേശീയപാതയുടെ ഭാഗമായിരുന്നു. തുറമുഖ ശില്പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ പാശ്ചാത്ത്യ വൈദഗ്ധ്യ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ച ഹാര്‍ബര്‍ പാലത്തിന് സവിശേഷതകളെറെയാണ്.

കൊച്ചി കായലിന് കുറുകെ പാലമെത്തുന്നതോടെ തിരുവിതാംകൂറിലേക്കുള്ള ചരക്ക് കപ്പല്‍ നീക്കത്തിന് തടസ്സമുണ്ടാകുമെന്നായതോടെ പാലത്തിന് മധ്യഭാഗത്ത് ഇരുമ്പ് ദണ്ഡുകളില്‍ പലകകള്‍ കൊണ്ട് ലിഫ്റ്റ് സൃഷ്ടിച്ച് കപ്പല്‍ കടന്നുപോകാന്‍ സൗകര്യമൊരുക്കിയ സാങ്കേതികവിദ്യ ഇന്നും ഹാര്‍ബര്‍ പാലത്തിന്റെ മാത്രം സവിശേഷതയാണ്.

1968 വരെ ചെറു കപ്പല്‍യാത്രകള്‍ക്കായി ഈ ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. ഒരു കിലോമീറ്റര്‍ നീളമുള്ള പാലം 16 സ്പാനുകളുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പാലത്തിന്റെ മുകള്‍ തട്ടുകള്‍ സ്പാനുകളില്‍ സ്ഥാപിച്ചിരിക്കുന്നത് സ്പ്രിങ്ങ് സംവിധാനത്തിലാണ്.

ഇന്ത്യയിലാദ്യമായി ഈ സാങ്കേതികവിദ്യ പ്രയോഗിച്ചത് ഹാര്‍ബര്‍ പാലത്തിലാണ്. ഇതിലുടെ 75 ടണ്‍ ഭാരമുള്ള വാഹനങ്ങള്‍ സഞ്ചരിച്ചാലും പാലത്തിന് ബലക്ഷയമുണ്ടാകില്ലെന്നാണ് പറയുന്നത്. തുറമുഖ നഗരിയിലെത്തുന്ന നാവിക സേനയ്‌ക്കുള്ള ആയുധ വാഹന യാത്രയ്‌ക്ക് സൗകര്യമൊരുക്കുന്നതിനായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്.

1988 ല്‍ പാലത്തിന് ബലക്ഷയമെന്ന തുറമുഖ അധികൃതരുടെ പ്രഖ്യാപനത്തോടെ പുതിയ പാലത്തിനുള്ള വശ്യമുയര്‍ന്നു. 1998 ല്‍ സംസ്ഥാനത്തെ ആദ്യ ബിഒടി പാലം തുറന്നതോടെ
ഹാര്‍ബര്‍പാലം അടച്ചു പൂട്ടി. കൊച്ചി തുറമുഖ ട്രസ്റ്റിന് കീഴിലുള്ള ഹാര്‍ബര്‍പാലം 2008ല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറി. തുടര്‍ന്ന് ജനകീയ
പ്രക്ഷോഭ ഫലമായി 2015ല്‍ മേല്‍ത്തട്ട് റോഡ് നവീകരിച്ച് ഇരുചക്രവാഹനങ്ങള്‍ ക്കായി തുറന്ന് നല്കുകയും ചെയ്തു. വാരകള്‍ക്കകലെയുള്ള വെണ്ടുരുത്തി പാലത്തില്‍ നിന്നു സംരക്ഷണ മുറവിളികളുയരുമ്പോള്‍ ഹാര്‍ബര്‍പാലം 80 വര്‍ഷം പിന്നിടുകയാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by